ആദ്യം വിദേശ താരങ്ങള്‍ പോകട്ടെ, ഹോട്ടല്‍ വിടുന്ന അവസാനത്തെയാള്‍ ഞാനായിരിക്കും, ധോണിയുടെ കരുതല്‍ ചര്‍ച്ചയാകുന്നു

ഐപിഎല്‍ പാതിവഴിയില്‍ നിലച്ചപ്പോള്‍ പിന്നീട് കണ്ടത് എത്രയും വേഗം വീട്ടിലെത്താനുളള താരങ്ങളുടെ നെട്ടോട്ടമണ്. എന്നാല്‍ പതിവ് പോലെ തന്നെ ഇക്കാര്യത്തിലും വ്യത്യസ്തത പുലര്‍ത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി.

ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവയ്ക്കാനുള്ള ബിസിസിഐയുടെ തീരുമാനത്തിന് പിന്നാലെ ധോണി സഹകളിക്കാര്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. ആദ്യം വിദേശകളിക്കാര്‍ സുരക്ഷിതമായി ഹോട്ടല്‍ വിട്ടു പോകട്ടെ എന്നാണ് ധോണി തീരുമാനമെടുത്തത്. പിന്നീട് ആഭ്യന്തര കളിക്കാരും. ഏറ്റവും ഒടുവില്‍ താനാകും ഹോട്ടല്‍ വിടുകയെന്ന് സിഎസ്‌കെ ക്യാപ്റ്റന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഹോട്ടല്‍ വിടുന്ന അവസാനത്തെയാള്‍ താനായിരിക്കുമെന്ന് മഹിഭായ് പറഞ്ഞു. ആദ്യം വിദേശികള്‍ പോകട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പിന്നീട് ഇന്ത്യന്‍ കളിക്കാരും. എല്ലാവരും വീട്ടില്‍ സുരക്ഷിതമായി എത്തി എന്ന് ഉറപ്പാക്കിയ ശേഷം നാളെയാണ് ധോണി വീട്ടിലേക്ക് പോകുക’ – ഒരു സിഎസ്‌കെ അംഗം ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

വ്യാഴാഴ്ച വൈകിട്ടാണ് അദ്ദേഹം റാഞ്ചിക്ക് തിരിക്കുക. ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലാണ് കളിക്കാരെ ക്ലബ് നാട്ടിലെത്തിച്ചത്. ഇംഗ്ലണ്ട് താരങ്ങളാണ് ആദ്യമായി നാട്ടിലേക്ക് തിരിച്ചെത്തിയത്. വിവിധ ടീമുകളിലെ എട്ട് താരങ്ങളാണ് ലണ്ടനിലെത്തിയത്. മാലിദ്വീപ് വഴിയാണ് ഓസീസ് താരങ്ങള്‍ നാട്ടിലേക്ക് തിരിക്കുന്നത്.

ബംഗ്ലാദേശ് താരങ്ങളായ ഷാകിബുല്‍ ഹസനും മുസ്തഫിസുര്‍ റഹ്മാനും ചാര്‍ട്ടേഡ് വിമാനത്തില്‍ സ്വന്തം നാട്ടിലേക്ക് തിരിക്കും. ദക്ഷിണാഫ്രിക്കന്‍ താരങ്ങളും നാട്ടിലെത്തിയിട്ടുണ്ട്. എല്ലാ ഇന്ത്യന്‍ കളിക്കാരോടും മൂന്നു ദിവസം വീട്ടില്‍ ക്വാറന്റൈനിലിരിക്കാന്‍ ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്.

You Might Also Like