സിറ്റി സൂപ്പർതാരത്തെ തടഞ്ഞാൽ വിലകൂടിയ പന്നിക്കാൽ, വാഗ്ദാനം പാലിച്ച് ഹോസെ മൗറിഞ്ഞോ

കഴിഞ്ഞ ശനിയാഴ്ച നടന്ന പ്രീമിയർലീഗ് മത്സരത്തിൽ ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് ഹോസെ മൗറിഞ്ഞോയുടെ ടോട്ടനം ഹോട്സ്പർ ലീഗിൽ ഒന്നാമതെത്തിയിരുന്നു. സൺ ഹ്യുങ് മിന്നിന്റെയും മധ്യനിരതാരം ലോ സെൽസോയുടെയും ഗോളുകളാണ് ടോട്ടനത്തിനു മിന്നും വിജയം സമ്മാനിച്ചത്. എന്നാൽ മത്സരത്തിനു ശേഷം ജോസെ മൗറിഞ്ഞോ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്ത ഒരു ചിത്രം ഇപ്പോൾ വൈറലായിരിക്കുകയാണ്.

മൗറിഞ്ഞോയും ടോട്ടനത്തിന്റെ സ്പാനിഷ് ലെഫ്റ്റ്ബാക്കായ സെർജിയോ റെഗ്വിലോണും ഒരു പന്നിക്കാലിന്റെ അടുത്ത് നിൽക്കുന്ന ചിത്രമാണ് മൗറീഞ്ഞോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിയിരിക്കുന്നത്. പോസ്റ്റിനു അടിക്കുറിപ്പായി “വാക്കെപ്പോഴും വാക്കായിരിക്കും, ഇതെനിക്ക് 500 യൂറോ ചെലവുണ്ടാക്കിയെങ്കിലും ഞാൻ എന്റെ വാക്ക് പാലിക്കാറാണ് പതിവ്” എന്നും ചേർത്തിരുന്നു.

എന്നാൽ ഈ സംഭവത്തിനു പിന്നിൽ രസകരമായ മറ്റൊരു സംഭവമുണ്ട്. സിറ്റി മത്സരത്തിനു മുന്നോടിയായി മൗറീഞ്ഞോ സെർജിയോ റെഗ്വിലോണിനു ഒരു വാഗ്ദാനം നൽകിയിരുന്നു. സ്പാനിഷ് മാധ്യമമായ എബിസിയുടെ റിപ്പോർട്ടുകൾ പ്രകാരം മത്സരത്തിൽ സിറ്റി താരമായ റിയാദ് മെഹ്രസ് റെഗ്വിലോണെ ഡ്രിബിൾ ചെയ്തു പോവുന്നത് തടഞ്ഞാൽ ലോകത്തെ ഏറ്റവും വിലകൂടിയ ഐബീരിയൻ പന്നിക്കാൽ മൗറിഞ്ഞോ വാഗ്ദാനം ചെയ്തുവെന്നാണ് അറിയാനാകുന്നത്.

650 ഡോളർ അഥവാ നാൽപത്തിഎണ്ണായിരത്തിലധികം രൂപയാണ് ഈ അപൂർവ പന്നിയുടെ ഒരു കാലിന്റെ വിലയായി കണക്കാക്കപ്പെടുന്നത്. എന്തായാലും മൗറിഞ്ഞോ റെഗ്വിലോണു നൽകിയ വാഗ്ദാനം അങ്ങനെ പാലിക്കപ്പെട്ടിരിക്കുകയാണ്. മൗറിഞ്ഞോ മാത്രമല്ല ഇങ്ങനെ താരങ്ങൾക്ക് ഭക്ഷണം വാഗ്ദാനം ചെയ്ത് പ്രചോദനം നൽകിയിട്ടുള്ളത്. മുൻ ടോട്ടനം പരിശീലകനായ പൊചെട്ടിനോയും ഈ രീതി പിന്തുടർന്നിട്ടുണ്ട്. ലോക്കൽ ഡെർബിയായ വെസ്റ്റ്ഹാമുമായുള്ള മത്സരശേഷം മാംസാഹാരശാലയിലേക്ക് മൊത്തം സ്‌ക്വാഡിനെ കൊണ്ടു പോയിരുന്നു. ശേഷം മൊത്തം ബിൽ നൽകിയതും പൊചെട്ടിനോ തന്നെയാണ്.

You Might Also Like