റൊണാൾഡോയെക്കാൾ ഗോളുകൾ അടിച്ചുകൂട്ടിയ താരം; അറിയാതെ പോകരുത് ഈ ഇതിഹാസത്തെ

ഫുട്ബോളിലെ ഗോളുകളുടെ എണ്ണത്തിൽ റൊണാൾഡോയുടെയും മെസ്സിയുടെയും പേരുകൾ മാത്രമാണ് നമ്മൾ റെക്കോർഡ് ബുക്കുകളിൽ സാധാരണ കാണാറ്. പുരുഷ ഫുട്ബോളിൽ ഏറ്റവുമധികം ഗോളുകൾ എന്ന റെക്കോർഡ് മറികടക്കാൻ ക്രിസ്റ്റിയാനോ റൊണാൾഡോക്ക് ഇനി രണ്ട് ഗോളുകൾ മാത്രം മതി. എന്നാൽ ഏറ്റവുമധികം അന്താരാഷ്ട്ര ഗോളുകൾ എന്ന റെക്കോർഡിലെത്താൻ റൊണാൾഡോയ്ക്ക് ഇനിയുമേറെ ഗോളുകൾ നേടണം. പുരുഷ, വനിതാ ഫുട്ബോളിലെ കണക്കെടുത്താൽ ഈ റെക്കോർഡ് ക്രിസ്ത്യൻ സിൻക്ലയർ എന്ന വനിതയുടെ പേരിലാണ്.

ആരാണ് ക്രിസ്ത്യൻ സിൻക്ലയർ

കാനഡ വനിതാ ഫുട്ബോൾ ടീമിന്റെയും, അമേരിക്കൻ ലീഗ് ക്ലബായ പോർട്ട്ലാൻഡ് തോൺസിന്റെയും ക്യാപ്റ്റനാണ് ക്രിസ്ത്യൻ സിൻക്ലയർ. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമായി വിലയിരുത്തപ്പെടുന്ന ക്രിസ്ത്യൻ സിൻക്ലയർ രാജ്യത്തിനായി അഞ്ച് ലോകകപ്പ് ഫൈനലുകളിൽ ബൂട്ട് കെട്ടിയിട്ടുണ്ട്.

കാനഡക്കായി ഇതുവരെ 297 കളികളിൽ നിന്നും 186 ഗോളുകൾ സ്വന്തമാക്കിയ ക്രിസ്ത്യൻ സിൻക്ലയറുടെ പേരിലാണ് ഏറ്റവുമധികം അന്താരാഷ്ട്ര ഗോളുകൾ എന്ന റെക്കോർഡ്. 2020 ജനുവരിയിലാണ് താരം റെക്കോർഡ് സ്വന്തമാക്കിയത്. നേരത്തെ അമേരിക്കൻ വനിതാ ഫുട്ബോൾ താരമായ അബി വാംബാക്കിന്റെ പേരിലായിരുന്നു റെക്കോർഡ്. 255 മത്സരങ്ങളിൽ നിന്നായി 184 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.

ഇരുവർക്കും പുറമെ ഇപ്പോൾ കളിക്കുന്ന താരങ്ങളിൽ ബ്രസീലിന്റെ മാർത്ത, അമേരിക്കയുടെ അലക്സ് മോർഗൻ (ഇരുവർക്കും 109 ഗോളുകൾ വീതം) എന്നീ താരങ്ങൾക്ക് റൊണാൾഡോയെക്കാൾ ഗോളുകൾ സ്വന്തമായുണ്ട്.

You Might Also Like