കൊഹ്‍ലിയെയല്ല; അവനെ സൂക്ഷിക്കുകയെന്ന് ഇംഗ്ലീഷ് ഇതിഹാസം

Image 3
Team India

വിരാട് കോലി, ചേതേശ്വർ പൂജാര, ജസ്പ്രീത് ബുംറ തുടങ്ങി കായികലോകത്തിന് തന്നെ ആവേശമായ ഒരുപിടി താരങ്ങളാൽ സമ്പന്നമാണ് ടീം ഇന്ത്യ. എന്നാൽ ടെസ്റ്റ്ക്രിക്കറ്റിലെ അതികായന്മാരായ ഇവരാരുമല്ല വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ ടീമിന്റെ കുന്തമുന എന്നാണ് ഇംഗ്ലീഷ് സ്പിന്നർ മോണ്ടി പനേസറിന്റെ അഭിപ്രായം.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ കുന്തമുന രവീന്ദ്ര ജഡേജയായിരിക്കുമെന്നാണ് പനേസറിന്റെ പ്രവചനം. സ്പിന്നർമാർക്ക് മികച്ച പിന്തുണ ലഭിക്കുന്ന തരത്തിലാണ് സതാംപ്ടണിലെ വിക്കറ്റ് എന്നാണ് പനേസറിന്റെ അഭിപ്രായം. മത്സരത്തിൽ സ്പിന്നർമാർക്ക് സുപ്രധാന പങ്ക് വഹിക്കാനാകുമെന്നും പനേസർ പറഞ്ഞു.

വരാനിരിക്കുന്ന മത്സരങ്ങളിൽ രവീന്ദ്ര ജഡേജയായിരിക്കും ഇന്ത്യയുടെ ഏറ്റവും അപകടകാരിയായ താരം. ഐപിഎല്ലിലെ മികച്ച ഫോം ടൂർണ്ണമെന്റിലും തുടരാനാവും അദ്ദേഹത്തിൻറെ ശ്രമം. പനേസർ കൂട്ടിച്ചേർത്തു.

ജൂണ്‍ 18ന് ആരംഭിക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ന്യൂസീലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ശേഷം ഓഗസ്റ്റ് നാലിന് ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ടെസ്റ്റ് പരമ്പരക്കും തുടക്കമാകും.