അത്ഭുതങ്ങള്‍ കാട്ടി മലയാളി താരം, ജംഷട്പൂരിനെ തൂത്തെറിഞ്ഞ് ഗോവ

ഡ്യുറന്‍ഡ് കപ്പില്‍ ജംഷഡ്പൂര് എഫ്‌സിയെ തൂത്തെറിഞ്ഞ് എഫ്‌സി ഗോവ. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് എഫ്‌സി ഗോവ തകര്‍ത്തത്. മലയാളി യുവതാരം മുഹമ്മദ് നെമിലും ദേവേന്ദ്രയും ഗോവയ്ക്കായി ഇരട്ട ഗോളുകള്‍ നേടി. പ്രിന്‍സ്ടണ്‍ റെബെല്ലോയാണ് ഗോവയുടെ അഞ്ചാം ഗോള്‍ നേടിയത്.

ഇതോടെ എഫ്‌സി ഗോവ ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായി. മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഗോവ ഗ്രൂപ്പ് ചാമ്പ്യന്മാരായത്. സുദേവ എഫ്‌സിക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനു വിജയിച്ച ആര്‍മി ഗ്രീന്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടര്‍ യോഗ്യത നേടി.

ജംഷഡ്പൂരിനെ പൂര്‍ണമായും നിഷ്പ്രഭരാക്കിയാണ് ഗോവ വിജയം കുറിച്ചത്. രണ്ടാം പകുതിയിലായിരുന്നു നെമിലിന്റെ ഗോളുകള്‍. 46ആം മിനിട്ടില്‍ നൊഗുവേരയില്‍ നിന്ന് പാസ് സ്വീകരിച്ച് വല കുലുക്കിയ താരം 82ആം മിനിട്ടില്‍ രണ്ടാം ഗോള്‍ നേടി. ആ ഗോളും എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്ന വിധമായിരുന്നു. ജംഷഡ്പൂര്‍ താരങ്ങളെ ഒന്നൊന്നായി മറികടന്ന നെമില്‍ ഒരു ക്ലിനിക്കല്‍ ഫിനിഷിലൂടെ പന്തിനെ ഗോള്‍ വല ചുംമ്പിക്കുകയായിരുന്നു.

സുദേവ എഫ്‌സിക്കെതിരെ ഒരു ഗോള്‍ നേടിയ നെമില്‍ ഈ മത്സരത്തിലെ ഇരട്ട ഗോളുകളോടെ ഡ്യുറന്‍ഡ് കപ്പില്‍ ആകെ 3 ഗോളുകള്‍ സ്‌കോര്‍ ചെയ്തുകഴിഞ്ഞു. ഐഎസ്എലിലും മലയാളി താരം ഗോവയുടെ സുപ്രധാന കളിക്കാരന്‍ ആവുമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം, ഡ്യുറന്‍ഡ് കപ്പിളെ റഫറിയിങിനെതിരെ പരാതിയുമായി ഗോവ പരിശീലകന്‍ യുവാന്‍ ഫെറാന്‍ഡോ. റഫറിയിങ് വളരെ മോശമാണെന്ന് കുറ്റപ്പെടുത്തിയ ഫെറാന്‍ഡോ കളിക്കാര്‍ക്ക് വേഗത്തില്‍ പരുക്കേല്‍ക്കുന്നു എന്നും ചൂണ്ടിക്കാട്ടി. ഇങ്ങനെയെങ്കില്‍ ഡ്യുറന്‍ഡ് കപ്പില്‍ കളിക്കാന്‍ ടീമുകള്‍ മടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

You Might Also Like