‘ക്ലബിനായി കളിക്കുമ്പോഴുള്ള മികവ് രാജ്യത്തിനായി ഇല്ല’; സൂപ്പർ താരത്തിനെതിരെ മൗറീഞ്ഞോ

യൂറോയിൽ മരണഗ്രൂപ്പിലെ മരണക്കളിയിൽ ഫ്രാൻസുമായി കൊമ്പ് കോർക്കാൻ പോർച്ചുഗൽ തയ്യാറാകവേ പോർച്ചുഗൽ താരം ബ്രൂണോ ഫെർണാണ്ടസിനെതിരെ രൂക്ഷവിമർശനവുമായി ജോസേ മൗറീഞ്ഞോ രംഗത്ത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ബ്രൂണോ കളിക്കളത്തിൽ ഉണ്ടായിരുന്നതായി തോന്നിച്ചില്ലെന്ന് വിലയിരുത്തിയ മൗറീഞ്ഞോ അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുന്ന ബ്രൂണോയെയാണ് കാണാൻആഗ്രഹിക്കുന്നതെന്നും അഭിപ്രായപ്പെട്ടു.

മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കുന്ന ബ്രൂണോ എല്ലാം തികഞ്ഞ കളിക്കാരനാണ്. അയാൾക്ക് കളിയിൽ ഗോളടിക്കാൻ, അടിപ്പിക്കാൻ, പെനാൽറ്റി നേടാനും, അതു ഗോളാക്കാനും, മികച്ച ഫ്രീകിക്കുകൾ തൊടുക്കാനും എല്ലാം കഴിയും എന്നാൽ എന്തുകൊണ്ടോ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഈ ബ്രൂണോയെ കളിക്കളത്തിൽ കാണാനായില്ല. പോർച്ചുഗൽ പത്തുപേരുമായി കളിക്കുന്നത് പോലെയാണ് തോന്നിയത്. – മുൻ മാഞ്ചസ്റ്റർ പരിശീലകൻ കൂടിയായ മൗറീഞ്ഞോ പറയുന്നു.

യൂറോയിൽ ആദ്യ രണ്ടു മത്സരങ്ങളിലും ആദ്യഇലവനിൽ ഇടം പിടിച്ച ബ്രൂണോ ഫെർണാണ്ടസിനെ ഫ്രാൻസിനെതിരായ നിർണായക മത്സരത്തിൽ കളിപ്പിക്കരുതെന്ന് ആവശ്യപ്പെടുന്ന ആരാധകർ കുറവല്ല.  ബ്രൂണോയ്ക്ക് പകരം റെനാറ്റോ സാഞ്ചസിനെ കളിപ്പിക്കാൻ  പരിശീലകൻ സാന്റോസ് തയ്യാറായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

You Might Also Like