കോവിഡ് ബാധിച്ചതില്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും, പേരുവിവരങ്ങള്‍ പുറത്ത്

ദുബൈ: ഐപിഎല്ലില്‍ തയാറെടുക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പ്രതിസന്ധിയിലാഴ്ത്തി ടീമിലെ രണ്ടാമത്തെ താരത്തിനും കോവിഡ് സ്ഥിരീകരിച്ചു. പേസ് ബോളര്‍ ദീപക് ചാഹറിനു പിന്നാലെ യുവതാരം റുതുരാജ് ഗെയ്ക്വാദിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്കു പുറമെ ചെന്നൈ സംഘത്തില്‍പ്പെട്ട വേറെ 12 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ, സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന ഐപിഎല്‍ 13ാം സീസണില്‍ ചെന്നൈയുടെ നില കൂടുതല്‍ പരുങ്ങലിലായി. സെപ്റ്റംബര്‍ 19ന് ചെന്നൈ സൂപ്പര്‍ കിങ്സ് മുംബൈ ഇന്ത്യന്‍സ് മത്സരത്തോടെയാണ് ഐപിഎല്‍ ആരംഭിക്കുന്നത്
ദീപക് ചാഹറിന് കോവിഡ് സ്ഥിരീകരിക്കുകും സുരേഷ് റെയ്ന വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നാട്ടിലേക്ക് മടങ്ങുകയും ചെയ്തതോടെ കുരുക്കിലായ ചെന്നൈ സൂപ്പര്‍ കിങ്സിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയാണ് ടീമിലെ മറ്റൊരു താരത്തിനു കൂടി കോവിഡ് സ്ഥിരീകരിച്ചത്. ചാഹര്‍ ഉള്‍പ്പെടെ സംഘത്തില്‍പ്പെട്ട 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ടീമംഗങ്ങളുടെ ക്വാറന്റീന് കാലയളവ് സെപ്റ്റംബര്‍ ഒന്നുവരെ നീട്ടാന്‍ ടീം മാനേജ്മെന്റ് തീരുമാനിച്ചിരുന്നു.
സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് ബിസിസിഐ തയാറാക്കിയ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കോവിഡ് സ്ഥിരീകരിക്കുന്ന താരങ്ങള്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടതുണ്ട്. ക്വാറന്റീന് 10 ദിവസം പൂര്‍ത്തിയാകുമ്പോള്‍ ആദ്യ പരിശോധന നടത്തും. പിന്നീട് 13ാം ദിവസവും 14ാം ദിവസവും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. 14 മണിക്കൂറിനിടെ രണ്ടു പരിശോധനകളില്‍ കോവിഡ് ഫലം നെഗറ്റീവ് ആയെങ്കില്‍ മാത്രമേ ടീമിനൊപ്പം ചേരാന്‍ അനുവദിക്കൂ.
കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ റുതുരാജും ഐസലേഷനിലേക്ക് മാറി. മഹാരാഷ്ട്രയില്‍നിന്നുള്ള ഈ യുവതാരത്തിന് യുഎഇയിലെത്തിയശേഷം ചട്ടപ്രകാരം നടത്തിയ നാലാമത്തെ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന ഐപിഎല്‍ താരലേലത്തില്‍ ടീമിലെത്തിയ റുതുരാജ് ഇനിയും ചെന്നൈ ജഴ്സിയില്‍ അരങ്ങേറിയിട്ടില്ല. ആഭ്യന്തര തലത്തില്‍ കാഴ്ചവച്ച സ്ഥിരതയാര്‍ന്ന പ്രകടനമാണ് റുതുരാജിന് ചെന്നൈ ടീമില്‍ അവസരം നേടിക്കൊടുത്തത്.