ചൊറിഞ്ഞ ധോണിയുടെ വായടപ്പിച്ച് ഇഷാന്ത്, ജഡേജയെ ചെവിപൊട്ടുന്ന ചീത്തവിളിച്ച് ധോണി
കഴിഞ്ഞ ഐപിഎല്ലിനിടെ സംഭവിച്ച രംഗകരമായ ഒരു സംഭവം ഓര്‍ത്തെടുക്കുകയാണ് ഇന്ത്യന്‍ പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ്മ. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന മലയാളം പഴഞ്ചൊല്ല് അനര്‍ത്ഥമാക്കും വിധം ഡല്‍ഹി-ചെന്നൈ ക്വാളിഫയറിനിടെയാണ് ഏറെ കൗതുകം ഉളവാക്കുന്ന ഈ സംഭവം നടന്നത്. ഐസൊലേഷന്‍ പ്രീമിയര്‍ ലീഗ് എന്ന ചാറ്റ് ഷോയില്‍ സംസാരിച്ചപ്പോഴാണ് ഇഷാന്ത് ഇക്കാര്യം പറഞ്ഞത്.
ഡല്‍ഹിക്കായി ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയതായിരുന്നു ഇഷാന്ത്. എന്നാല്‍ ധോണി അസാദാരണമായ രീതിയില്‍ ഇഷാന്തിനെ ‘ചൊറിയുക’യായിരുന്നു. ഇതിന് ഇഷാന്ത് നല്‍കിയ മറുപടിയും ധോണിയുടെ പ്രതികരണവും താരം വിവരിക്കുന്നതിങ്ങനെ.
‘രവീന്ദ്ര ജഡേജയായിരുന്നു ആ സമയം ചെന്നൈക്കായി പന്തെറിഞ്ഞിരുന്നത്. ഞാന്‍ ക്രീസിലെത്തിയപ്പോഴെ ധോണി എന്നെ കളിയാക്കി പറഞ്ഞു, നിനക്ക് സിക്‌സൊന്നും അടിക്കാനാവില്ല, കാരണം നിനക്ക് അത്ര ശക്തിയൊന്നുമില്ല. അപ്പോഴാണ് ജഡേജ എനിക്കെതിരെ പന്തെറിയാനെത്തുന്നത്. ജഡേജയുടെ പന്തില്‍ ആദ്യം ഒരു ബൗണ്ടറി നേടിയ ഞാന്‍, അടുത്ത പന്ത് സിക്‌സറിന് പറത്തി.
എന്നിട്ട് പ്രതികരണമറിയാനായി ഞാന്‍ തിരിഞ്ഞ് ധോണിയുടെ മുഖത്തേക്ക് നോക്കി. എന്നാല്‍ എന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ, ജഡേജയെ ചെവിപൊട്ടുന്ന ചീത്തവിളിക്കുകയായിരുന്നു അപ്പോള്‍ ധോണി’ ഇഷാന്ത് പറഞ്ഞു.