ധോണിയുടേയും റെയ്‌നയുടേയും വിരമിക്കല്‍, നടന്നത് നാടകീയ സംഭവങ്ങള്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് മഹേന്ദ്ര സിംഗ് ധോണിയുടേയും സുരേഷ് റെയ്‌നയുടേയും വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ ചെന്നൈ ക്യാമ്പില്‍ നടന്നത് നാടകീയ സംഭവങ്ങള്‍. സുരേഷ് റെയ്‌ന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഐപിഎല്‍ 2020ന് മുന്നോടിയായി 14-ാം തീയതി ചെന്നൈയില്‍ പരിശീലന ക്യാമ്പിനായി എത്തിയിരുന്നു ധോണിയും റെയ്നയും. ടൂര്‍ണമെന്റിന് മുന്നോടിയായി സിഎസ്‌കെയിലെ ഇന്ത്യന്‍ താരങ്ങളുടെ ക്യാമ്പ് മാത്രമാണ് ഇതെന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ക്യാമ്പ് തുടങ്ങിയതിന് പിന്നാലെ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച വിരമിക്കല്‍ പ്രഖ്യാപനം വന്നു. ഓഗസ്റ്റ് 15-ാം തീയതി രാത്രി 7.29ന് ധോണിയും തൊട്ടുപിന്നാലെ റെയ്നയും വിരമിക്കല്‍ അറിയിച്ചു. അപ്രതീക്ഷിത വിരമിക്കലിനെ കുറിച്ച് റെയ്ന ദൈനിക് ജാഗ്രണിനോട് വിശദീകരിച്ചു.
ചെന്നൈയിലെത്തിയ ശേഷം ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് തനിക്ക് അറിയാമായിരുന്നു. അതിനാല്‍ മാനസികമായി തയ്യാറെടുത്തിരുന്നു. ധോണിയുടെ ജഴ്സി നമ്പറായ ഏഴും തന്റെ മൂന്നും ചേര്‍ത്ത് 73-ാം സ്വാതന്ത്ര്യദിനത്തില്‍ ശനിയാഴ്ച വിരമിക്കാനായിരുന്നു തീരുമാനം. വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം ചെന്നൈയിലെ ക്യാമ്പില്‍ വച്ച് ഞാനും ധോണിയും കെട്ടിപ്പിടിച്ച് കരഞ്ഞു. ശേഷം സിഎസ്‌കെയിലെ സഹതാരങ്ങള്‍ക്കൊപ്പമിരുന്ന് കരിയറിലെ സുവര്‍ണ നിമിഷങ്ങള്‍ അയവിറക്കി എന്നും റെയ്ന തുറന്നുപറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് 2014ല്‍ ധോണി പാഡഴിച്ചിരുന്നു. അന്താരാഷ്ട്ര മത്സരം കളിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായെങ്കിലും ഈ വര്‍ഷം ഓസ്ട്രേലിയ വേദിയാവേണ്ടിയിരുന്ന ടി20 ലോകകപ്പ് കളിച്ച ശേഷമേ എം എസ് ധോണി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയുള്ളൂ എന്നാണ് ഏവരും കരുതിയിരുന്നത്. എന്നാല്‍ കൊവിഡ് മഹാമാരിമൂലം ടൂര്‍ണമെന്റ് മാറ്റിവച്ചതോടെ വിരമിക്കല്‍ തീരുമാനത്തിലെത്തുകയായിരുന്നു. അതേസമയം സുരേഷ് റെയ്നയുടെ വിരമിക്കല്‍ സംബന്ധിച്ച് സൂചനകളൊന്നുമുണ്ടായിരുന്നില്ല.