വിമര്‍ശകരെ ഓര്‍ത്ത് സഹതാപം തോന്നുന്നു, ധോണി ഹേറ്റേഴ്‌സിനെ കൈകാര്യം ചെയ്ത് ഇന്ത്യന്‍ താരം

Image 3
CricketIPL

ഐപിഎല്ലില്‍ ചെെൈന്ന സൂപ്പര്‍ കിംഗ്‌സിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് എം എസ് ധോണിക്ക് മേല്‍ വീണ്ടും വിമര്‍ശനശരങ്ങള്‍ പതിക്കുകയാണ്. ഐപിഎല്ലില്‍ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് തുടര്‍തോല്‍വികള്‍ ഏറ്റുവാങ്ങുന്നതുതന്നെയാണ് ധോണിയ്ക്ക് തലവേദനയാകുന്നത്.

നായകനെന്ന നിലയില്‍ ബാറ്റിംഗില്‍ മുന്നില്‍നിന്ന് നയിക്കാനും ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായ ‘തല’യ്ക്ക് സാധിക്കുന്നില്ല. ധോണി വിമര്‍ശകര്‍ സടകുടഞ്ഞ് എണീറ്റപ്പോള്‍ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നു മുന്‍താരം സയ്യിദ് കിര്‍മാനി.

‘എല്ലാ താരങ്ങളുടേയും കരിയറില്‍ ഉയര്‍ച്ചതാഴ്ചകളുണ്ടാവും. സമയത്തിനനുസൃതമായി കാര്യങ്ങളില്‍ മാറ്റമുണ്ടാകും. ധോണിയുടെ പ്രകടനത്തെ വിമര്‍ശിക്കുന്നവരോട് സഹതാപം തോന്നുന്നു. ഒരുവേള ലോകത്തെ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായിരുന്നു ധോണി എന്ന് നാം മറക്കരുത്. നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയത് അദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. യുവതാരങ്ങളോളം ചുറുചുറുക്ക് ഈ പ്രായത്തില്‍ അവശേഷിക്കുന്നുണ്ടാവില്ല. അതിനാല്‍ തന്നെ ഫോം മങ്ങുന്നത് സ്വാഭാവികമാണ്. അത് അംഗീകരിക്കുകയാണ് വേണ്ടത്’ എന്നും കിര്‍മാനി പറഞ്ഞു.

ഒരും വര്‍ഷത്തിലധികം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് എം എസ് ധോണി ക്രീസില്‍ തിരിച്ചെത്തിയിരിക്കുന്നത് എന്ന് ഓര്‍മ്മിപ്പിക്കുകയായിരുന്നു സയ്യിദ് കിര്‍മാനി. 2019 ജൂലൈയില്‍ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ ടീം ഇന്ത്യയുടെ പരാജയത്തിന് ശേഷം ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ധോണി.

മടങ്ങിവരവ് അഭ്യുഹങ്ങള്‍ക്ക് വിരാമമിട്ട് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് താന്‍ വിരമിക്കുന്നതായി ധോണി ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് പ്രഖ്യാപിച്ചു. 13 മാസത്തെ ഇടവേളയ്ക്ക് ധോണിയെ ആരാധകര്‍ ക്രീസില്‍ കാണുന്നത് യുഎഇയില്‍ നടന്നകൊണ്ടിരിക്കുന്ന ഐപിഎല്ലിലാണ്.