നിങ്ങള്‍ എത്ര വേണമെങ്കിലും തെറി വിളിച്ചോളൂ. എന്നാലും ഷമി എന്നും ഇന്ത്യയുടെ അഭിമാനം തന്നെയായിരിക്കും!
![Image 3](https://pavilionend.in/wp-content/uploads/2021/10/shami-kohli.jpg)
വിഷ്ണു ഉദയന്‍
മുഹമ്മദ് ഷമി. അതാണ് ഈ കളിക്കാരന്റെ പേര്. അത് തന്നെയാണ് ഇന്നത്തെ സോഷ്യല്‍ മീഡിയ ആക്രമണത്തിന് കാരണവും. ആറ് വര്‍ഷങ്ങള്‍ക്ക് മുന്നേ 2015 ലോകകപ്പ് നടക്കുന്ന സമയം. നിലവിലെ ജേതാക്കളായിയാണ് അന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയയില്‍ എത്തുന്നത്. സെമിയില്‍ പോരാട്ടം അവസാനിച്ച് തിരിച്ച് വന്ന ഇന്ത്യന്‍ ടീമിന്റെ അനേകം ചിത്രങ്ങളില്‍ ഒന്ന്, ഒരുപാട് വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും പാത്രമായ അനുഷ്‌കയുടെ കൈപിടിച്ച് വരുന്ന കോഹ്ലിയുടെ ചിത്രമാണ്. ആ ചിത്രത്തില്‍ കോഹ്ലി പറയാതെ പറയുന്നൊരു വല്യ നിലപാടുണ്ട്.
അതേ ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയത് ഈ മുഹമ്മദ് ഷമിയാണ്. തന്റെ കാല്‍മുട്ടിലെ പരിക്ക് വകവെയ്ക്കാതെ രാജ്യത്തിനായി തന്നാല്‍ കഴിയുന്ന പരമാവധി ചെയ്യ്തു അന്നയാല്‍. എല്ലാവരും വാഴ്ത്തി പാടി അന്ന് ഷമിയെ. എന്നാല്‍ ഇന്ന്..
ഇന്ത്യ പാകിസ്ഥാന്‍ മത്സരം കൊച്ചി സ്റ്റേഡിയത്തില്‍ നേരിട്ട് കണ്ട അനുഭവമുണ്ട്. അന്ന് ഇന്‍സമാമും യൂനിസ് ഖാനും യൂഹാനയുമൊക്കെ കളിക്കുമ്പോള്‍ അവരുടെ കളിയില്‍ പോലും ആഹ്ലാദിച്ച ഒരു ജനക്കൂട്ടം ചുറ്റുമുണ്ടായിരുന്നു. ഇന്ന് പക്ഷേ ഇന്ത്യ പാകിസ്ഥാന്‍ എന്നത് ഒരു യുദ്ധം പോലെയാണ് കാണുന്നത്. അത് തന്നെയാണ് പ്രശ്‌നവും.
ഇന്നലത്തെ കളിയില്‍ ഷമിയെ പോലെ നിരാശപ്പെടുത്തിയ വേറെയും കളിക്കാരുണ്ട്. എന്നാല്‍ അവരൊന്നും നേരിടാത്ത കേട്ടാല്‍ അറയ്ക്കുന്ന തെറിയും ആക്ഷേപങ്ങളും ഷമി മാത്രം എന്ത് കൊണ്ട് നേരിടുന്നു എന്ന് ചോദിച്ചാല്‍, ഇന്നത്തെ ഇന്ത്യ ഇങ്ങനെയാണ്.
തമിഴ് നടന്‍ വിജയുടെ പേരിലെ ജോസഫും,സംവിധായകന്‍ കമലിന്റെ പേര് കമലവുദീനും ആയ അതേ വിഷമുള്ള സാമൂഹിക ബോധം തന്നെയാണ് ഇവിടെയും വില്ലന്‍. 2014 ന് ശേഷമാണ് ഇത്ര ഭീകരമായി ഈ ഒരു പ്രവണത വളര്‍ന്നത്. അതിന്റെ കൂടെ സോഷ്യല്‍ മീഡിയയിലെ പൊങ്കാല കൂടി ഒരു ആചാരമായപ്പോള്‍ ഇതൊക്കെ ഒരു പതിവ് കഥയായി മാറി.
ഇനി ഷമി ആരാ എന്ന് അറിഞ്ഞുടത്തവര്‍ക്ക് വേണ്ടി രണ്ട് വരി. ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ബൗളിംഗ് ലൈന്‍പ്പ് ഇന്ന് ഇന്ത്യയാണെന്ന് അഭിമാനം കൊള്ളാറില്ലേ? അതിന്റെ ചുക്കാന്‍ പിടിക്കുന്ന ഒരു പക്ഷേ ഇന്ന് ലോക ക്രിക്കറ്റില്‍ ഏറ്റവും മികച്ച സീം പൊസിഷന്‍ പ്രെസെന്റ ചെയ്യുന്ന ഇതിഹാസ തുല്യനാണ്. തന്റെ വ്യക്തി ജീവിതത്തിലെ ഒരുപാട് പ്രശ്‌നങ്ങള്‍ അതിജീവിച്ച് തിരിച്ച് വന്ന് പടുത്തുയര്‍ത്തിയ ഒരു കരിയറിനുടമയാണ് ഷമി.
നിങ്ങള്‍ എത്ര വേണോ ചീത്ത വിളിച്ചോളൂ. നിങ്ങള്‍ എന്ത് വേണോ പറഞ്ഞോളൂ. മുഹമ്മദ് ഷമി എന്നും ഇന്ത്യയുടെ അഭിമാനം തന്നെയായിരിക്കും!
അയാള്‍ തിരിച്ച് വരും. ഇന്ത്യന്‍ പേസ് ബാറ്ററിയുടെ നായകനായി അയാള്‍ ഇനിയും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കും.
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്