ഞാനടിച്ച റണ്‍സുകളാണ് ഇന്ത്യയെ ജയിപ്പിച്ചത്, ഇത് കഠിനാധ്വാനത്തിന്റെ ഫലം, തുറന്ന് പറഞ്ഞ് സിറാജ്

Image 3
CricketFeaturedWorldcup

ടി20 ലോകകപ്പില്‍ ലോ സ്‌കോര്‍ ത്രില്ലറിന് ഒടുവിലാണ് ഇന്ത്യ പാകിസ്ഥാനെ മറികടന്നത്. ആറ് റണ്‍സിനാണ് പാകിസ്ഥാനെതിരെ ഇന്ത്യയുടെ വിജയം. ഇപ്പോഴിതാ പാകിസ്ഥാനെതിരെ മിന്നുന്ന വിജയത്തില്‍ ബാറ്റ് കൊണ്ട് നിര്‍ണ്ണായക സംഭാവന നല്‍കാന്‍ സാധിച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്.

താന്‍ എടുത്ത ഏഴ് റണ്‍സ് ഇന്ത്യ-പാകിസ്ഥാന്‍ ഫലത്തില്‍ നിര്‍ണായകം ആയതില്‍ സന്തോഷം ഉണ്ടെന്ന് മുഹമ്മദ് സിറാജ് പറയുന്നു.
11-ാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ സിറാജ്, ഏഴ് പന്തില്‍ മൂന്ന് ഡബിളും ശേഷമൊരു സിംഗിളും താരം നേടി.

”ഞാന്‍ നെറ്റ്‌സില്‍ ബാറ്റ് ചെയ്യാനായി ഒരുപാട് പരിശീലിച്ചിട്ടുണ്ട്, ഐപിഎല്ലില്‍ പോലും, ഞാന്‍ വളരെയധികം പരിശീലിച്ചു, കാരണം ടെയ്ലെന്‍ഡര്‍മാരുടെ സ്‌കോര്‍ മത്സരാവസാനം വളരെ നിര്‍ണായകമാണ്’ സിറാജ് പറഞ്ഞു.

‘അവസാനം, എന്റെ ഏഴ് റണ്‍സ് എത്ര പ്രധാനമാണെന്ന് വ്യക്തമായി. ആ ഏഴ് റണ്‍സിലും വിജയത്തിലും ഞാന്‍ വളരെ സന്തുഷ്ടനാണ്’ സിറാജ് കൂട്ടിച്ചേര്‍ത്തു.

ഇതേ വീഡിയോയില്‍ യുസ്വേന്ദ്ര ചാഹലും ഋഷഭ് പന്തിനോട് സംസാരിക്കുന്നുണ്ട്. പന്ത് പാകിസ്ഥാനെതിരെ 31 പന്തില്‍ നിര്‍ണ്ണായകമായ 42 റണ്‍സെടുത്തിരുന്നു. മത്സരത്തില്‍ പന്തെടുത്ത പ്രിയപ്പെട്ട ക്യാച്ച് ഏതെന്നാണ്് ചഹലിന് അറിയേണ്ടിയിരുന്നത്.

‘എല്ലാ ക്യാച്ചുകളും പ്രിയപ്പെട്ടതാണ്, കാരണം നിങ്ങള്‍ വളരെക്കാലത്തിന് ശേഷം കളിക്കാന്‍ വരുമ്പോള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും. സിറാജും നന്നായി ഫീല്‍ഡ് ചെയ്തു, അതിനാല്‍ അദ്ദേഹവും പ്രശംസ അര്‍ഹിക്കുന്നു’ പന്ത് പറഞ്ഞു.