ജര്‍മ്മനി, സ്‌കോട്ട്‌ലന്റ്, ഖത്തര്‍, ജിങ്കനെ തേടിയെത്തിയ ആ 3 ഓഫറുകള്‍ ഇങ്ങനെ

Image 3
FootballISL

കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ട സന്ദേഷ് ജിങ്കന്‍ ഒരു വിദേശ ക്ലബിലേക്ക് ചേക്കേറിയേക്കുമെന്ന റൂമറുകള്‍ ശക്തമാണ്. വിദേശത്ത് ട്രയല്‍സില്‍ പങ്കെടുക്കാനാണ് ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സ് വിട്ടതെന്ന റിപ്പോര്‍ച്ചുകള്‍ നേരത്ത് മുതലേ ഉണ്ടായിരുന്നു. ജിങ്കനില്‍ താല്‍പര്യം പ്രകടിപ്പിച്ച് മൂന്ന് ക്ലബുകളാണ് രംഗത്തുളളതെന്നാണ് സൂചന.

സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിയ്ക്കുന്ന മദര്‍വെല്‍ എഫ്‌സിയും, ജര്‍മ്മനിയിലെ മൂന്നാം ഡിവിഷന്‍ ക്ലബായ ഹല്ലര്‍സ്‌കെയറും ഖത്തരി ക്ലബ് അല്‍ ഖറാഫ എസ്സിയുമാണ് ജിങ്കനെ നോട്ടമിട്ടിരിയ്ക്കുന്നതത്രെ. എന്നാല്‍ എങ്ങോട്ട് പോകണമെന്ന് ജിങ്കന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

അതെസമയം 26കാരനായ താരം ഐഎസ്എല്ലില്‍ തന്നെ കളിച്ചേക്കുമെന്ന വാര്‍ത്തകളും സജീവമാണ്. എടികെ കൊല്‍ക്കത്ത, ഒഡീഷ എഫ്‌സി തുടങ്ങി ആറോളം ഐഎസ്എല്‍ ക്ലബുകള്‍ ഇതിനോടകം തന്നെ ജിങ്കനുമായി പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു.

വിദേശത്ത് പോകണോ, ഇന്ത്യയില്‍ തന്നെ തുടരണമോ എന്ന കൂട്ടികിഴിച്ചിലിലാണ് ജിങ്കന്‍ ക്യാമ്പ്. മുന്‍ താരങ്ങള്‍ പലരും വിദേശ ക്ലബുകളുമായി കരാര്‍ നേടിയെടുത്തെങ്കില്‍ അവര്‍ക്കൊന്നും അവിടെ കാര്യമായ അവസരം ലഭിക്കാത്തതാണ് ജിങ്കനെ വിദേശത്തേയ്ക്ക് വിമാനം കയറുന്നതിനെ തടയുന്നത്. എന്തായാലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ജിങ്കന്‍ ഉടന്‍ എടുക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചന.