സൂപ്പര്‍ സബ്ബായി മലയാളി താരം, ചരിത്രം പിറന്നു, മുഹമ്മദന്‍ ഐ ലീഗില്‍!

Image 3
FootballI League

പഴുതുകളില്ലാതെ നടത്തിയ മുന്നൊരുക്കങ്ങളൊന്നും വെരുതെയായില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം കൊല്‍ക്കത്തന്‍ കരുത്തരായ മുഹമ്മദന്‍ സ്‌പോട്ടിംഗ് ക്ലബ് ഐലീഗില്‍ തിരിച്ചെത്തി. ഐലീഗ് സെക്കന്‍ഡ് ഡിവിഷനിലെ ആവേശകരമായ മത്സരത്തില്‍ ബവനിപൂര്‍ എഫ്‌സിയെ തകര്‍ത്തതോടെയാണ് മുഹമ്മദന്‍് അഞ്ച് വര്‍ഷത്തിന് ശേഷം ഐലീഗിലേക്ക് തിരിച്ചെത്തിയത്.

എതിരില്ലാത്ത രണ്ട് ഗോളിനാണ് മുഹമ്മദന്‍ ബവാനിപൂരിനെ തകര്‍ത്തത്. ആദ്യ പകുതിയില്‍ 27ാം മിനിറ്റിലും രണ്ടാം പകുതിയുടെ 67ാം മിനിറ്റിലുമാണ് മുഹമ്മദന്‍ ഗോള്‍ കണ്ടെത്തിയത്. യുവതാരം വാന്‍ലാല്‍ബിയ ചാങ്‌തെയുടേയും സൂപ്പര്‍ സബ്ബായി എത്തിയ മലയാളി താരം ഗനി നിഗവുമാണ് മുഹമ്മദന്‍സിന് ഗോളുകള്‍ സമ്മാനിച്ചത്. മുഹമ്മദനിനായി ഗനി നേടുന്ന ആദ്യത്തെ ഗോളാണിത്.

ഇന്ന്് വിജയിക്കുന്നവര്‍ക്കായിരുന്നു ഐലീഗ് പ്രവേശനം സാധ്യമാകുക. ഇതോടെ മൂന്ന് കളിയും ജയിച്ച് ഒന്‍പത് പോയന്റുമായാണ് ഐലീഗ് സെക്കന്റ് ഡിവിഷനില്‍ നിന്ന് മുഹമ്മദന്‍ ഐലീഗിലേക്ക് യോഗ്യത നേടുന്നത്. ബവാനിയന്‍സിന് ആറ് പോയന്റ് മാത്രമേ നേടാനായുളളു.

ഐഎസ്എല്‍ ക്ലബായ ഹൈദരാബാദ് എഫ്സിയില്‍ നിന്നാണ് മലയാളി മിഡ്ഫീല്‍ഡറെ മുഹമ്മദന്‍ സ്വന്തമാക്കിയത്. കോഴിക്കോട് നാദാപുരം സ്വദേശിയായ ഗാനി മുമ്പ് ഗോകുലം കേരള, പൂനെ സിറ്റി ക്ലബ്ബുകള്‍ക്കായും കളിച്ചിട്ടുണ്ട്. മലപ്പുറം എംഎസ്പി സ്‌കൂള്‍ പ്രെഡക്റ്റാണ് ഗനി അഹമ്മദ്. സുബ്രതോ കപ്പിലെ മികച്ച പ്രകടനമാണ് ഗനിയെ ശ്രദ്ധേയനാക്കിയത്. പൂണെ സിറ്റി എഫ്സി റിസര്‍വ് ടീമിലൂടെയാണ് ഐഎസ്എല്‍ ക്ലബുകളുടെ ഭാഗമായി ഗനിയെത്തിയത്. പൂണെ സീനിയര്‍ ടീമില്‍ ഇടംപിടിച്ചെങ്കിലും ഗനിയ്ക്ക് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും കഴിഞ്ഞാല്‍ ഒരു കാലത്ത് കൊല്‍ക്കത്തന്‍ ഫുട്‌ബോളിലെ മൂന്നാമന്‍ മുഹമ്മദന്‍ ആയിരുന്നു. 1891 ല്‍ സ്ഥാപിതമായ മുഹമ്മദന്‍ ക്ലബ് രണ്ടു തവണ ഫെഡറേഷന്‍ കപ്പും പതിനൊന്ന് തവണ കല്‍ക്കട്ട ഫുട്ബോള്‍ ലീഗും രണ്ട് തവണ ഡ്യൂറണ്ട് കപ്പും ആറുതവണ ഐ.എഫ്.എ ഷീല്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.

മലയാളി താരങ്ങളായ വി.പി സത്യന്‍, യു. ഷറഫലി, നജീബ് തുടങ്ങിയ മലായാളി ഫുട്ബോള്‍ താരങ്ങളും ക്ലബിന്റെ ഭാഗമായിട്ടുണ്ട്. ഇടക്കാലത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ക്ലബ് അടച്ചുപൂട്ടുക വരെ ചെയ്തിരുന്നു. പിന്നീട് 2016ല്‍ വീണ്ടും ക്ലബ് പുനസംഘടിപ്പിക്കുകയായിരുന്നു. കൊല്‍ക്കത്തയിലെ യുവ വ്യവസായി ഗസ്സാലു സഫര്‍ ആണ് നിലവില്‍ മുഹമ്മദന്റെ ഉടമ.