പുതിയ പരിശീലകനെ പ്രഖ്യാപിച്ചു, തകര്‍പ്പന്‍ നീക്കവുമായി മുഹമ്മദന്‍
ഐ ലീഗിലേക്ക് തിരിച്ചെത്തിയ മുഹമ്മദന്‍ സ്‌പോട്ടിംഗ് ക്ലബ് പുതിയ പരിശീലകനെ ആഴ്ച്ചകകള്‍ക്കകം കണ്ടെത്തി. സ്പാനിഷ് പരിശീലകനായ ജോസെ ഹെവിയ ആണ് മുഹമ്മദനെ ഐലീഗില്‍ പരിശീലിപ്പിക്കുക. മുന്‍ പരിശീലകന്‍ യാന്‍ ലോയെ പുറത്താക്കിയ ഒഴിവിലേക്കാണ് ജോസെ ഹെവിയയെ തിരക്കിട്ട് മുഹമ്മദന്‍ ടീമിലെത്തിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ നേരത്തെ പ്രവര്‍ത്തിച്ചു പരിചയമുള്ള പരിശീലകനാണ് ഹെവിയ. അവസാന സീസണില്‍ ഷില്ലോങ് ലജോങിന്റെ പരിശീലകനായിരുന്നു. ഷില്ലോങ്ങിനെ മേഘാലയ സ്റ്റേറ്റ് ലീഗ് ചാമ്പ്യനാക്കിയത് ഹെവിയയുടെ മികവിലായിരുന്നു.
ഷില്ലോങ്ങിനെ കൂടാതെ മിനര്‍വ പഞ്ചാബ്, ഭാരത് എഫ് സി, എഫ് സി പൂനെ സിറ്റി എന്നീ ഇന്ത്യന്‍ ക്ലബുകളേയും ഹെവിയ പരിശീലിപ്പിച്ചിട്ടുണ്ട്. യുവേഫ പ്രൊ ലൈസെന്‍സ് ഉള്ള കോച്ചാണ്.
നേരത്തെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപിച്ചാണ് യാന്‍ ലോയെ മുഹമ്മദന്‍ പുറത്താക്കിയത്. യാന്‍ ലോയക്കെതിരെ പോലീസില്‍ പരാതിയും ക്ലബ് നല്‍കിയിട്ടുണ്ട്.’
നീണ്ട അഞ്ച് വര്‍ഷത്തിന് ശേഷമാണ് മുഹമ്മദന്‍ ഐലീഗില്‍ തിരിച്ചെത്തിയത്. സെക്കന്റ് ഡിവിഷനില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ നാല് കളിയില്‍ 10 പോയന്റുമായാണ് അവര്‍ ഐലീഗ് കളിക്കാന്‍ തിരിച്ചെത്തിയത്. ഐഎസ്എല്ലിലേക്ക് പ്രവേശനം ലക്ഷ്യമിട്ടാണ് മുഹമ്മദന്‍ ഇത്തവണ ഐലീഗില്‍ കളിക്കാന്‍ ഇറങ്ങുന്നത്.