അയാള്‍ എങ്ങനെയാവും ഈ വേദന താങ്ങുക, വര്‍ഗീയ വിഷങ്ങളുടെ കൂടാണ് സര്‍ ഇന്ന് നമ്മുടെ ഇന്ത്യ

ജിതിന്‍ ജോര്‍ജ്

ഷാരൂഖ് ഖാന്‍ എന്ന കിംഗ് ഖാന്‍ എന്ന പേര് കേള്‍ക്കാത്ത ആരും തന്നെ ഉണ്ടാവില്ല…

ഇന്ത്യക്കകത്തും ഇന്ത്യക്ക് പുറത്തും ഏറ്റവുമധികം സെലിബ്രെറ്റ് ചെയ്യപ്പെട്ട, ഇന്ത്യക്ക് പുറത്ത് ഇന്ത്യയുടെ മുഖം തന്നെയായി മാറിയ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍. ഭാരതത്തിന്റെ ഒരു അഭിമാന സ്തംഭം തന്നെയാണ് ഷാരൂഖ്…

ആ പുള്ളിയെ ഒരു ഉളുപ്പും ഇല്ലാതെ ‘പേര്’ നോക്കി പാകിസ്ഥാന്‍ ചാരനെന്നു മുദ്ര കുത്തിയ വര്‍ഗീയ വിഷങ്ങളുടെ കൂടാണ് സര്‍ ഇന്ന് നമ്മുടെ ഇന്ത്യ…

ആ ഇന്ത്യയില്‍ പാകിസ്താനുമായുള്ള ഒരു കായികവിനോദം ഒരു യുദ്ധമായി മാറിയെന്നതില്‍ ഇനി അത്ഭുതപ്പെടേണ്ട കാര്യമില്ല…
കായിക വിനോദം എന്നതില്‍ തന്നെയുണ്ട് അതിന്റെ അന്തസത്ത.. ഇതൊരു വിനോദ പരിപാടി മാത്രമാണ്… അല്ലാതെ അതിര്‍ത്തി നിര്‍ണയിക്കുന്ന പുതിയ കരാര്‍ ഉണ്ടാക്കുകയോ പരസ്പരം വെടി വെച്ചു ചാവുകയോ അല്ല…

എന്റെ ഒക്കെ ചെറുപ്പത്തില്‍ അക്തറും അക്രവും ഇന്‍സമാമും യൂനുസ് ഖാനും അടങ്ങുന്ന പാക് കളിക്കാര്‍ക്ക് വലിയ ഫാന്‍ ബേസ് തന്നെ ഉണ്ടായിരുന്നു.. അന്ന് അതൊന്നും രാജ്യദ്രോഹം ആയിരുന്നില്ല…

ഇന്ന് കാലം മാറി, ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞ്, ഇന്ത്യക്കായി പോരാടുന്ന കളിക്കാരില്‍ വരെ മുസ്ലിം പേരുള്ളവനെ രാജ്യദ്രോഹി ആക്കുന്ന നിലയിലായി വര്‍ഗീയ കോമരങ്ങളുടെ പേക്കൂത്ത്…

ഇന്നലത്തെ ഇര മുഹമ്മദ് ഷമി ആണ്.. തോറ്റ ഇന്ത്യന്‍ ടീമില്‍ മുസ്ലിം പേരുള്ളത് അയാള്‍ക്ക് മാത്രമായിരുന്നു… അപരവിദ്വേഷം പ്രചരിപ്പിക്കാന്‍ ടീമില്‍ ആകെ ഉള്ള മുസ്ലിം നാമധാരി… സനാതന ധര്‍മ്മ സംസ്ഥാപകര്‍ അയാളെ വെറുതെ വിട്ടില്ല, പാകിസ്ഥാന്‍ ചാരനായി ഇന്നലെ ഒറ്റ രാത്രി കൊണ്ട് ഷമി…

മിനിഞ്ഞാന്ന് വരെ ഓരോ നേട്ടത്തിലും ഭാരതീയന്‍ എന്ന നിലയില്‍ സന്തോഷിച്ചിരുന്ന അദ്ദേഹം ഇന്നലെ മുതല്‍ പാകിസ്ഥാനി ആയി…
രാജ്യദ്രോഹി ആയി… നോക്കൂ, അയാള്‍ എങ്ങനെയാവും ഈ വേദന താങ്ങുക…

പേരും ജനിച്ച മതവും ജന്മനാട്ടില്‍ നിന്നും തനിക്ക് അവഗണനയും വേദനയും രാജ്യദ്രോഹി പട്ടവുമാണ് തരുന്നതെന്ന തിരിച്ചറിവ് അയാളെ ഇല്ലാതാക്കി കളയുകയല്ലേ…

താന്‍ കൂടെ നേടിയെടുത്ത നേട്ടങ്ങളില്‍ തനിക്ക് കാഴ്ചക്കാരന്റെ റോള്‍ പോലും അല്ല ഈ ‘മതനിരപേക്ഷ’ രാജ്യം നല്‍കിയിരുന്നത് എന്ന ബോധ്യം ഒരുപക്ഷേ എന്നെന്നേക്കുമായി അയാളെ തളര്‍ത്തിയേക്കാം… പക്ഷെ ഞങ്ങള്‍ക്കറിയാം ഷമി, നിങ്ങള്‍ കളിക്കളത്തില്‍ വലിയ പ്രതിസന്ധികള്‍ നേരിട്ട് വിജയം കണ്ടവനാണ്…

നിങ്ങള്‍ക്ക് ഈ വര്‍ഗീയ വിഷങ്ങളുടെ സ്റ്റാമ്പ് അടിക്കലിനെയും പോരാട്ടവീര്യം കൊണ്ട് തകര്‍ക്കാനാവുമെന്ന്… കളിക്കളത്തില്‍ കാണിച്ച ആ വീര്യം കൊണ്ട് കളത്തിന് പുറത്തും വിജയിക്കാന്‍ നിങ്ങള്‍ക്കാവട്ടെ… മതതീവ്രവാദത്തിന്റെ തിമിരം ബാധിക്കാത്ത കണ്ണുകള്‍ കൊണ്ട് നിങ്ങളെയും മനുഷ്യരെയും കാണുന്ന, വേര്‍തിരിവുകള്‍ ഇല്ലാതെ നിങ്ങളെ സ്‌നേഹിക്കുന്നവര്‍ ഇവിടെ ബാക്കിയുണ്ട്.. അവര്‍ നിങ്ങള്‍ക്കൊപ്പമുണ്ട്, ഏത് കെട്ടകാലത്തും..

പോരാടുക…

നബി : പേര് നോക്കി അപ്പൊ തന്നെ രാജ്യദ്രോഹി പട്ടം അടിച്ചു കൊടുക്കുന്ന തീവ്രവാദികളെ… മലയാളത്തില്‍ പറഞ്ഞാല്‍ നിങ്ങളീ ചെയ്യുന്ന പണിയാണ് മതതീവ്രവാദം… അപര വിദ്വേഷം പടര്‍ത്തി സമൂഹത്തില്‍ അപകടം വിതക്കുന്ന, കുത്തിതിരുപ്പുകള്‍ സൃഷ്ടിക്കുന്ന നിങ്ങളാണ് ഈ രാജ്യത്തിന് യഥാര്‍ത്ഥ തടസവും ഭീഷണിയും…

നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ സവിശേഷത ഇന്ന് ഓര്‍ക്കാന്‍ സുഖമുള്ള ഒരു പഴങ്കഥ മാത്രമായി മാറിക്കഴിഞ്ഞു…
ഇന്നിന്റെ യാഥാര്‍ഥ്യം മതതീവ്രവാദത്തിന്റെ, കടുത്ത വര്‍ഗീയ വിദ്വേഷത്തിന്റെ, പരസ്പരമുള്ള വെറുപ്പിന്റെ ആകെത്തുകയാണ്..

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

 

You Might Also Like