ആരാധകരെ ശാന്തരാകൂ.. അങ്ങനെയെങ്കില്‍ ലോകകപ്പ് ടീമില്‍ അവനുണ്ടാകുമെന്ന് സെലക്ഷന്‍ കമ്മിറ്റി

ഏഷ്യ കപ്പിനുളള ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്താത്തിനെതിരെ വ്യാപക വിമര്‍ശനമാണല്ലോ ക്രിക്കറ്റ് ലോകത്ത് നിന്നും ഉയരുന്നത്. പ്രധാന പേസറായ ജസ്പ്രിത് ഭുംറയ്ക്ക് പരിക്ക് പറ്റിയ പശ്ചാത്തലത്തില്‍ ഷമി ടീമിലേക്ക് പരിഗണിക്കാത്തതില്‍ ഒരു ന്യായവുമില്ലെന്നാണ് മുന്‍ താരങ്ങളും ആരാധകരും ഒറ്റ സ്വരത്തില്‍ പറയുന്നത്.

ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളില്‍ ഒരാള്‍. ഭുംറയ്ക്ക് പുറമെ ഹര്‍ഷല്‍ പട്ടേലിനും പരിക്കേറ്റ സാഹചര്യത്തില്‍ ഷമിയെ ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചേക്കുമെന്നാണ് ഇദ്ദേഹം വിശദീകരിക്കുന്നത്.

‘ഷമിയുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ടി20 ഫോര്‍മാറ്റില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. ഇന്ത്യയുടെ പ്രധാന പേസര്‍മാരില്‍ ഒരാളാണ് ഷമി. ഷമിക്ക് ഓസ്‌ട്രേലിയയിലെ സാഹചര്യം നന്നായി അറിയാം. രണ്ട് പ്രധാന താരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയാണെങ്കില്‍ ഷമിയെ പോലെ വിശ്വസ്ഥനായ ഒരാളെ ഓസ്ട്രേലിയയിലേക്ക് അയക്കും. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമയമെടുക്കും’ അദ്ദേഹം വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നേടിയപ്പോള്‍ ഷമി നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു. 16 മത്സരത്തില്‍ നിന്ന് 20 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഇതിന് പിന്നാലെയാണ് ഏഷ്യ കപ്പില്‍ ഷമി തഴഞ്ഞ് ടീം തെരഞ്ഞെടുത്തത്. ഷമിയുടെ അസാനിദ്ധ്യത്തില്‍ ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യയുടെ പേസ് ഡിപ്പാര്‍ട്ട്‌മെന്റ് നയിക്കുന്നത്. ഏറെ പുതുമുഖങ്ങളായ അര്‍ഷദീപ് സിംഗും ആവേശ് ഖാനുമാണ് ടീമിലെ മറ്റ് രണ്ട് പേസര്‍മാര്‍.

You Might Also Like