വെള്ളിത്തിരയിലെ ധോണിയുടെ ആത്മഹത്യ, ഞെട്ടലില്‍ കായിക ലോകവും

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണം കായിക ലോകത്തും ഞെട്ടല്‍ സൃഷ്ടിച്ചു. ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്.ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’ പ്രധാന ചിത്രമാണ്. ധോണിയായി അഭിനയിച്ചതോടെ സുശാന്തിന് കായിക ലോകത്തും ഏറെ ആരാധകരുണ്ടായിരുന്നു. ബോളിവുഡില്‍ നിന്ന് ഏറെ പണംവാരിയ പടമായിരുന്നു സുശാന്ത് അഭിനയിച്ച ധോണിയുടെ ബയോപിക്.

പികെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് എന്നിവയാണ് സുശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. സുശാന്തിനെ മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. സുശാന്തിന്റെ മുന്‍ മാനേജര്‍ തിങ്കളാഴ്ച ആത്മഹത്യ ചെയ്തിരുന്നു.

ടെലിവിഷന്‍ താരം, അവതാരകന്‍, നര്‍ത്തകന്‍ എന്നീ നിലയിലും പ്രശസ്തനാണ്. 1986 ജനുവരി 21ന് ബിഹാറിലെ പട്‌നയില്‍ ജനിച്ച സുശാന്ത്, ടിവി സീരിയലിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ചേതന്‍ ഭഗത്തിന്റെ ത്രീ മിസ്റ്റേക്‌സ് ഓഫ് ലൈഫ് എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് കപൂറിന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ കൈ പോ ചെ ആണ് ആദ്യ ചിത്രം.

അതേവര്‍ഷം പുറത്തിറങ്ങിയ ശുദ്ധ് ദേശീ റോമാന്‍സ് എന്ന ചിത്രവും ഹിറ്റായി. ഇതോടെ സുശാന്ത് ബോളിവുഡിലെ മുന്‍നിര നായകന്മാരുടെ പട്ടികയിലേക്ക് ഉയര്‍ന്നു. എം.എസ്.ധോണി; ദി അണ്‍ടോള്‍ഡ് സ്റ്റോറിയിലെ ടൈറ്റില്‍ റോളിന് മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. 2019ല്‍ പുറത്തിറങ്ങിയ ചിച്ചോര്‍ ആണ് അവസാന ചിത്രം.

കഴിഞ്ഞ ആറു മാസമായി സുശാന്തിനു മാനസികമായ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ഇതാകും ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്.

You Might Also Like