പ്രത്യേക ട്രീറ്റ്‌മെന്റ് കൊടുക്കേണ്ടത് അവന്, സഞ്ജുവിന് ഇത് അവസരം, തുറന്ന് പറഞ്ഞ് ചീഫ് സെലക്ടര്‍

ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ യുവനിര തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെക്കുമെന്നും പരമ്പര നേടിയാല്‍ പോലും അത്ഭുതപ്പെടാനില്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദ്. ലങ്കന്‍ പര്യടനത്തില്‍ ഏറെ ശ്രദ്ധ കൊടുക്കേണ്ടത് സൂര്യകുമാര്‍ യാദവിലാണെന്നും സഞ്ജു സാംസണും ഇഷാന്‍ കിഷനും മുന്‍പില്‍ വലിയ അവസരമാണ് തെളിഞ്ഞുവന്നിരിക്കുന്നതെന്നും പ്രസാദ് പറഞ്ഞു.

‘പ്രതിഭാശാലികളായ താരങ്ങള്‍ അന്നും ഇന്നും ഇന്ത്യന്‍ ടീമിലുണ്ട്. എന്നാല്‍ ഇന്നത്തെ താരങ്ങളുടെ ആത്മവിശ്വാസം അന്നത്തെ താരങ്ങളെക്കാള്‍ അഞ്ച് മടങ്ങ് കൂടുതലാണ്. ഉദാഹരണം പറഞ്ഞാല്‍ സൂര്യകുമാര്‍ യാദവിന് ടി20 മത്സരത്തില്‍ അവസരം ലഭിച്ച ആദ്യ പന്തില്‍ത്തന്നെ അവന്‍ സിക്‌സര്‍ നേടി. അതും ലോകോത്തര ബോളറിനെതിരേ. ഇഷാന്‍ കിഷനും ഇംഗ്ലണ്ടിനെതിരേ അരങ്ങേറ്റ മത്സരത്തില്‍ നടത്തിയ പ്രകടനം. ഇന്ത്യയുടെ യുവനിര ശ്രീലങ്കയില്‍ പരമ്പര നേടിയാലും അത്ഭുതപ്പെടാനില്ല.’

‘പര്യടനത്തില്‍ സൂര്യകുമാര്‍ യാദവിനെയാണ് ഏറ്റവും ശ്രദ്ധിക്കേണ്ട താരം. സഞ്ജുവിനും ഇഷാനും മികച്ച അവസരമാണിത്. ആവേഷ് ഖാനെയും എനിക്ക് ഇഷ്ടമാണ്. മികച്ചൊരു ഐ.പി.എല്‍ പ്രകടനമാണ് അവന്‍ നടത്തിയത്. ശ്രീലങ്കന്‍ പരമ്പരയില്‍ അവനെ കാണാന്‍ സാധിച്ചില്ലെങ്കില്‍ അത് വലിയ നഷ്ടമാവും’ പ്രസാദ് പറഞ്ഞു.

മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും അഞ്ച് ടി20 മത്സരങ്ങളുമാകും ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 13 ന് ഏകദിന മത്സരത്തോടെയാണ് പര്യടനം ആരംഭിക്കുക. ജൂലൈ 16, 19 തിയതികളില്‍ ബാക്കി രണ്ട് ഏകദിനങ്ങള്‍ നടക്കും. ഉച്ചയ്യ്ക്ക് 1.30 നാവും മത്സരങ്ങള്‍ ആരംഭിക്കുക. ടി20 മത്സരങ്ങള്‍ ജൂലൈ 22 ന് ആരംഭിക്കും. വൈകിട്ട് 7 മണിക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക. എല്ലാ മത്സരങ്ങളും കൊളംബോയിലെ പ്രേമദാസാ സ്റ്റേഡിയത്തിലാവും നടക്കുക.

You Might Also Like