ക്രിസ്ത്യാനോ റയലിലേക്കോ?, വെളിപ്പെടുത്തലുകളുമായി യുവന്റസ് സഹതാരം അൽവാരോ മൊറാട്ട

ചാമ്പ്യൻസ് ലീഗിൽ നിന്നും പോർട്ടോയോട് പൊരുതി യുവൻ്റസ് പുറത്തായതോടെ ഏറ്റവും കൂടുതൽ ഉയർന്നു കേട്ട അഭ്യൂഹങ്ങളിലൊന്നാണ് സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ റയലിലേക്കുള്ള തിരിച്ചു വരവ്. ഏജൻ്റായ ഹോർഗെ മെൻഡസ് റയൽ മാഡ്രിഡുമായി ഇക്കാര്യത്തിൽ അനൗദ്യോഗിക ചർച്ചകൾ നടത്തിയെന്ന റിപ്പോർട്ടുകളും ഉയർന്നു വന്നിരുന്നു. ഇക്കാര്യത്തിൽ സിദാനും തിരിച്ചുവരവിനുള്ള സാധ്യതകളെക്കുറിച്ച് പോസിറ്റീവായ മറുപടികളാണ് നൽകിയത്.

റയൽ മാഡ്രിഡിലേക്കുള്ള ക്രിസ്ത്യാനോയുടെ തിരിച്ചു വരവിനെക്കുറിച്ച് മുൻ റയൽ മാഡ്രിഡ് താരവും നിലവിലെ ക്രിസ്ത്യാനോയുടെ യുവൻറസ് സഹതാരവുമായ അൽവാരോ മൊറാട്ടക്കും പറയാനുള്ളത് മറ്റൊന്നല്ല. ജീവിതത്തിൽ എന്തും സംഭവിക്കാമെന്നാണ് മൊറാട്ടയുടെ പക്ഷം. നിലവിൽ സ്പെയിൻ സ്ക്വാഡിനൊപ്പമുള്ള താരം മത്സരങ്ങൾക്കു മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് ക്രിസ്ത്യാനോയെക്കുറിച്ച് മനസ്സുതുറന്നത്.

” എനിക്ക് അക്കാര്യത്തെക്കുറിച്ച് കൂടുതൽ അറിയില്ല. കാരണം ഞങ്ങൾ ഫുട്ബോളിനെക്കുറിച്ച് പരസ്പരം അധികം സംസാരിക്കാറില്ല. മത്സരങ്ങൾക്കായി തയ്യാറെടുക്കുമ്പോൾ മാത്രമാണ് ഫുട്ബോളിനെക്കുറിച്ച് സംസാരിക്കാറുള്ളത്. ജീവിതത്തിൽ എന്തും സംഭവിക്കാം. യുവൻ്റസിൽ തന്നെ തുടരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എന്നാൽ എനിക്കും അദ്ദേഹത്തിനൊപ്പമുള്ള നിമിഷങ്ങൾ ഇനിയും ആസ്വദിക്കാനായേക്കും.” മൊറാട്ട പറഞ്ഞു.

യുവൻ്റസിൻ്റെ നിലവിലെ മോശം പ്രകടനത്തിൽ എല്ലാവർക്കും വിഷമമുണ്ടെന്നും ചാമ്പ്യൻസ്‌ലീഗ് നേടി പരിചയിച്ച ക്രിസ്ത്യാനോക്ക് ഇത്തരം പരാജയങ്ങൾ ശീലമല്ലെന്നും മൊറാട്ട പറഞ്ഞു. എന്നിരുന്നാലും യുവൻറസിൽ ക്രിസ്ത്യാനോ സന്തുഷ്ടനാണെന്നു തന്നെയാണ് മൊറാട്ട വെളിപ്പെടുത്തുന്നത്.

You Might Also Like