ഒറ്റികൊടുത്ത് വീണ്ടും സഹതാരം, ധോണി മികച്ച ക്യാപ്റ്റന്‍ പോലുമല്ലെന്ന്

ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ ആയിരുന്നെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. നായകനായി അനില്‍ കുംബ്ലേ തുടര്‍ന്നിരുന്നെങ്കില്‍ പല റെക്കോര്‍ഡുകളും അദ്ദേഹം മറികടക്കുമായിരുന്നെന്നും ഗൗതം ഗംഭീര്‍ നിരീക്ഷിക്കുന്നു. ദീര്‍ഘനാള്‍ കുംബ്ലേ ഇന്ത്യയുടെ നായക സ്ഥാനത്ത് വേണം എന്ന് താന്‍ ആഗ്രഹിച്ചിരുന്നതായി ഗംഭീര്‍ പറഞ്ഞു.

റെക്കോര്‍ഡുകളുടെ കാര്യത്തില്‍ ധോണി ആണ് മുന്‍പിലെങ്കിലും, മികച്ച നായകന്‍ കുംബ്ലേയായിരുന്നെന്ന് ഗംഭീര്‍ തുറന്ന് പറയുന്നു.

ഗാംഗുലിയുടെ നായകത്വത്തില്‍ വലിയ മികവ് കാണിച്ചു. എന്നാല്‍ കൂടുതല്‍ കാലം ഇന്ത്യയെ കുംബ്ലേ നയിക്കണമായിരുന്നു എന്നാണ് തോന്നിയിട്ടുള്ളത്. ആറ് ടെസ്റ്റുകള്‍ ഞാന്‍ കുംബ്ലേക്ക് കീഴില്‍ കളിച്ചു. നായകത്വത്തില്‍ അധിക നാള്‍ കുംബ്ലേക്ക് ലഭിച്ചില്ല. ലഭിച്ചിരുന്നെങ്കില്‍ റെക്കോര്‍ഡുകളില്‍ പലതും അദ്ദേഹം മറികടക്കുമായിരുന്നു, ഗംഭീര്‍ പറഞ്ഞു.

കരിയറിന്റെ അവസാനത്തിലാണ് കുംബ്ലേ ഇന്ത്യയുടെ ടെസ്റ്റ് ടീം നായക സ്ഥാനം ഏറ്റെടുക്കുന്നത്. ഓസ്ട്രേലിയക്കെതിരായ പരമ്പരക്കിടെ പരിക്കേറ്റതോടെ ക്രിക്കറ്റില്‍ നിന്ന് തന്നെ വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ 14 ടെസ്റ്റുകള്‍ മാത്രമാണ് ഇന്ത്യയെ കുംബ്ലേ നയിച്ചിരുന്നത്. മൂന്ന് ടെസ്റ്റില്‍ ജയം, അഞ്ച് സമനില, ആറ് തോല്‍വി എന്നിങ്ങനെയാണ് കുംബ്ലേയുടെ നായകത്വത്തിലെ കണക്ക്.

You Might Also Like