ബെയ്ലിലും റെഗ്വിലോണിലും നിർത്താനുദ്ദേശമില്ല, മറ്റൊരു റയൽ മാഡ്രിഡ്‌ താരത്തിനായി മൗറിഞ്ഞോ

റയൽ മാഡ്രിഡിൽ നിന്നും പ്രീമിയർ ലീഗ് വമ്പന്മാരായ ഹോസെ മൗറിഞ്ഞോയുടെ ടോട്ടനം ഹോട്സ്പറിലേക്ക് ചേക്കേറിയ രണ്ടു താരങ്ങളാണ് ഗാരെത് ബെയ്ലും സെർജിയോ റെഗ്വിലോണും. പ്രീമിയർ ലീഗിൽ മികച്ച പ്രകടനം തുടരുന്ന ടോട്ടനത്തിലേക്ക് മറ്റൊരു റയൽ മാഡ്രിഡ് താരത്തെ കൂടി സ്വന്തമാക്കാനുള്ള ശ്രമമാരംഭിച്ചിരിക്കുകയാണ് മൗറിഞ്ഞോയും സംഘവും.

റയലിന്റെ മധ്യനിരയിലെ മാന്ത്രികനും ബാലൺ ഡിയോർ ജേതാവുമായ സാക്ഷാൽ മോഡ്രിച്ചിനെയാണ് ടോട്ടനം നോട്ടമിട്ടിരിക്കുന്നത്. മുൻ ടോട്ടനം ഹോട്സ്പർ താരമായ മോഡ്രിച് റയൽ മാഡ്രിഡിൽ ഈ സീസണാവസാനം കരാർ അവസാനിക്കാനിരിക്കുന്ന താരമാണ്. റയലിൽ പുതിയ കരാറിനായി മോഡ്രിച്ച്‌ ശ്രമിക്കുന്നുണ്ടെങ്കിലും പെരെസിന്റെ ഭാഗത്തു നിന്നും ഇതുവരെയും താരത്തെ നിലനിർത്താൻ ഒരു നീക്കങ്ങളും ഉണ്ടായിട്ടില്ലെന്നത് ടോട്ടനത്തിനു അനുകൂല സാഹചര്യമൊരുക്കുന്നുണ്ട്.

സ്പാനിഷ് മാധ്യമമായ എൽ ചിരിങ്യുറ്റോ ഡി ജൂഗോനെസ് ആണ് ഈ വാർത്താ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. റയൽ മാഡ്രിഡ്‌ പരിശീലകൻ സിനദിൻ സിദാനു മോഡ്രിച്ചിനെ നിലനിർത്തണമെന്നുണ്ടെങ്കിലും മറ്റു പ്രധാനതാരങ്ങളായ ക്യാപ്റ്റൻ സെർജിയോ റാമോസിന്റെയും ലൂക്കാസ് വാസ്കസിന്റെയും കരാർ മോഡ്രിച്ചിന് സമാനമായി പുതുക്കേണ്ട സാഹചര്യമാണുള്ളതെന്നത് പ്രസിഡന്റായ ഫ്ലോരെന്റിനോ പെരസിനെ സമ്മർദത്തിലാക്കുന്നുണ്ട്.

റയൽ മാഡ്രിഡ്‌ മോഡ്രിച്ചിനെ നിലനിർത്താൻ ശ്രമിക്കുമെങ്കിലും വരുന്നത് ജനുവരി ട്രാൻസ്ഫറിൽ മോഡ്രിച്ചിനെ ടോട്ടനത്തിലെത്തിക്കാൻ മൗറീഞ്ഞോ ശ്രമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. 2012ൽ ടോട്ടനത്തിൽ നിന്നും റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ മോഡ്രിച്ചിന് റയലിനൊപ്പം രണ്ടു ലാലിഗ കിരീടങ്ങളും നാലു ചാമ്പ്യൻസ്‌ലീഗ് കിരീടങ്ങളും നേടാൻ സാധിച്ചിട്ടുണ്ട്.

You Might Also Like