വെസ്റ്റ്‌ഹാമിനെതിരായ തോൽവി, ലാംപാർഡിനു പിന്നാലെ മൗറിഞ്ഞോയും പുറത്താക്കൽ ഭീഷണിയിൽ

ലാംപാർഡിനു പിന്നാലെ പ്രീമിയർ ലീഗിലെ മറ്റൊരു പ്രമുഖ പരിശീലകൻ കൂടി പുറത്താവലിൻ്റെ വക്കിലെത്തി നിൽക്കുകയാണ്. മറ്റാരുമല്ല ലോക പ്രശസ്ത പരിശീലകനായ ടോട്ടനം ഹോട്സ്പറിൻ്റെ സ്വന്തം ഹോസെ മൗറിഞ്ഞോയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ടോട്ടനത്തിൻ്റെ സമീപകാലത്തെ പ്രകടനമാണ് മൗറീഞ്ഞോക്ക് തിരിച്ചടിയായി ഭവിച്ചിരിക്കുന്നത്.

ടോട്ടനത്തിൻ്റെ പ്രകടനം കണക്കിലെടുക്കുകയാണെങ്കിൽ ആറു പ്രീമിയർ ലീഗ് മത്സരങ്ങളിൽ അഞ്ചു പരാജയങ്ങളാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ഒപ്പം എഫ്എ കപ്പിൽ എവർട്ടണോട് തോറ്റു പുറത്താവുകയും ചെയ്തിരുന്നു. കഴിഞ്ഞ മത്സരത്തിൽ വെസ്റ്റ്ഹാമിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അടിയറവു പറഞ്ഞതോടെയാണ് ലാംപാർഡിനു സമാനമായ സാഹചര്യം മൗറിഞ്ഞൊക്കും ഉയർന്നു വന്നിരിക്കുന്നത്.

ക്രിസ്തുമസിന് മുൻപ് കിരീടത്തിനായി മികച്ച പോരാട്ടം കാഴ്ച വെച്ചിരുന്ന ടീമായിരുന്നു ടോട്ടൻമെങ്കിലും പിന്നീടുള്ള തോൽവികൾ പോയിന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്തേക്ക് തള്ളിയിടുകയായിരുന്നു. ടോട്ടനത്തിനു മുൻപിൽ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരബാവോ കപ്പ്‌ ഫൈനലും യൂറോപ്പ ലീഗിൽ അടുത്ത റൗണ്ടിലേക്ക് കടക്കാൻ സാധ്യതയുള്ള ഓസ്ട്രിയൻ ക്ലബ്ബായ വോൾവ്സ്ബർഗറിനെതിരെ 4-1ന്റെ മികച്ച വിജയവും എടുത്തു പറയാനുള്ള നേട്ടമായി നിലനിൽക്കുന്നുണ്ടെങ്കിലും സമീപകാലത്തെ ഫോമിലുള്ള കുറവാണ് ക്ലബ്ബിനെ മാറ്റിചിന്തിപ്പിക്കുന്നത്.

എന്നാൽ ഈ തോൽവിക്കു ശേഷവും ലോകത്തിലെ ഏറ്റവും മികച്ച പരിശീലകൻ താൻ തന്നെയാണെന്നാണ്‌ മൗറിഞ്ഞോ അവകാശപെട്ടത്. തന്റെ പരിശീലനരീതികൾ ലോകത്തുള്ള ഏതൊരു പരിശീലകനേക്കാൾ മികച്ചതാണെന്നാണ് മൗറിഞ്ഞോ അഭിപ്രായപ്പെട്ടത്. എന്തായാലും ടോട്ടനത്തിലെ മൗറിഞ്ഞോയുടെ ഭാവി വരും മത്സരങ്ങളിലെ ഫലങ്ങളെ അനുസരിച്ചായിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല.

You Might Also Like