ചെന്നൈ ക്യാമ്പ് ചീഞ്ഞൂനാറുന്നു, ധോണിയും കൂട്ടരും ശീതസമരത്തില്‍?

Image 3
CricketIPL

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മത്സരം കണ്ടതോടെ ക്രിക്കറ്റ് ലോകത്തിന് ഒരു കാര്യം വ്യക്തമായി. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഗുരുതരമായ എന്തൊക്കെയോ പ്രശ്‌നങ്ങള്‍ക്ക് നടുവിലാണെന്ന്. എന്നാല്‍ കാര്യമെന്തെ്ന്ന് ഒരാള്‍ക്കും ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

നിലവില്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കളിക്കുന്നത് വിജയതൃഷ്ണ ഒട്ടും പ്രകടിപ്പിക്കാതെയാണ്. അനായാസമായി ജയിക്കാവുന്ന കളികള്‍ പോലും അമ്പരപ്പിക്കും വിധം തോറ്റുകൊടുക്കുകയാണ് നിലവില്‍ ചെയ്യുന്നത്. ഒരു ക്രിക്കറ്റ് പ്രേമിയ്ക്കും പൊറുക്കാനാകാത്ത ഈ തെറ്റിന് പിന്നില്‍ അതിനെ ന്യായീകരിക്കുന്ന കാരണങ്ങളുണ്ടോ?. അങ്ങനെ ഉണ്ടെന്ന് തന്നെയാണ് കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

ആറ് മത്സരങ്ങളില്‍ നാലിലും തോറ്റ ചെന്നെയ്ക്ക തോല്‍വികള്‍ പരിശോധിക്കുമ്പോള്‍ ഒരു പാറ്റേണ്‍ കാണാം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഒഴികെ മറ്റ് മത്സരങ്ങളിലെല്ലാം വേണമെങ്കില്‍ ചെ്‌ന്നൈയ്ക്ക് ജയിക്കാമായിരുന്നു. ഇതില്‍ ഒരു മത്സരത്തില്‍ തോല്‍വി ഉറപ്പാക്കി കഴിഞ്ഞതിന് ശേഷം വെടിക്കെട്ട് പ്രകടനം നടത്തുന്ന ചെന്നൈയേയും ആരാധകര്‍ കണ്ടു.

കൊല്‍ക്കത്തയ്‌ക്കെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തോറ്റത് അവിശ്വസനീയമായിട്ടായിരുന്നു. അതായത് ഒരുഘട്ടത്തില്‍ ഒന്‍പത് വിക്കറ്റ് ബാക്കിനില്‍ക്കെ 48 പന്തില്‍ 69 റണ്‍സ് മാത്രം മതിയായിരുന്നു ചെന്നൈയ്ക്ക്.

വിജയമുറപ്പിച്ച ചെന്നൈ ആരാധകരെ ഞെട്ടിച്ച കാഴ്ചകളാണ് പിന്നെ അരങ്ങേറിയത്. 13ാം ഓവറിന്റെ ആദ്യ പന്തില്‍ റായുഡുവും 14ാം ഓവറിന്റെ ആദ്യ പന്തില്‍ അര്‍ധസെഞ്ചുറിയുമായി വാട്‌സനും പുറത്തായി. റായുഡു 27 പന്തില്‍ മൂന്നു ബൗണ്ടറികളോടെ 30 റണ്‍സെടുത്തു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയ വാട്‌സന്‍ 40 പന്തില്‍ ആറു ഫോറും ഒരു സിക്‌സും സഹിതം 50 റണ്‍സെടുത്തു. വാട്‌സന്‍ പുറത്താകുമ്പോഴും 13.1 ഓവറില്‍ മൂന്നിന് 101 റണ്‍സ് എന്ന നിലയിലായിരുന്നു ചെന്നൈ.

എന്നാല്‍, അവിടുന്നങ്ങോട്ട് ആദ്യം ധോണിയും പിന്നീട് കേദാര്‍ ജാദവും ബാറ്റിങ്ങില്‍ സ്വീകരിച്ച മെല്ലെപ്പോക്കാണ് 17ാം ഓവറിന്റെ മൂന്നാം പന്തില്‍ വരുണ്‍ ചക്രവര്‍ത്തിക്ക് മത്സരത്തിലെ ആദ്യ വിക്കറ്റ് സമ്മാനിച്ച് ക്ലീന്‍ ബൗള്‍ഡായി മടങ്ങുമ്പോള്‍ ധോണി ആകെ നേടിയത് 12 പന്തില്‍ 11 റണ്‍സ്. ഇതില്‍ ഒരേയൊരു ബൗണ്ടറി മാത്രമാണ് ഉണ്ടായിരുന്നത്. ധോണി പുറത്തായതില്‍ ‘ആശ്വസിച്ചിരുന്ന’ ആരാധകരെ ‘ഞെട്ടിക്കുന്ന’ പ്രകടനമാണ് തുടര്‍ന്നെത്തിയ കേദാര്‍ ജാദവ് പുറത്തെടുത്തത്. ടെസ്റ്റുപോലെ മുഴുനീളെ പ്രതിരോധവുമായി കളംനിറഞ്ഞ ജാദവ്, ധോണിയുടെ പേരിലുള്ള ചീത്തപ്പേരു പോലും മായിച്ചു എന്നതാണ് വാസ്തവം

ധോണി പുറത്താകുമ്പോള്‍ ചെന്നൈയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 21 പന്തില്‍ 39 റണ്‍സ്. ക്രീസില്‍ കൂട്ടിന് വമ്പന്‍ അടികള്‍ക്കു കെല്‍പ്പുള്ള സാം കറന്‍. വരാനുള്ളത് രവീന്ദ്ര ജഡേജ, ഡ്വെയിന്‍ ബ്രാവോ തുടങ്ങിയ പവര്‍ ഹിറ്റുകള്‍ക്ക് പേരു കേട്ട താരങ്ങളും. എന്നിട്ടും ക്രീസിലെത്തിയ ആദ്യ മൂന്നു പന്തുകള്‍ ജാദവ് പ്രതിരോധിച്ചു. ഇതോടെ വിജയലക്ഷ്യം 18 പന്തില്‍ 39 റണ്‍സായി ഉയര്‍ന്നു. സമ്മര്‍ദ്ദമേറിയതോടെ അടുത്ത ഓവറിലെ ആദ്യ പന്തില്‍ കറന്‍ പുറത്തായി. 11 പന്തില്‍ ഓരോ ഫോറും സിക്‌സും സഹിതം നേടിയത് 17 റണ്‍സ്. ഇതോടെ വിജയലക്ഷ്യം 17 പന്തില്‍ 39 റണ്‍സ്. അപ്പോഴും ആരാധകര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു.

കൂട്ടിനെത്തിയ രവീന്ദ്ര ജഡേജയെ സാക്ഷിനിര്‍ത്തി 18ാം ഓവറിലെ രണ്ടു പന്തുകള്‍ കൂടി ജാദവ് പ്രതിരോധിച്ചു. സുനില്‍ നരെയ്ന്‍ എറിഞ്ഞ അടുത്ത ഓവറില്‍ ഒരു ഫോര്‍ നേടിയെങ്കിലും തൊട്ടടുത്ത പന്ത് വീണ്ടും പ്രതിരോധിച്ചു. രവീന്ദ്ര ജഡേജയ ഒരു ബൗണ്ടറി നേടിയിട്ടും അവസാന ഓവറില്‍ ചെന്നൈയുടെ വിജയലക്ഷ്യം 26 റണ്‍സായി. ഈ ഓവറിലെ ആദ്യ രണ്ട് പന്തുകള്‍ കൂടി ജാദവ് പ്രതിരോധിച്ചതോടെയാണ് ആരാധകര്‍ക്ക് കലിയിളകിയത്. മാത്രമല്ല, ആദ്യ പന്തില്‍ സിംഗിളെടുക്കാന്‍ അവസരമുണ്ടായിരുന്നിട്ടും ജാദവ് സമ്മതിച്ചില്ല. ഒടുവില്‍ മൂന്നാം പന്തില്‍ സിംഗിളെടുത്ത് ജഡേജയ്ക്ക് സ്‌ട്രൈക്ക് കൈമാറുമ്പോഴേയ്ക്കും വിജയം ചെന്നൈയുടെ കയ്യില്‍നിന്ന് വഴുതിയിരുന്നു. എന്നിട്ടും നേരിട്ട അവസാന മൂന്നു പന്തില്‍ ജഡേജ ഒരു സിക്‌സും രണ്ടു ഫോറും നേടി! തോല്‍വി 10 റണ്‍സിന്!.

സുരേഷ് റെയ്‌നയെ തിരിച്ചുകൊണ്ട് വരാന്‍ ആണോ റണ്‍റൈറ്റ് കളയാതെ ചെന്നൈ തോറ്റ് കൊടുക്കുന്നത്. അതിന് വേണ്ടിയുളള ബലാബലമാണോ ചെന്നൈ ക്യാമ്പില്‍ നടക്കുന്നു. നൂറായിരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടത് കാലമാണ്.