വീണ്ടും അമ്പരപ്പിച്ച് മുഹമ്മദന്‍സ്, മലയാളി സര്‍പ്രൈസ് താരത്തെ സ്വന്തമാക്കി

Image 3
FootballI League

മലയാളി യുവതാരം ഗാനി അഹമ്മദിനെ സ്വന്തമാക്കി കൊല്‍ക്കത്തന്‍ ക്ലബ്ബായ മുഹമ്മദന്‍ സോക്കര്‍ ക്ലബ്. ഐഎസ്എല്‍ ക്ലബായ ഹൈദരാബാദ് എഫ്‌സിയില്‍ നിന്നാണ് മലയാളി മിഡ്ഫീല്‍ഡറെ മുഹമ്മദന്‍ സ്വന്തമാക്കിയത്. കോഴിക്കോട് നാദാപുരം സ്വദേശിയായ ഗാനി മുമ്പ് ഗോകുലം കേരള, പൂനെ സിറ്റി ക്ലബ്ബുകള്‍ക്കായും കളിച്ചിട്ടുണ്ട്.

മലപ്പുറം എംഎസ്പി സ്‌കൂള്‍ പ്രെഡക്റ്റാണ് ഗനി അഹമ്മദ്. സുബ്രതോ കപ്പിലെ മികച്ച പ്രകടനമാണ് ഗനിയെ ശ്രദ്ധേയനാക്കിയത്. പൂണെ സിറ്റി എഫ്‌സി റിസര്‍വ് ടീമിലൂടെയാണ് ഐഎസ്എല്‍ ക്ലബുകളുടെ ഭാഗമായി ഗനിയെത്തിയത്. പൂണെ സീനിയര്‍ ടീമില്‍ ഇടംപിടിച്ചെങ്കിലും ഗനിയ്ക്ക് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

പിന്നീട് ഗോകുലം കേരളയുടെ ഭാഗമായി ഐലീഗില്‍ അരങ്ങേറ്റം കുറിച്ചു. ഷില്ലോംഗ് ലജോംഗ് എഫ്സിയ്‌ക്കെതിരെയാണ് ഗനിയുടെ അരങ്ങേറ്റ ഐലീഗ് ഗോള്‍. പിന്നീടാണ് കഴിഞ്ഞ സീസണില്‍ ഐഎസ്എള്‍ ക്ലബായ ഹൈദരാബാദ് എഫ്‌സിയിലേക്ക് ചേക്കേറിയത്. പകരക്കാരനായി അഞ്ച് മത്സരങ്ങളിലാണ് ഹൈദരാബാദിനായി ഗനി ബൂട്ടണിഞ്ഞത്.

കൂടുതല്‍ പ്ലേ ടൈം കിട്ടുന്നതിന്റെ ഭാഗമായായാണ് ഗനി ഇത്തവണ മുഹമ്മദന്‍ ക്ലബിന്റെ ഭാഗമാകുന്നത്. നേരത്തെ നിരവധി സൂപ്പര്‍ താരങ്ങളെ മുഹമ്മദന്‍ ടീമിലെത്തിച്ചിരുന്നു. 130 വര്‍ഷത്തെ പാരമ്പര്യമുളള ക്ലബ് നിലവില്‍ ഐലീഗ് സെക്കന്റ് ഡിവിഷനിലാണ് കളിക്കുന്നത്. മികച്ച പ്രകടനം നടത്തി ഐലീഗില്‍ തിരിച്ചെത്താനും അതുവഴി ഐഎസ്എല്ലില്‍ പ്രവേശിക്കാനുമാണ് മുഹമ്മദന്‍ തയ്യാറെടുക്കുന്നത്.