ഐപിഎല്ലിനെതിരെ പൊട്ടിത്തെറിച്ച് സാംപ, ബിസിസിഐയ്ക്ക് വന്‍ നാണക്കേട്

കോവിഡ് പേടിയെ തുടര്‍ന്ന് ഐ.പി.എല്‍ സീസണില്‍ നിന്ന് പാതി വഴിയില്‍ പിന്മാറിയ ഓസ്ട്രേലിയന്‍ താരം ആദം സാംപ ടൂര്‍ണമെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. താന്‍ ഭാഗമായതില്‍ വെച്ച് ഏറ്റവും ദുര്‍ബലമായ ബയോ ബബിള്‍ സംവിധാനമാണ് ഐപിഎല്ലിലേത് എന്നും യു.എ.ഇയില്‍ വെച്ച് തന്നെ ഈ സീസണും നടത്തണമായിരുന്നെന്നും സാംപ പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തില്‍ വിദേശ താരങ്ങള്‍ ഐ.പി.എല്ലില്‍ നിന്നു പിന്മാറുമ്പോള് എല്ലാ സംവിധാനങ്ങളും സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് ഉറപ്പു നല്‍കുന്നതിനിടേയാണ് ബി.സി.സി.ഐയെ തള്ളി സാംപ രംഗത്തെത്തിയിരിക്കുന്നത്. ഓസ്ട്രേലിയന്‍ മാധ്യമമായ സിഡ്നി മോര്‍ണിങ് ഹെറാള്‍ഡിന് നല്കിയ അഭിമുഖത്തിലാണ് സാംപ ഇക്കാര്യങ്ങള്‍ തുറന്നടിച്ചത്
”വളരെ കുറച്ച് ബബിളുകളാണുള്ളത്. അതുതന്നെ ഞാന്‍ കണ്ടതില്‍ വച്ചേറ്റവും മോശം. ഇന്ത്യയാണെന്ന് അറിയാം. അതിനാല്‍ത്തന്നെ കൂടെക്കൂടെ ശുചിത്വം ശ്രദ്ധിക്കണമെന്നു ഞങ്ങള്‍ പറയാറുണ്ട്. എന്നാല്‍ സഹിക്കാവുന്നതിലുമപ്പുറമായിരുന്നു കാര്യങ്ങള്‍’ സാംപ പറഞ്ഞു.
‘ആറുമാസം മുമ്പ് ദുബായിയില്‍ നടന്ന ഐ.പി.എല്ലില്‍ മുഴുവന്‍ മത്സരങ്ങളിലും ഞങ്ങള്‍ ടീമിനൊപ്പം ഉണ്ടായിരുന്നു. ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല. അത്ര സുരക്ഷിതത്വവും ശുചിത്വവും അനുഭവപ്പെട്ടിരുന്നു. ഈ ഐ.പി.എല്ലും അവിടെയായിരുന്നു നടത്തിയിരുന്നതെങ്കില്‍ ഞങ്ങള്‍ ടീമിനൊപ്പം തുടര്‍ന്നേനെ. പക്ഷേ എല്ലാത്തിലും രാഷ്ട്രീയമുണ്ടല്ലോ’ സാംപ പറഞ്ഞു.
‘ഇവിടുത്തെ സാഹചര്യങ്ങള്‍ പരിശീലനം നടത്താന്‍ പോലുമുള്ള പ്രചോദനം നല്‍കുന്നില്ല. ഈ വര്‍ഷം അവസാനമാണ് ടി20 ലോക കപ്പ് ഇവിടെ നടക്കുന്നത്. ക്രിക്കറ്റ് ലോകത്ത് അടുത്ത ചര്‍ച്ചാ വിഷയമാവുന്നത് ഇതായിരിക്കും’ സാംപ പറഞ്ഞു.
അതേസമയം, കോവിഡ് രൂക്ഷമാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടി ഐ.പി.എല്ലില്‍ നിന്ന് പിന്മാറിയ ഓസ്ട്രേലിയന്‍ താരങ്ങളായ ആദം സാംപയ്ക്കും പേസ് ബോളര്‍ കെയ്ന്‍ റിച്ചാര്‍ഡ്സനും നാട്ടിലേക്ക് മടങ്ങാനായില്ല. ഇന്ത്യയില്‍നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് ഓസട്രേലിയ വിലക്കേര്‍പ്പെടുത്തിയതോടെയാണ് ഇരുവരും നാട്ടിലേക്ക് മടങ്ങാനാകാതെ മുംബൈയില്‍ കുടുങ്ങിയിരിക്കുന്നത്.