അന്‍വര്‍ അലിയെ കളിപ്പിക്കാം, നിര്‍ണ്ണായക നിര്‍ദേശവുമായി മുഹമ്മദന്‍ ക്ലബ്

Image 3
FootballISL

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ കീഴിലുളള മെഡിക്കല്‍ കമ്മിറ്റി ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിലക്കാന്‍ ശുപാര്‍ശ ചെയ്ത യുവതാരം അന്‍വര്‍ അലിയെ കളിപ്പിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് അദ്ദേഹത്തിന്റെ ക്ലബായ മുഹമ്മദന്‍ സ്‌പോട്ടിംഗ് ക്ലബ്. എല്ലാ മത്സരങ്ങളിലും 60 മിനിറ്റ് വീതം അന്‍വര്‍ അലിയെ കളിപ്പിക്കാമെന്നാണ് മുഹമ്മദന്‍ പറയുന്നത്.

മുഹമ്മദന്‍ സ്‌പോട്ടിംഗ് ക്ലബ് സെക്രട്ടറി ദീപേന്ദു ബിശ്വാസ് ആണ് ഇക്കാര്യം അറിയിച്ചത്. സമാനമായ പ്രശ്‌നങ്ങള്‍ നേരിട്ട ചില വിദേശ താരങ്ങളുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെക്കുന്നത്.

‘ഇംഗ്ലണ്ടിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും കളിച്ച ഒരു താരത്തിന് ഇതേ രോഗം കണ്ടുപിടിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഇപ്പോഴും ടീമിനായി 60 മിനിറ്റും പ്രത്യേക നിരീക്ഷണത്തല്‍ പരിശീലനവും നടത്തുണ്ട്. അവരുടെ കാല്‍പാടുകള്‍ പിന്തുടരാന്‍ ഞങ്ങള്‍ തയ്യാറാണ്’ ബിശ്വാസ് പിടിഐയോട് പറഞ്ഞു.

താനും കളിച്ചിരുന്ന കാലത്ത് ഇത്തരമൊരു അവസ്ഥയിലൂടെ കടന്ന് പോയതാണെന്നും മുന്‍ ഇന്ത്യന്‍ താരം കൂടിയായ ബിശ്വാസ് കൂട്ടിചേര്‍ത്തു. അതെസമയം കഴിഞ്ഞ ദിവസം തനിക്ക് നേരിടേണ്ടി വരുന്ന വിലക്കിനെതിരെ ഹൃദയഭേതകമായ ഒരു കത്ത് അന്‍വര്‍ അലി എഐഎഫ്എഫിന് സമര്‍പ്പിച്ചിരുന്നു.

‘ഞാനാണ് എന്റെ കുടുംബത്തിന്റെ ഏകവരുമാനം. കളിക്കാനായില്ലെങ്കില്‍ എന്റെ കുടുംബം വിശന്നു മരിക്കും, എന്നെ ഫുട്‌ബോള്‍ കളിക്കാന്‍ അനുവദിക്കണം. എല്ലാവര്‍ക്കും ജോലി ചെയ്യാനുള്ള അവകാശമുണ്ട് നമ്മുടെ ഈ രാജ്യത്ത്, എന്റെ ജോലിയാണിത്. എന്നെ കളിപ്പിക്കാന്‍ ക്ലബ്ബുകള്‍ തയ്യാറണെങ്കില്‍ എനിക്ക് വേണ്ട മുന്‍കരുതല്‍ എടുത്ത് കളിക്കാന്‍ ഞാന്‍ തയ്യാറാണ്’ അ്ന്‍വര്‍ അലി കത്തില്‍ പറയുന്നു.

‘നിങ്ങളുടെ അയോഗ്യത എനിക്കും കുടുംബത്തിനും വധശിക്ഷയ്ക്ക് വിധിക്കുന്നതിന് തുല്യമാണ്. ഇതോടെ കൊല്‍ക്കത്തയിലെ കേപ്പ് പോലുളള അംഗീകാരമില്ലാത്ത താഴ്ന്ന ലെവല്‍ ഫുട്ബോള്‍ ടൂര്‍ണെന്റുകള്‍ കളിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകും. ആ ടൂര്‍ണമെന്റുകളില്‍ യാതൊരു വിധത്തിലുളള മെഡിക്കല്‍ സൗകര്യങ്ങള്‍ ഇല്ലെന്ന് ഓര്‍ക്കണം. ഇതോടെ ഞാന്‍ കളിക്കളത്തില്‍ വീണ് മരിക്കാനുളള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ അയോഗ്യത എനിക്കും കുടുംബത്തിനും വധശിക്ഷയായി മാറുന്നത് അങ്ങനെയാണ്’ അന്‍വര്‍ അലി കൂട്ടിചേര്‍ത്തു.

രണ്ട് ദിവസം മുമ്പാണ് അന്‍വര്‍ അലിയെ കളിക്കളത്തില്‍ നിന്നും വിലക്കാന്‍ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് കീഴിലുളള സ്പോട്സ് മെഡിക്കല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ഹൃദയ സംബന്ധമായി പ്രശ്‌നമുളളതിനാലാണ് അന്‍വര്‍ അലിയെ പ്രെഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് സ്‌പോട്‌സ് മെഡിക്കല്‍ കമ്മിറ്റി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

ഇതോടെ ഇന്ത്യന്‍ യുവതാരത്തിന്റെ ഭാവി ഏറെ കുറെ ഇരുളിലായിരിക്കുകയാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഇനി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ്. മെഡിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശ ഒരിക്കലും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയ്ക്ക് തള്ളിക്കളയാനാകില്ല. ഇതോടെ എഐഎഫ്എഫിന് കീഴിലുളള ഒരു ടൂര്‍ണമെന്റിനും ഇനി അന്‍വര്‍ അലിയ്ക്ക് പന്ത് തട്ടാനാകില്ല.

നിലവില്‍ അന്‍വര്‍ അലി മുഹമ്മദന്‍ സോക്കര്‍ ക്ലബുമായി കരാര്‍ ഒപ്പിട്ടിരിക്കുകയാണ്. ഐഎസ്എല്‍ ക്ലബ് മുംബൈ സിറ്റി എഫ്സി റിലീസ് ചെയ്തതിന് പിന്നാലെയാണ് അന്‍വര്‍ അലി മുഹമ്മദന്‍ ക്ലബില്‍ ചേര്‍ന്നത്.