അയാളെ കോച്ചാക്കണം, ധോണിയോട് സഹായം തേടി ബിസിസിഐ, നിര്‍ണ്ണായക നീക്കം
![Image 3](https://pavilionend.in/wp-content/uploads/2021/10/ms-dhoni-3.jpg)
ടി20 ലോകകപ്പിന് ശേഷം നിലവിലെ ഇന്ത്യയുടെ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ് സ്ഥാനം ഒഴിയുകയാണല്ലോ. ഇതിന്റെ ഭാഗമായി പുതിയ കോച്ചിനെ തേടി ബിസിസിഐ അപേക്ഷ ക്ഷണിച്ച് കഴിഞ്ഞു. സ്റ്റീഫണ്‍ ഫ്‌ളെമിംഗ്, ഗൗതം ഗംഭീര്‍, റിക്കി പോണ്ടിംഗ്, ജസ്റ്റിന്‍ ലാംഗര്‍ അടക്കം പ്രമുഖരെ ഇന്ത്യന്‍ കോച്ചാക്കാനുളള ശ്രമമാണ് ബിസിസിഐ നടത്തുന്നത്.
ഇതിനിടെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പരിശീലിപ്പിക്കുന്ന സ്റ്റീഫണ്‍ ഫ്‌ളെമിംഗിനെ കോച്ചാക്കാന്‍ ബിസിസിഐ നടത്തുന്ന ശ്രമമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സ്റ്റീഫണ്‍ ഫ്‌ളെമിംഗിനെ ഇന്ത്യയുടെ കോച്ചാക്കാന്‍ ബിസിസിഐ ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിയെ സഹായം തേടിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ആദ്യ പരിഗണന ഫ്‌ളെമിംഗിനാണ് ബിസിസിഐ നല്‍കിയിരിക്കുന്നത്. എന്നാല്‍ മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ 2027 വരെ ഇന്ത്യയുടെ പരിശീലകനാകുന്നതില്‍ അത്ര താല്‍പര്യം പ്രകടിപ്പിക്കുന്നില്ല. ഇന്ത്യന്‍ ടീമിനൊപ്പം എല്ലാ വര്‍ഷവും 10 മാസം തുടരുക എന്നതാണ് ഫ്‌ളെമിംഗിനെ പിന്നോട്ട് വലിപ്പിക്കാന്‍ കാരണം.
ഇതാണ് ബിസിസിഐ ധോണിയുടെ സഹായം തേടാന്‍ കാരണം. ധോണി ഫ്‌ളെമെിംഗുമായി ഉടന്‍ സംസാരിക്കുമെന്നും ഇതോടെ ഇക്കാര്യത്തില്‍ എന്തെങ്കിലുമൊരു തീരുമാനം ഉണ്ടാകുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
‘ഇല്ലെന്ന് ഫ്‌ലെമിംഗ് ഇതുവരെ പറഞ്ഞിട്ടില്ല. കരാറിന്റെ കാലാവധിയെക്കുറിച്ചാണ് അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുന്നത്. അതില്‍ അസ്വാഭാവികത ഒന്നുമില്ല. രാഹുല്‍ ദ്രാവിഡിന് പോലും തുടക്കത്തില്‍ താല്‍പ്പര്യമില്ലായിരുന്നു. അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയായിരുന്നു. ഫ്‌ലെമിംഗിനെ കാര്യം പറഞ്ഞ് മനസ്സിലാക്കാനുളള ആ ജോലി ചെയ്യാന്‍ എംഎസ് ധോണിയേക്കാള്‍ മികച്ചത് ആരാണ് ഉളളത്?’ പേരു വെളിപ്പെടുത്താത്ത ബിസിസിഐ വൃത്തം പറഞ്ഞു.