രാഹുലാണ് താരം; ക്യാപ്റ്റന്സിയെ പുകഴ്ത്തി ഇന്ത്യൻ താരങ്ങൾ

കെ എൽ രാഹുലിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ടീമംഗങ്ങൾ പൂർണ തൃപ്തരാണെന്ന് പേസർ മുഹമ്മദ് സിറാജ്. ബൗളർമാർക്ക് ഏറെ സ്വാതന്ത്ര്യം അനുവദിച്ചുതരുന്ന രാഹുൽ ടീമിനെ മികച്ച നിലയിലാണ് നയിക്കുന്നതെന്നും സിറാജ് സാക്ഷ്യപ്പെടുത്തുന്നു. സിംബാബ്‌വെക്കെതിരായ രണ്ടാമത്തെ ഏകദിന മത്സരത്തിന് ശേഷം സംസാരിക്കവെയാണ് സിറാജിന്റെ പരാമർശം.

സീനിയർ ബൗളർമാരുടെ അഭാവത്തിൽ ഇന്ത്യൻ പേസ്  നിരയെ നയിക്കുന്ന സിറാജ് രണ്ട് ഏകദിനങ്ങളിൽ നിന്നായി രണ്ട് വിക്കറ്റുകൾ മാത്രമാണ് നേടിയത്. എന്നാൽ മികച്ച ലൈനും ലെങ്തും സൂക്ഷിക്കുന്ന സിറാജ് റൺ വിട്ടുകൊടുക്കുന്നതിൽ കാണിക്കുന്ന പിശുക്ക് യഥാർത്ഥത്തിൽ മറ്റു ബൗളർമാർക്ക് വിക്കറ്റ് നേടാൻ സഹായിക്കുന്നുണ്ട്.

രാഹുൽ ബൗളർമാർക്ക് നൽകുന്ന സ്വാതന്ത്ര്യം മത്സരങ്ങളിലെ മികച്ച പ്രകടനത്തിൽ നിന്ന് തന്നെ വ്യക്തമാണ് എന്നാണ് സിറാജിന്റെ പക്ഷം. ഡ്രസിങ് റൂമിലും മികച്ച അന്തരീക്ഷം നിലനിർത്താൻ ഇത് സഹായകമാകുന്നു. തന്റെ ബൗളിംഗ് മികവിനെക്കുറിച്ചുള്ള ചോദ്യത്തിന് സിറാജിന്റെ മറുപടി ഇപ്രകാരമായിരുന്നു.

ആദ്യം മുതലേ എനിക്ക് ഔട്ട് സ്വിങ്ങറുകൾ എറിയാൻ സാധിക്കുമായിരുന്നു. എന്നാൽ ആത്മവിശ്വാസക്കുറവുണ്ടായിരുന്നു. ഇപ്പോൾ പരിശീലനത്തിലൂടെ ഇതിൽ ആത്മവിശ്വാസം വളർത്തിയെടുക്കാൻ കഴിഞ്ഞു. കൂടാതെ സീം പൊസിഷനിലും ഇപ്പോൾ കൂടുതൽ മെച്ചപ്പെട്ടു. നേരത്തെ ‘വബിൾ’ സീം (സീം വളഞ്ഞു പുളഞ്ഞു പോകുന്ന രീതി) രീതിയിലാണ് എറിഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ ‘അപ്പ് റൈറ്റ്’ (സീം പന്തിന്റെ മുകളിൽ) രീതിയിലാണ് എറിയാൻ ശ്രമിക്കുന്നത്. രണ്ട് രീതിയിലും മികച്ച പന്തുകൾ എറിയാൻ സാധിച്ചാൽ ബാറ്സ്മാന്മാർക്ക് അത് കൂടുതൽ ബുദ്ദിമുട്ടുകൾ സൃഷ്ടിക്കും. അതിനാണ് ഇപ്പോൾ ശ്രമിക്കുന്നത്.

രാഹുലിന്റെ നായകത്വത്തിൽ കൂടുതൽ പരീക്ഷണങ്ങൾക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് മൂലം ആത്മവിശ്വാസക്കുറവിന്റെ പ്രശ്നം ഇപ്പോഴില്ല എന്നും, വരും മത്സരങ്ങളിൽ കൂടുതൽ മികച്ച പ്രകടനങ്ങൾ പ്രതീക്ഷിക്കാമെന്നും സിറാജ് സൂചിപ്പിക്കുന്നു.

You Might Also Like