ഇന്ത്യ-പാക് സംയുക്ത ടീമിനെ ധോണി നയിക്കും, കോഹ്ലിയും രോഹിത്തും അഫ്രീദിയും ഒരുമിച്ച് കളിയ്ക്കും

Image 3
CricketCricket News

ഇന്ത്യ വിഭജിച്ചില്ലായിരുന്നെങ്കില്‍ നമ്മുടെ ക്രിക്കറ്റ് ടീമിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ലോകക്രിക്കറ്റിലെ മുടിചൂടാമന്നന്‍മാരെല്ലാം ഒരൊറ്റ ടീമില്‍ അണിനിരക്കുന്ന അത്ഭുത കാഴ്ച്ചയ്ക്ക്് വഴിയൊരുങ്ങിയേനെ. അതെസമയം അങ്ങനെയൊരു ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ പാക് ഓള്‍റൗണ്ടര്‍ യാസര്‍ അറാഫത്ത്.

പാക് താരങ്ങള്‍ക്കു മുന്‍തൂക്കമുള്ള ഇലവനെ നയിക്കുക ഇന്ത്യയുടെ മുന്‍ ഇതിഹാസ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്. ഇലവനിലെ ആരു പേര്‍ പാക് ടീമില്‍ നിന്നുള്ളവരാണെങ്കില്‍ അഞ്ചു പേര്‍ ഇന്ത്യന്‍ താരങ്ങളുമാണ്.

ക്യാപ്റ്റനായി ധോണിയെ അല്ലാതെ മറ്റാരെയും പരിഗണിക്കാനാവില്ലെന്നു അറാഫത്ത് വ്യക്തമാക്കി. ഇലവനിലേക്കു അദ്ദേഹം ആദ്യം തിരഞ്ഞെടുത്തതും ധോണിയെയാണ്. മൂന്നു പേസര്‍മാരും രണ്ടു സ്പിന്നര്‍മാരുമടങ്ങുന്ന ബൗളിങ് നിരയാണ് ഇലവന്റേത്. പാക് ജോടികളായ സൊഹൈല്‍ തന്‍വീര്‍, ഉമര്‍ ഗുല്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യയുടെ ജസ്പ്രീത് ബുംറയും അണിനിരക്കും.

വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവരുടെ അത്ര മല്‍സരങ്ങള്‍ പാകിസ്താന്റെ ഇമ്രാന്‍ നസീര്‍ കളിച്ചിട്ടില്ല. അതിനാല്‍ കോലിയെയും രോഹിത്തിനെയുമാണ് താന്‍ ഓപ്പണര്‍മാരാക്കിയതെന്നു അറാഫത്ത് വ്യക്തമാക്കി. മൂന്നാം നമ്പറില്‍ പാകിസ്താന്റെ മുഹമ്മദ് ഹഫീസെത്തും. യുവരാജ് സിങിനാണ് നാലാംസ്ഥാനം. ഉമര്‍ അക്മല്‍ അഞ്ചാംസ്ഥാനത്തും ബാറ്റ് ചെയ്യും. നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കു ആറാം നമ്പറാണ് നല്‍കിയിരിക്കുന്നത്. സഈദ് അജ്മലും ഷാഹിദ് അഫ്രീഡിയുമായിരിക്കും സ്പിന്‍ ബൗളിങിനു നേതൃത്വം നല്‍കുകയെന്നും അറാഫത്ത് പറഞ്ഞു.

ധോണിയെക്കുറിച്ച് വലിയ മതിപ്പാണ് അറാഫത്തിനുള്ളത്. ശരിക്കും കഴിവുറ്റ കളിക്കാരനാണ് അദ്ദേഹം. മാനസികമായും ശാരീരികമായും കരുത്തനാണ് ധോണി. വ്യക്തിയെന്ന നിലയില്‍ വളരെയധികം കൂളും താഴ്മയുമാണ് അദ്ദേഹത്തിനുള്ളതെന്നും അറാഫത്ത് വിലയിരുത്തി. കളിക്കാരെ എങ്ങനെ ഉപയോഗിക്കണമെന്നു ധോണിക്കു നന്നായി അറിയാം. താരങ്ങളുമായുള്ള അദ്ദേഹത്തിന്റെ കെമിസ്ട്രി ആശ്ചര്യപ്പെടുത്തുന്നതാണ്. ഒരു ടീം വലിയ വിജയങ്ങള്‍ നേടുകയാണെങ്കില്‍ അവരുടെ ക്യാപ്റ്റന്‍ സ്പെഷ്യലാണെന്നാണ് തെളിയിക്കുന്നത്. താരങ്ങളെ എല്ലായ്പ്പോഴും പിന്തുണച്ചിരുന്ന ക്യാപ്റ്റനായിരുന്നു ധോണി, ആരെയും അദ്ദേഹം വിമര്‍ശഷിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും അറാഫത്ത് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ- പാക് സംയുക്ത ഓള്‍ടൈം ടി20 ഇലവന്‍
രോഹിത് ശര്‍മ (ഇന്ത്യ), വിരാട് കോലി (ഇന്ത്യ), മുഹമ്മദ് ഹഫീസ് (പാകിസ്താന്‍), യുവരാജ് സിങ് (ഇന്ത്യ), ഉമര്‍ അക്മല്‍ (പാകിസ്താന്‍), എംഎസ് ധോണി (ഇന്ത്യ, ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ഷാഹിദ് അഫ്രീഡി (പാകിസ്താന്‍), സൊഹൈല്‍ തന്‍വീര്‍ (പാകിസ്താന്‍), ഉമര്‍ ഗുല്‍ (പാകിസ്താന്‍), ജസ്പ്രീത് ബുംറ (ഇന്ത്യ), സഈദ് അജ്മല്‍ (പാകിസ്താന്‍)