അവന്‍ ഓരോ ഇന്ത്യയ്ക്കാരനേയും ചുട്ടുപൊള്ളിക്കുന്നു, ഒരല്‍പം നഷ്ടബോധത്തോടെ അല്ലാതെ നിങ്ങളുടെ പേര് ഉച്ചരിക്കാനാവില്ല…

Image 3
CricketCricket News

സനല്‍കുമാര്‍ പത്മനാഭവന്‍

2017 ജൂണ്‍ 17 ലണ്ടന്‍….

‘നാളെ നമ്മുടെ ജീവിതത്തിലെ ഒരു അവിസ്മരണീയ ദിനമാണ് , ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ആണ്. എല്ലാവരും നന്നായി കിടന്നുറങ്ങി റിലാക്‌സ് ആയ മൈന്‍ഡ് ആയി നാളെ ഗ്രൗണ്ടില്‍ ഇറങ്ങുക , നന്നായി ആസ്വദിച്ചു കളിക്കുക , ജയിക്കാനായി മാക്‌സിമം ശ്രമിക്കുക , ബാക്കി എല്ലാം വരുന്നത് പോലെ , ശുഭരാത്രി ‘ ക്യാപ്ടന്റെയും കോച്ചിന്റെയും ആശംസകളും ഉപദേശങ്ങളും എല്ലാം കേട്ടു , പുറത്തു മഞ്ഞു പെയ്തു കൊണ്ടിരുന്ന ആ രാത്രിയില്‍ ഹോട്ടലില്‍ ശീതികരിച്ച മുറിയില്‍ ഒരു ഇരുപത്തഞ്ചുകാരന്‍ ഉറങ്ങാന്‍ കിടക്കുകയാണ്….

എന്നാല്‍ കണ്ണുകള്‍ അടക്കുമ്പോള്‍ ഓര്‍മകളില്‍ ഓടിയെത്തുന്ന, തിരിച്ചറിവില്ലാത്ത പ്രായത്തില്‍ ചെയ്ത് പോയ ‘സ്പോട് ഫിക്‌സിങ്’ എന്ന പിഴയുടെ പേരില്‍ നേരിടേണ്ടി വന്ന ആള്‍ക്കൂട്ടത്തിന്റെ ‘ചതിയാ’ എന്നുള്ള വിളികളും , പരിഹാസവും ,പോലീസ് മുറകളും , കോടതി വരാന്തകളും തുടങ്ങിയ പൊള്ളിക്കുന്ന നിമിഷങ്ങളില്‍ വീണുരുകുമ്പോള്‍ ആ ശീതികരിച്ച മുറിയിലും അയാളില്‍ വിയര്‍പ്പു പൊടിയുക ആയിരുന്നു…..

18ാം വയസില്‍ ചെയ്ത് പോയ തെറ്റിന് ശിക്ഷയായി ലഭിച്ച, അഞ്ചു വര്‍ഷത്തെ അജ്ഞാതവാസവും കഴിഞ്ഞു വീണ്ടും അയാളുടെ പ്രാണനായ ആ പച്ചക്കുപ്പായം ആ ശരീരത്തിന് മുകളില്‍ അണിഞ്ഞു തുടങ്ങിയ നാളുകളില്‍ , തന്റെ ടീം ഐ സി സി യുടെ ഒരു അതി പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനല്‍ കളിക്കുമ്പോള്‍ തന്റെ ടീമിന് ഒരു കിരീടം എടുത്തു കൊടുത്തു ഒരിക്കല്‍ താന്‍ ചെയ്ത പൊറുക്കാനാകാത്ത ആ വലിയ തെറ്റിന് ഒരു പരിധി വരെ പ്രായശ്ചിത്തം ആകുമെന്നും തന്നെ ‘ഈ ഗെയ്മിനെയും , രാജ്യത്തെയും വഞ്ചിവന്‍ ‘ ആയി കാണുന്ന കുറച്ചു പേരുടെയെങ്കിലും ഉള്ളില്‍ ഉള്ള തന്റെ പേരിലേ പാപക്കറ ഇല്ലാതെയാകും എന്നും അയാള്‍ കരുതിയിരിക്കാം…..

ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഫഖാര്‍ സമാന്റെ സെഞ്ചുറിയുടെയും ഹഫീസിന്റെയും അസ്ഹറിന്റെയും അര്‍ദ്ധ സെഞ്ചുറിയുടെയും ചിറകിലേറി 338 എന്ന സ്‌കോറിലെത്തിയപ്പോഴേ പാക് ക്യാമ്പില്‍ വിജയപ്രതീക്ഷകള്‍ വിരിഞ്ഞു തുടങ്ങിയിരുന്നു..

ടീമില്‍ ഉള്ള പത്തു പേര്‍ ജയത്തെക്കുറിച്ചും വിജയ ശേഷമുള്ള ആഘോഷത്തെയും കുറിച്ചു ചിന്തിച്ചു തുടങ്ങുമ്പോള്‍ അയാള്‍ മാത്രം ചിന്തിച്ചത് തന്റെ ടീമിന്റെ ജയത്തിനു തടസം നില്ക്കാന്‍ ചങ്കുറപ്പും കൈക്കരുത്തും ഉള്ള എതിര്‍ ടീമിലെ ആദ്യ മൂന്ന് പേരെക്കുറിച്ചു ആയിരുന്നു .

ഒന്ന് നിലയുറപ്പിച്ചു കഴിഞ്ഞാല്‍ എത്ര പേരും പെരുമയും ഉള്ള ബൗളറെയും സ്‌കൂള്‍ കുട്ടിയെ എന്ന പോലെ അനായാസമായി നേരിടുന്ന രോഹിത്തിനെയും , ഒരിക്കലും തന്റെ പിഴവ് കൊണ്ടല്ലാതെ ബൗളറുടെ മികവ് കൊണ്ട് തന്റെ വിക്കറ്റ് നഷ്ടപ്പെടില്ല എന്നൊരു വിശ്വാസത്തോടെ ആര്‍ക്കെതിരെയും ആധികാരികം ആയി ബാറ്റ് ചെയ്യുന്ന കൊഹ്‌ലിയെയും , ബിഗ് ടൂര്‍ണമെന്റുകളില്‍ എത്തുമ്പോള്‍ ശൂന്യതയില്‍ നിന്നും ഫോം കണ്ടെത്തി റണ്‍സ് വാരുന്ന ശിഖര്‍ ധവനെയും കുറിച്ച്.

ആ മൂന്ന് പേര്‍ നിലയുറപ്പിച്ചു കഴിഞ്ഞതിന്റെ പരിണിത ഫലം ഗ്രൂപ് സ്റ്റേജില്‍ ( ഇന്ത്യ 318 /3 രോഹിത് 90+ കോഹ്ലി 80+ ധവാന്‍ 60+) അനുഭവിച്ചറിഞ്ഞതു കൊണ്ട് ആ ,മൂവര്‍ സഖ്യത്തിന്റെ കരുത്തിനെ കുറിച്ചു അയാള്‍ ബോധവാന്‍ ആയിരുന്നു…..

എന്നാല്‍ പതിനെട്ടാം വയസില്‍ തിരിച്ചറിവില്ലാത്ത പ്രായത്തില്‍ തന്റെ രാജ്യത്തോടും പ്രതിഭയോടും ചെയ്ത വലിയ പിഴവിനു ,
തടസമായി നില്‍ക്കുന്ന എല്ലാ പ്രതിബദ്ധങ്ങളെയും തച്ചുടച്ചു കൊണ്ട് തന്റെ രാജ്യത്തിന് ഒരു കിരീടം എടുത്തു കൊടുത്തു കൊണ്ട് പ്രായശ്ചിത്തം ചെയ്യാന്‍ 7 വര്‍ഷങ്ങള്‍ക്കിപ്പുറെ ഒരു 25 കാരന്‍ തീരുമാനം എടുക്കുമ്പോള്‍ ആ തീരുമാനം അനുസരിക്കുക അല്ലാതെ അന്ന് ഓവലില്‍ എതിരാളികള്‍ക്ക് വേറെ വഴി ഇല്ലായിരുന്നു. 6 -2 -16-3 !

മത്സര ശേഷം മുഹമ്മദ് ആമിര്‍ എന്ന പേരിനു നേരെ എഴുതി കാണിച്ച ബൗളിംഗ് ഫിഗര്‍ . ആ ഫിഗര്‍ വര്‍ഷങ്ങള്ക്കിപ്പുറെയും ഓരോ ഇന്ത്യക്കാരനേയും ചുട്ടു പൊളിക്കുന്നതു അവസാനം കാണുന്ന 3 എന്ന നമ്പര്‍ പ്രതിനിധാനം ചെയ്യുന്നത് ആ ടൂര്‍ണമെന്റ് മൊത്തം ഇന്ത്യയെ തോളിലേറ്റിയ രോഹിത് ശര്‍മ്മ , ശിഖര്‍ ധവാന്‍ , കോഹ്ലി എന്നിവരുടെ വിക്കറ്റുകളുടെ രക്തക്കറ പുരണ്ടത് കൊണ്ടാകാം…..!

സങ്കക്കാരയെയും ജയവര്‍ധനെയും പുറത്താക്കി കൊണ്ട് തുടങ്ങിയ ടെസ്റ്റ് കരിയര്‍ 2009 ട്വന്റി യില്‍ 7 മാച്ചില്‍ ആറിലും ഓപ്പണിങ് സ്‌പെല്ലില്‍ വിക്കറ്റ് വീഴ്ത്തി ടീമിന് ആഗ്രഹിച്ച തുടക്കം നല്‍കിയിരുന്ന ബൗളര്‍ 2009 ട്വന്റി ഫൈനലില്‍ , ടൂര്‍ണമെന്റിലാകെ ഒരു സ്വപ്നത്തിലെന്നോണം ബാറ്റ് ചെയ്തിരുന്ന ദില്‍ഷനെ പുറത്താക്കാന്‍ എറിഞ്ഞ ആ മാജിക്കല്‍ ഡെലിവറി !

പോണ്ടിങ്ങിനെയും , മൈക് ഹസ്സിയെയും , ക്ലാര്‍ക്കിനെയും ഉള്‍പ്പടെ അഞ്ചു പേരെ കൂടാരത്തില്‍ എത്തിച്ച ആ മെല്‍ബണിലെ തീ പാറിയ ബൗളിങ്ങിന്റെ പൂരം !

പീറ്റേഴ്‌സണെയും , കുക്കിനെയും , കോളിങ്വ്ഡിനെയും അടക്കം ആറു പേര്‍ക്ക് ചര്‍മ്മകുറിപ്പ് എഴുതിയ ലോര്‍ഡ്സിലേ ആ ഫാസ്റ്റ് ബൗളിങ്ങിന്റെ വന്യമായ സൗന്ദര്യം മുഴുവന്‍ കണ്ട ആ ദിവസം .. മുഹമ്മദ് അമീര്‍ !

ഒരല്‍പം നഷ്ടബോധത്തോടെ അല്ലാതെ ഞങ്ങള്ക്കു നിങ്ങളുടെ പേര് ഉച്ചരിക്കാനാവില്ല . നഷ്ടപ്പെടുത്തി കളഞ്ഞ ആ അഞ്ചു വര്‍ഷങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എങ്ങനെ എത്തി നില്‍ക്കേണ്ട കരിയര്‍ സ്റ്റാറ്റസ് ആയിരുന്നു ഭായ് നിങ്ങളുടേത് !

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍