; )
ഐപിഎല്‍ 13ാം സീസണില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് ഏതാണ് പുറത്തായിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. രാജസ്ഥാന്‍ റോയല്‍സിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടതോടെയാണ് ചെന്നൈ ഏതാണ്ട് പുറത്തായതായി ഉറപ്പിച്ചത്. ഐപിഎല്ലില്‍ 10 മത്സരങ്ങള്‍ പിന്നിടവെ മൂന്ന് ജയം മാത്രമായി അവസാന സ്ഥാനത്താണ് ചെന്നൈ ഇപ്പോള്‍.
സീസണില്‍ നാല് മത്സരം മാത്രം അവശേഷിക്കെ ഇനിയൊരു തിരിച്ചുവരവ് സിഎസ്‌കെയ്ക്ക് ഏറെക്കുറെ അസാധ്യമാണ്. ഇപ്പോഴിതാ രാജസ്ഥാനെതിരായ മത്സര ശേഷം യുവതാരങ്ങളെക്കുറിച്ച് ധോണി നടത്തിയ പരാമര്‍ശം വലിയ വിവാദമായിരിക്കുകയാണ്.
എന്തുകൊണ്ട് യുവതാരങ്ങളെ പരിഗണിക്കുന്നില്ലെന്ന ചോദ്യത്തിന് ഡ്രസിങ് റൂമിലേക്ക് നോക്കുമ്പോള്‍ സ്പാര്‍ക്കുള്ള യുവതാരങ്ങളെ കാണാന്‍ സാധിക്കുന്നില്ലെന്നാണ് ധോണി പറഞ്ഞത്. ഇതാണ് വലിയ തോതില്‍ പ്രതിഷേധത്തിന് കാരണമായത്. നേരത്തെ തന്നെ യുവതാരങ്ങളെ പരിഗണിക്കുന്നതില്‍ സിഎസ്‌കെ മടി കാണിക്കുന്നതിനെതിരേ വിമര്‍ശനം ശക്തമായിരുന്നു.
കേദാര്‍ ജാദവിനെ തുടര്‍ച്ചയായി പരിഗണിക്കുന്നതിനെതിരെയും സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. മോശം ഫോമിലുള്ള കേദാര്‍ ജാദവ് സ്പിന്‍ ബൗളര്‍കൂടിയാണ്. എന്നാല്‍ ഏറെ നാളായി പന്തെറിയാറില്ല. ബാറ്റ്സ്മാനെന്ന നിലയിലാണെങ്കില്‍ രവീന്ദ്ര ജഡേജയ്ക്കും താഴെ ഇറക്കുന്നതിന്റെ യുക്തിയാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്.
രാജസ്ഥാനെതിരെ 19ാം ഓവറില്‍ ക്രീസിലെത്തിയ ജാദവ് നേരിട്ട മൂന്ന് പന്തും പാഴാക്കി. അവസാന ഓവറിലും കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതിരുന്ന ജാദവ് ഏഴ് പന്തില്‍ നേടിയത് വെറും നാല് റണ്‍സാണ്.
ജാദവിനെ തുടര്‍ച്ചയായി പരിഗണിച്ചിട്ടും യുവതാരങ്ങളെ പരിഗണിക്കാത്ത സിഎസ്‌കെ മാനേജ്മെന്റിന്റെ നടപടിക്കെതിരെയാണ് വിമര്‍ശനം ശക്തമാവുന്നത്. മത്സരശേഷമുള്ള ധോണിയുടെ വാക്കുകള്‍ സിഎസ്‌കെയുടെ പ്രതീക്ഷകള്‍ അവസാനിച്ചുവെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. ഈ സീസണില്‍ ശരിക്കും ഞങ്ങള്‍ ഇവിടെയില്ലാത്ത അവസ്ഥയായിരുന്നു. ഡ്രസിങ് റൂമിലും വിജയിക്കാന്‍ ആഗ്രഹിക്കുന്ന പ്രവണത കുറവായിരുന്നു. ഇനിയുള്ള മത്സരങ്ങളില്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയാല്‍ അവര്‍ക്ക് സമ്മര്‍ദ്ദം ഇല്ലാതെ കളിക്കാനായേക്കുമെന്നും ധോണി അഭിപ്രായപ്പെട്ടു.
ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് സിഎസ്‌കെയ്ക്ക് ഈ സീസണില്‍ തിരിച്ചടി നല്‍കിയത്. ഷെയ്ന്‍ വാട്സണ്‍,ഫഫ് ഡുപ്ലെസിസ്,അമ്പാട്ടി റായിഡു,എം എസ് ധോണി തുടങ്ങിയവരൊക്കെ ബാറ്റുകൊണ്ട് നിരാശപ്പെടുത്തുന്നു. മൂന്ന് തവണ ഐപിഎല്‍ കിരീടം നേടിയ സിഎസ്‌കെയെക്ക് വലിയ നാണക്കേടുണ്ടാക്കുന്ന പ്രകടനമാണ് ഇത്തവണ ടീം പുറത്തെടുക്കുന്നത്. ഈ സീസണോടെ ധോണി ഐപിഎല്ലില്‍ നിന്ന് വിരമിക്കാനുള്ള സാധ്യതയും ഏറെയാണ്.