അവനുമായി താരതമ്യം ചെയ്ത് ധോണിയെ അപമാനിക്കരുത്, ആഞ്ഞടിച്ച് ഇന്ത്യന്‍ താരം

Image 3
CricketIPL

ഐപിഎല്‍ പതിനാലാം സീസണില്‍ കൊല്‍ക്കത്തന്‍ നായകന്‍ മോര്‍ഗനുമായി താരതമ്യം ചെയ്ത് ചെന്നൈ നായകന്‍ എംഎസ് ധോണിയെ അപമാനിക്കരുതെന്ന് ഇന്ത്യന്‍ മുന്‍താരം ഗൗതം ഗംഭീര്‍. മോശം ഫോമിന്റെ പേരില്‍ ഇരുവരേയും താരതമ്യം ചെയ്യുന്നതാണ് ഗംഭീറിനെ പ്രകോപ്പിക്കുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാതിരുന്നിട്ടും ധോണി മോര്‍ഗനേക്കാള്‍ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തതായി ഗംഭീര്‍ പറഞ്ഞു. പ്രമുഖ കായിക മാധ്യമമായ ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയോട് സംസാരിക്കുകയായിരുന്നു ഗംഭീര്‍.

‘ഫോമിലല്ലാത്തതിനാല്‍ ടൂര്‍ണമെന്റില്‍ അഞ്ചാം നമ്പറിലാണ് മോര്‍ഗന്‍ ബാറ്റിംഗ് തുടങ്ങിയത്. ബാറ്റിംഗ് ക്രമത്തില്‍ അദേഹം സ്വയം താഴേക്കിറങ്ങുകയാണ്. അതുവഴി തന്നിലുള്ള സമ്മര്‍ദം കൂട്ടുകയാണ് വാസ്തവത്തില്‍ മോര്‍ഗന്‍ ചെയ്തത്. രണ്ട് ക്യാപ്റ്റന്‍മാരുടെയും ഫോം താരതമ്യം ചെയ്യാനാവില്ല. ധോണി അന്താരാഷ്ട്ര ക്രിക്കറ്റിനോട് നേരത്തെ വിടപറഞ്ഞ താരമാണെങ്കില്‍ ഇംഗ്ലണ്ടിനെ രാജ്യന്തര ക്രിക്കറ്റില്‍ നയിക്കുന്നയാളാണ് മോര്‍ഗന്‍. ധോണിയുമായി തട്ടിച്ചുനോക്കിയാല്‍ വളരെ മോശം ഫോമിലാണ് മോര്‍ഗന്‍’ എന്നും കെകെആര്‍ മുന്‍ നായകന്‍ കൂടിയായ ഗംഭീര്‍ വ്യക്തമാക്കി.

ഐപിഎല്‍ പതിനാലാം സീസണിലെ കലാശപ്പോരില്‍ ധോണിയുടെ ചെന്നൈ മോര്‍ഗന്റെ കൊല്‍ക്കത്തയെ ഇന്ന് നേരിടാനിരിക്കേയാണ് ഗംഭീറിന്റെ പ്രതികരണം. ദുബായില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് ഫൈനല്‍. മുമ്പ് ഫൈനലിലെത്തിയ രണ്ട് വട്ടവും കൊല്‍ക്കത്ത ചാമ്പ്യന്മാരായെങ്കില്‍ ഒമ്പതാം ഫൈനലില്‍ നാലാം കിരീടമാണ് ചെന്നൈയുടെ ലക്ഷ്യം.

സീസണില്‍ ബാറ്റിംഗില്‍ ധോണിയും മോര്‍ഗനും മികച്ച പ്രകടനമല്ല പുറത്തെടുത്തത്. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ ക്വാളിഫയറില്‍ ആറ് പന്തില്‍ 18 റണ്‍സെടുത്ത ധോണിയുടെ പ്രകടനം നിര്‍ണായകമായി. അതേസമയം രണ്ടാം ക്വാളിഫയറില്‍ മോര്‍ഗന്‍ പൂജ്യത്തില്‍ പുറത്തായി. സീസണില്‍ 15 മത്സരങ്ങളില്‍ 114 റണ്‍സ് മാത്രമാണ് ധോണിയുടെ സമ്പാദ്യം. യുഎഇ പാദത്തില്‍ കാലിടറുന്ന മോര്‍ഗന് 16 മത്സരങ്ങളില്‍ 129 റണ്‍സേയുള്ളൂ