വംശീയവാദികളെ ഇംഗ്ലണ്ട് നേരിട്ടത് അങ്ങനെയായിരുന്നു. പക്ഷേ ഇന്ത്യയില്‍ അതൊന്നും പ്രതീക്ഷിക്കരുത്

Image 3
CricketWorldcup

ജംഷീദ് പള്ളിപ്രം

‘ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തില്‍ ഇന്ത്യ പരാജയത്തിലേക്ക് നീങ്ങുമ്പോള്‍ തന്നെ ഊഹിച്ചതാണ് മുഹമ്മദ് ഷമിയുടെ കാര്യം. ഇന്ത്യന്‍ ടീമില്‍ ആകെയുള്ള ഒരു മുസ്ലിം മുഹമ്മദ് ഷമി മാത്രമാണ്. പാക്കിസ്ഥാന്‍ ജയിച്ച ഉടനെ ട്വിറ്റര്‍ തുറന്നു നോക്കി.

സംശയം തെറ്റിയില്ല.പാക്കിസ്ഥാന്‍ ചാരന്‍,തീവ്രവാദി തുടങ്ങി സംഘപരിവാര്‍ നേതൃത്വത്തില്‍ വംശീയ അക്രമണം തുടങ്ങി കഴിഞ്ഞിരുന്നു.

നിമിഷ നേരങ്ങള്‍ കൊണ്ട് സൈബര്‍ അക്രമത്തിന്റെ മൂര്‍ച്ചയും കൂടി. മുഹമ്മദ് ഷമി എന്ന ഒരൊറ്റ പേരില്‍ നിന്നുകൊണ്ടാണ് ഇന്ത്യക്കേറ്റ പരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും.

കഴിഞ്ഞ യൂറോ കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ഇംഗ്ലണ്ടിന്റെ ഇറ്റലി മത്സരം പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി. പെനാള്‍ട്ടി കിക്ക് എടുത്ത റാഷ്‌ഫോര്‍ഡ്,സാഞ്ചോ,സാക്ക എന്നിവരുടെ ഷോട്ട് ലക്ഷ്യത്തില്‍ എത്തിയിരുന്നില്ല.മൂന്ന് പേരും കറുത്ത വംശജരായിരുന്നു.

മത്സര ശേഷം ഇംഗ്ലണ്ടിലെ ഒരു കൂട്ടം വംശീയവാദികള്‍ മൂന്ന് പേര്‍ക്കെതിരെയും സൈബര്‍ അക്രമണം നടത്തി.സംഭവം വാര്‍ത്തയായ ഉടനെ ഇംഗ്ലണ്ട് ക്യാപ്റ്റനും ടീമും മൂന്ന് താരങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അവരെ പിന്തുണച്ച് ആയിരങ്ങള്‍ പൂക്കളുമായി തെരുവിലിറങ്ങി.

വംശീയവാദികളെ ഇംഗ്ലണ്ട് എന്ന രാജ്യം നേരിട്ടത് അങ്ങനെയായിരുന്നു. പക്ഷേ ഇന്ത്യയില്‍ അത്രയൊന്നും പ്രതീക്ഷിക്കരുത്. സഹതാരം വംശീയ അക്രമണം നേരിട്ടാലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമോ ടീമില്‍ നിന്നൊരാളോ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി വരില്ല. കാരണം മുഹമ്മദ് ഷമി മുസ്ലിമാണ്.

ബംഗ്ലാദേശ് ക്രിക്കറ്റ് ടീമില്‍ ആകെയുള്ള ഒരു ഹിന്ദു ലിറ്റണ്‍ കുമാര്‍ ദാസ് മാത്രമാണ്. കഴിഞ്ഞ ദിവസം ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട് ബംഗ്ലാദേശ് പരാജയപ്പെട്ടിരുന്നു.

ലിറ്റണ്‍ ദാസ് ഹിന്ദുവാണെന്ന കാരണത്താല്‍ ഒരാളും വംശീയ അക്രമണം നടത്തിയിട്ടില്ല. ചാരനെന്ന് അധിക്ഷേപിച്ചിട്ടില്ല. ടീമിന്റെ പരാജയത്തില്‍ ദാസിനെ കുറ്റപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലെ ഹിന്ദുത്വ വര്‍ഗീയ വാദികളും മനുഷ്യരും തമ്മിലുള്ള വ്യത്യാസമാണത്’

മുഹമ്മദ് ഷമി വീ വിത്ത് യൂ