ധോണി ഇന്ത്യയ്ക്കായി ടി20 ലോകകപ്പ് കളിയ്ക്കട്ടെ, മുറവിളിയുമായി ഇംഗ്ലീഷ് താരം
സ്വന്തം ടീമിനായി തന്ത്രങ്ങളൊരുക്കി ഐപിഎല്‍ കിരീടത്തിലെത്തിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എംഎസ് ധോണി ഇന്ത്യയ്ക്കായി ടി20 ലോകകപ്പില്‍ കളിയ്ക്കുന്നതാകും നല്ലതെന്ന് അഭിപ്രായവുമായി മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കിള്‍ വോണ്‍. നിലവില്‍ ലോകകപ്പ് കളിയ്ക്കുന്ന ഇന്ത്യന്‍ ടീമിന്റെ മെന്ററാണ് ധോണി.
വോണിനെ കൂടാതെ നിരവധി ഇന്ത്യന്‍ ആരാധകരും ധോണിയെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവിളിച്ച് കൊണ്ട് വരണമെന്നും ആവശ്യപ്പെടുന്നുണ്ട്.
India’s Team mentor might be better off playing in the T20 WC … 😜😜
— Michael Vaughan (@MichaelVaughan) October 15, 2021
ഒരു പ്രതിഫലവും സ്വീകരിക്കാതെയാണ് യുഎഇയില്‍ തന്നെ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ മെന്ററായി സേവനം അനുഷ്ഠിക്കാന്‍ ധോണി തയ്യാറായത്. ധോണി തന്ത്രങ്ങള്‍ ഒരുക്കുന്നത് ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വലിയ മേല്‍കൈ സമ്മാനിക്കുമെന്നാണ് പൊതുവെ വിലയിരുത്തുന്നത്.
ഐപിഎല്‍ 14ാം സീസണിന്റെ ഫൈനലില്‍ കൊല്‍ക്കത്തയെ 27 റണ്‍സിന് തകര്‍ത്താണ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നാലാം കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ മുച്ചൂടും തകര്‍ന്ന് പോയ ടീമാണ് ഇത്തവണ കിരീട നേട്ടം ആഘോഷിക്കുന്നത്.
ചെന്നൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ കൊല്‍ക്കത്തയ്ക്ക് 165 റണ്‍സ് എടുക്കാനെ ആയുളളു.