ധോണിയ്ക്ക് വലുത് പണമല്ല, അമ്പരപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

യുഎഇില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ എംഎസ് ധോണി ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവായി എത്തുന്നത് ഒരൊറ്റ പൈസ പോലും വാങ്ങാതെ. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ്ഷായും ആണ് ധോണിയുടെ പ്രതിഫല കാര്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവ് എന്ന നിലയിലുള്ള സേവനങ്ങള്‍ക്ക് എംഎസ് ധോണി ഒരു ഓണറേറിയവും ഈടാക്കുന്നില്ലെന്ന് ജയ് ഷാ എഎന്‍ഐയോട് പറഞ്ഞു. ഗാംഗുലിയും ഇക്കാര്യം ചൊവ്വാഴ്ച പിടിഐയോട് പറഞ്ഞു. ഇന്ത്യന്‍ ടീമിന്റെ ഉപദേശകനായിരിക്കാന്‍ ധോണി പ്രതിഫലം ഒന്നും ഈടാക്കില്ലെന്നും ഗാംഗുലി പറഞ്ഞു.

ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച അതേ ദിവസം തന്നെ ധോണിയെ ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവായി പ്രഖ്യാപിച്ചിരുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കുന്ന ധോണി മൂന്ന് തവണ ഐപിഎല്‍ വിജയിച്ച ക്യാപ്റ്റനാണ്. കൂടാതെ ലോക ടി 20, ചാമ്പ്യന്‍സ് ട്രോഫി, ലോകകപ്പ് എന്നീ മൂന്ന് പ്രധാന ഐസിസി ട്രോഫികള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ധോണിയെ ദുബൈയില്‍ വെച്ച് കണ്ട ശേഷമാണ് അദ്ദേഹത്തെ ഉപദേശകനാക്കി നിയമിക്കാനുള്ള തീരുമാനമെടുത്തതെന്ന് ജയ്ഷാ പറഞ്ഞു.

”എന്റെ തീരുമാനത്തില്‍ അദ്ദേഹത്തിന് കുഴപ്പമുണ്ടായിരുന്നില്ല. ടി 20 ലോകകപ്പിന് വേണ്ടി മാത്രമായി ടീം ഇന്ത്യയുടെ ടീം മെന്റര്‍ ആകാന്‍ സമ്മതിച്ചു. ധോണി ബിസിസിഐയുടെ ഓഫര്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ട്, ദേശീയ ടീമിലേക്ക് ഒരിക്കല്‍ കൂടി സംഭാവന നല്‍കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. ടീം ഇന്ത്യയ്ക്ക് പിന്തുണയും മാര്‍ഗനിര്‍ദേശവും നല്‍കാന്‍ എംഎസ് ധോണി രവി ശാസ്ത്രിക്കും മറ്റ് സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും ഒപ്പം പ്രവര്‍ത്തിക്കും, ”ഷാ പറഞ്ഞു.

”ഞാന്‍ ക്യാപ്റ്റനോടും വൈസ് ക്യാപ്റ്റനോടും രവി ശാസ്ത്രിയോടും സംസാരിച്ചു. അവരെല്ലാം ഒരേ തീരുമാനത്തിന് അനുകൂലമായിരുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടി 20 ലോകകപ്പ് യുഎഇയിലും ഒമാനിലുമായി മസ്‌കറ്റ്, ദുബായ്, അബുദാബി, ഷാര്‍ജ എന്നിങ്ങനെ നാല് വേദികളിലായി നടക്കും. ഒക്ടോബര്‍ 17 -ന് യോഗ്യതാ റൗണ്ടുകളോടെ ടൂര്‍ണമെന്റ് ആരംഭിക്കും. ഒക്ടോബര്‍ 24 ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം

 

You Might Also Like