അവര്‍ക്കൊപ്പം റൂം ഷെയര്‍ ചെയ്തത് വഴിത്തിരിവായി, തകര്‍പ്പന്‍ മെയ്ക്ക് ഓവറിനെ കുറിച്ച് സിറാജ്

Image 3
CricketIPL

ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനായി തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം കാഴ്ച്ചവെക്കുന്ന താരമാണ് മുഹമ്മദ് സിറാജ്. ആറ് മത്സരത്തില്‍ അഞ്ചിലും ജയിച്ച ബംഗളൂരുവിനെ പലപ്പോഴും വിജയവഴിയിലെത്തിച്ചത് സിറാജിന്റെ ഡെത്ത് ഓവറുകളിലെ പ്രകടനമായിരുന്നു.

കഴിഞ്ഞ സീസണ്‍ വരെ ചെണ്ടയെന്ന് വിളിപ്പേരുമായി ഏറെ വിമര്‍ശനം കേട്ട താരത്തിന്റെ അമ്പരപ്പിക്കുന്ന മെയ്ക്ക് ഓവര്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു. ഇപ്പോഴതാ തന്റെ മാറ്റത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിറാജ് തന്നെ.

‘ തീര്‍ച്ചയായും എന്റെ ആത്മവിശ്വാസം വളരെ കൂടുതലാണ്. ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചതിനാല്‍ എന്റെ ലൈനും ലെങ്തും മെച്ചപ്പെട്ടു. ഇപ്പോള്‍ ന്യൂ ബോളില്‍ ടെസ്റ്റ് മത്സരങ്ങളിലെ ലൈനിലും ലെങ്തിനുമാണ് ഞാന്‍ പന്തെറിയുന്നത്. ഇതെനിക്ക് ആത്മവിശ്വാസം നല്‍കുന്നു. ഈ കഴിവ് എനിക്ക് മുന്‍പുണ്ടായിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ എക്‌സ്പീരിയന്‍സ് ലഭിച്ചത് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചതിനാലാണ്. ഇഷാന്ത് ശര്‍മ്മയില്‍ നിന്നും ജസ്പ്രീത് ബുംറയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. അവര്‍ക്കൊപ്പം ഡ്രസിങ് റൂം ഷെയര്‍ ചെയ്ത് എന്റെ ആത്മവിശ്വാസവും വര്‍ധിപ്പിച്ചു. ‘ മുഹമ്മദ് സിറാജ് പറഞ്ഞു.

‘എനിക്ക് നന്നായി യോര്‍ക്കര്‍ എറിയാന്‍ സാധിക്കുന്നുണ്ട്, അതുകൊണ്ട് തന്നെ ഇത്തരം സാഹചര്യങ്ങളില്‍ എന്നെ കൊണ്ട് നന്നായി ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളെ ഞാന്‍ കൂടുതലായി പിന്തുണയ്ക്കുന്നു. എന്റെ യോര്‍ക്കറുകളില്‍ എനിക്ക് വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ അത് ശരിയായി എറിയാനാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധനല്‍കുന്നത്. അവസാന ഓവറില്‍ 14 റണ്‍സ് പ്രതിരോധിച്ച് വിജയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. എന്റെ യോര്‍ക്കറുകള്‍ ശരിയായി എറിയാന്‍ മാത്രമാണ് ഞാന്‍ ശ്രദ്ധിച്ചത്. ക്രീസില്‍ പന്തും ഹെറ്റ്മയറും ഉണ്ടായിരുന്നു. ഞാന്‍ നന്നായി ബൗള്‍ ചെയ്ത ശേഷവും അവര്‍ മികച്ച ഷോട്ട് കളിച്ചാലും എനിക്ക് നിരാശയുണ്ടാകില്ല. കാരണം പദ്ധതികള്‍ നടപ്പിലാക്കുക മാത്രമാണ് എന്റെ ലക്ഷ്യം. ‘ സിറാജ് കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലിലെ ആറ് മത്സരങ്ങളില്‍ നിന്നും 6 വിക്കറ്റ് നേടിയ സിറാജാണ് ഈ സീസണില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഡോട്ട് ബോളുകള്‍ എറിഞ്ഞിട്ടുള്ള താരം. 67 ഡോട്ട് ബോളുകള്‍ 6 മത്സരത്തില്‍ സിറാജ് എറിഞ്ഞുകഴിഞ്ഞു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലും തകര്‍പ്പന്‍ പ്രകടനമായിരുന്നു സിറാജ് കാഴ്ച്ചവെച്ചത്. അവസാന ഓവറില്‍ 14 റണ്‍സ് വേണമെന്നിരിക്കെ പന്തെറിയാനെത്തിയ സിറാജ് 12 റണ്‍സ് മാത്രം വഴങ്ങി ടീമിനെ ഒരു റണ്ണിന്റെ വിജയം നേടികൊടുത്തിരുന്നു.