ഇതെങ്ങനെ പൊറുക്കും.!, സിറാജിനെ ഓസീസ് ആരാധകര്‍ വിളിച്ചത് ഇതാണ്

സിഡ്‌നി ടെസ്റ്റിനിടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെ ഓസ്ട്രേലിയന്‍ കാണികള്‍ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ വിവാദം കത്തുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയടക്കമുളളവര്‍ കടുത്ത നടപടി ആവശ്യപ്പെട്ടതോടെ നാണംകെട്ടിരിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരിടേണ്ടി വന്ന അപമാനത്തില്‍ നിരുപാധികം മാപ്പും ക്രിക്കറ്റ് ഓസ്‌ട്രേലിയ ചോദിച്ച് കഴിഞ്ഞു.

അതെസമയം വളരെ മോശമായ രീതിയിലാണ് സിറാജിനെയും ബുംറയേയും കാണികള്‍ അധിക്ഷേപിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീമന്‍ കുരങ്ങെന്നും ബ്രൌണ്‍ നായയെന്നും അര്‍ത്ഥം വരുന്ന പദപ്രയോഗങ്ങള്‍ ഉപയോഗിച്ചാണ് ഓസ്‌ട്രേലിയന്‍ കാണികള്‍ വംശീയതയുടെ വിദ്വേഷം ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ പ്രകടിപ്പിച്ചത്. കൂടാതെ അമ്മയെ ചേര്‍ത്തുകൊണ്ടുളള മോശം പ്രയോഗത്തിനും ഇന്ത്യന്‍ താരങ്ങള്‍ ഇരയായി.

സിഡ്നി ടെസ്റ്റിന്റെ മൂന്നാം ദിവസവും നാലാം ദിവസവും ബൗണ്ടറി ലൈനിനരികില്‍ ഫീല്‍ഡ് ചെയ്യുമ്പോഴാണ് സിറാജിനും ങുറക്കും നേരെ ഓസ്‌ട്രേലിയന്‍ കാണികള്‍ വംശീയാധിക്ഷേപം നടത്തിയത്. ഉടന്‍ തന്നെ സിറാജും ക്യാപ്റ്റന്‍ രഹാനെയും ഇക്കാര്യം അമ്പയര്‍മാരുടെ ശ്രദ്ധയില്‍പെടുത്തി. തുടര്‍ന്ന് പൊലീസ് ഇടപെട്ട് കാണികളെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

നാലാം ദിനം ഓസീസ് ബാറ്റ് ചെയ്യുമ്പോള്‍ 85ാം ഓവര്‍ കഴിഞ്ഞയുടനെയായിരുന്നു കളിയുടെ സ്പിരിറ്റിനെ തന്നെ നശിപ്പിച്ച സംഭവം അരങ്ങേറുന്നത്. ആ ഓവര്‍ എറിഞ്ഞ സിറാജിനെ കാമറൂണ്‍ ഗ്രീന്‍ അവസാന രണ്ട് പന്തുകളില്‍ തുടര്‍ച്ചയായി സിക്സര്‍ പറത്തിയിരുന്നു. തുടര്‍ന്ന് ഫീല്‍ഡ് ചെയ്യാനായി ബൗണ്ടറി ലൈനിനരികിലെത്തിയപ്പോഴാണ് സിറാജിനെ കാണികള്‍ വംശീയമായി നേരിട്ടത്.

സിറാജിനും ജസ്പ്രീത് ബുംറക്കു നേരെ വംശീയാധിക്ഷേപം നടന്നതായി ഇന്ത്യന്‍ ടീം ഇന്നലെ തന്നെ പരാതി നല്‍കിയിരുന്നു. ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെ, രവിചന്ദ്ര അശ്വിന്‍ എന്നിവരാണ് ഇക്കാര്യം മാച്ച് റഫറിമാരുടെ ശ്രദ്ധയില്‍പെടുത്തിയത്.

You Might Also Like