സ്‌റ്റോക്‌സ് എന്നെ ചീത്തവിളിച്ചു, കോഹ്ലി ചോദിക്കാന്‍ ചെന്നു, ഏറ്റുമുട്ടാനുളള കാരണം വെളിപ്പെടുത്തി സിറാജ്

Image 3
CricketTeam India

നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലീഷ് സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും തമ്മില്‍ വാക്കുകള്‍കൊണ്ട് ഏറ്റുമുട്ടാനുളള കാരണം വെളിപ്പെടുത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ബൗണ്‍സ് എറിഞ്ഞതിന് സ്റ്റോക്‌സ് തന്നെ ചീത്തവിളിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് സിറാജ് പറഞ്ഞു.

ബെന്‍സ്റ്റോക്‌സിന്റെ മോശം പെരുമാറ്റം താന്‍ ക്യാപ്റ്റന്‍ കോഹ്ലിയെ അറിയിച്ചെന്നും കോഹ്ലി ഇതോടെ പ്രകോപിതനായി ബെന്‍ സ്റ്റോക്‌സിനോട് ചോദിക്കാന്‍ ചെല്ലുകയായിരുന്നെന്നും ഇത് വാക് പോരിന് വഴിവെക്കുകയായിരുന്നെന്നും സിറാജ് വെളിപ്പെടുത്തി. മത്സര ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സിറാജ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, ഇത്തരം കാര്യങ്ങള്‍ക്കൊന്നും അമിതമായ പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് കോഹ്ലിയുമായുള്ള വാക് പോരിനെക്കുറിച്ച് ബെന്‍ സ്റ്റോക്‌സ് പ്രതികരിച്ചു. ആളുകള്‍ എപ്പോഴും ഇത്തരം കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുക. രണ്ട് എതിരാളികള്‍ തമ്മിലൊന്നു കൊമ്പു കോര്‍ത്തു. അത് കഴിഞ്ഞു, അങ്ങനെ കണ്ടാല്‍ മതിയെന്നും സ്റ്റോക്‌സ് വ്യക്തമാക്കി.

സിറാജ് എറിഞ്ഞ മത്സരത്തിലെ പന്ത്രണ്ടാം ഓവറിലെ അവസാന പന്തിനുശേഷമായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സ്റ്റോക്‌സിനെതിരെ ബൗണ്‍സര്‍ എറിഞ്ഞശേഷം തിരിച്ചു നടന്ന സിറാജിനോട് സ്റ്റോക്‌സ് എന്തോ മോശമായി പറഞ്ഞു. ഇതുകേട്ട് സ്റ്റോക്‌സിന് അടുത്തെത്തിയ കോഹ്ലി വാക്‌പോരിലേര്‍പ്പെടുകയായിരുന്നു. ഇരുവരും തമ്മില്‍ തര്‍ക്കിക്കുന്നതിനിടെ അമ്പയര്‍ നിതിന്‍ മേനോന്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.

മത്സരത്തിലെ ആദ്യ ദിനം പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് 205 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സ് എന്ന നിലയിലാണ്.