കരാർ ഇതുവരെയും പുതുക്കിയില്ല, റാമോസിനെ റാഞ്ചാൻ മൗറിഞ്ഞോ അണിയറയിലൊരുങ്ങുന്നു

റയൽ മാഡ്രിഡിൽ മധ്യനിരയിലെ മാന്ത്രികനായ ലൂക്കാ മോഡ്രിച്ചിന്റെ കരാർ 2022 വരെ പുതുക്കിയെങ്കിലും പ്രതിരോധത്തിലെ സുപ്രധാനതാരവും ക്യാപ്റ്റനുമായ സെർജിയോ റാമോസിന്റെ കരാറിന്റെ കാര്യത്തിൽ ഇതുവരെ ഒരു തീരുമാനവുമായിട്ടില്ലെന്നത് റയൽ മാഡ്രിഡ്‌ ആരാധകർക്കിടയിൽ ആശങ്കയുണർത്തുന്നുണ്ട്. റാമോസില്ലാത്ത മത്സരങ്ങളിൽ റയൽ പ്രതിരോധം പ്രതീക്ഷിച്ച പ്രകടനം നടത്താതെ പോവുന്നതാണ് പ്രധാന പ്രശ്നമായി ഉയരുന്നത്.

സാലറി കുറക്കാൻ സമ്മതിച്ചത് കൊണ്ടാണ് ലൂക്ക മോഡ്രിച്ചിനെ റയൽ നിലനിർത്താൻ തീരുമാനമായതെങ്കിലും  റാമോസിന്റെ കാര്യം അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. നിലവിലെ ശമ്പളത്തിൽ തന്നെ രണ്ടു വർഷത്തെ കരാറാണ് റാമോസിന്റെ ആവശ്യം. എന്നാൽ പ്രായമായ താരങ്ങൾക്ക് റയൽ മാഡ്രിഡിന്റെ പോളിസിയിൽ ഒരു വർഷത്തെ കരാറാണ് നൽകാറുള്ളത്. ഓരോ വർഷവും അത് പുതുക്കുന്ന രീതിയാണ് തുടർന്ന് പോരുന്നത്. എന്നാൽ റാമോസ് ഈ ആവശ്യത്തിൽ തന്നെ തുടരുന്നതാണ് കരാർ പുതുക്കുന്നത് വൈകുന്നത്.

എന്നാൽ റയലിലെ റാമോസിന്റെ സാഹചര്യങ്ങൾ നിരീക്ഷിച്ച് മുൻ പരിശീലകനായ ജോസെ മൗറിഞ്ഞോ താരത്തിന്റെ പിറകിലുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടോട്ടനത്തിലേക്ക് നിലവിൽ രണ്ടു താരങ്ങളെ റയൽ മാഡ്രിഡിൽ നിന്നും സ്വന്തമാക്കാൻ മൗറിഞ്ഞോക്ക് സാധിച്ചിട്ടുണ്ട്. ഗാരെത് ബെയ്‌ലിനും സെർജിയോ റെഗ്വിലോണും പിന്നാലെ റാമോസിനെയും സ്വന്തമാക്കാനുള്ള നീക്കമാണ് നടത്തുന്നത്.

ഇംഗ്ലീഷ് മാധ്യമമായ ഈവെനിംഗ് സ്റ്റാൻഡേർഡ് ആണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. റാമോസിന് മുൻപ് ലൂക്കാ മോഡ്രിച്ചിനെയും ടോട്ടനം ലക്ഷ്യമിട്ടിരുന്നു. മോഡ്രിച്ച് കരാർ പുതുക്കിയതോടെ ശ്രദ്ധ റാമോസിലേക്ക് തിരിയുകയായിരുന്നു. ബെയ്‌ലിനെ തിരിച്ചു റയൽ മാഡ്രിഡിലേക്ക് വിടാനുള്ള നീക്കവും ടോട്ടനത്തിന്റെ ഭാഗത്തു നിന്നുമുണ്ട്. ഇത് റയലിനു വീണ്ടും തിരിച്ചടിയാവുമെന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല.

You Might Also Like