തിരിച്ചെത്തിയാല്‍ നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുമോ?, വായടപ്പന്‍ മറുപടി നല്‍കി അഫ്ഗാന്‍ ക്യാപ്റ്റന്‍

ലോകകപ്പിന് ശേഷം അഫ്ഗാനിസ്ഥാനില്‍ തിരിച്ചെത്തിയാല്‍ താരങ്ങള്‍ ചോദ്യം ചെയ്യപ്പെടുമോയെന്നാണ് ഒരു മാധ്യമമപ്രവര്‍ത്തകന് വാര്‍ത്തസമ്മേളനത്തില്‍ അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബിയെ കണ്ടപ്പോള്‍ ചോദിക്കാനുണ്ടായത്. താലിബാന്‍ ഭരണം പിടിച്ച പശ്ചാത്തലത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ രാഷ്ട്രീയ ചോദ്യം.

എന്നാല്‍ വിവാദം ഉണ്ടാക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന്റെ മുനയൊടുപ്പുക്കുന്ന മറുപടിയാണ് മുഹമ്മദ് നബി നല്‍കിയത്. തങ്ങള്‍ ലോകകപ്പ് കളിക്കാനാണ് എത്തിയതെന്നും ക്രിക്കറ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കാനുമായിരുന്നു നബിയുടെ മറുപടി.

‘സര്‍ക്കാരും സാഹചര്യവും മാറിയതിനാല്‍ രാജ്യത്ത് തിരിച്ചെത്തുമ്പോള്‍ നിങ്ങളെ ചോദ്യം ചെയ്യുമെന്ന് എന്തെങ്കിലും ഭയമുണ്ടോ?’- എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ആദ്യ ചോദ്യം.

‘പുതിയ സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനുമായി ആരോഗ്യകരമായ ബന്ധം പങ്കിടുന്നു. അതിനാല്‍ അഫ്ഗാന്‍ ടീം കൂടുതല്‍ ശക്തമാകുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?’- മാധ്യമ പ്രവര്‍ത്തകന്‍ തുടര്‍ന്നു ചോദിച്ചു.

‘അത്തരം ചോദ്യങ്ങള്‍ മാറ്റിവെച്ച് ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാമോ?- എന്നായിരുന്നു നബിയുടെ ആദ്യ പ്രതികരണം. ‘കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തിയാണ് ഞങ്ങള്‍ ലോകകപ്പിനായി എത്തിയിരിക്കുന്നത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട ഏത് ചോദ്യവും നിങ്ങള്‍ക്ക് ചോദിക്കാം. ക്രിക്കറ്റിനെ കുറിച്ച് പറഞ്ഞാല്‍ നന്നായിരിക്കും.’- പിന്നാലെ അഫ്ഗാന്‍ നായകന്‍ വ്യക്തമാക്കി.

നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും വിവാദമുണ്ടാക്കാനുള്ള മാധ്യമങ്ങളുടെ ശ്രമത്തെ പത്ര സമ്മേളനത്തിനിടെ ചോദ്യം ചെയ്തിരുന്നു. ഇഷാന്‍ കിഷനെ പുറത്തിരുത്തിയതും രോഹിതുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ കോഹ്ലിയോട് ചോദിച്ചത്. ഇന്ത്യന്‍ നായകന്‍ ഉചിതമായ മറുപടി പറഞ്ഞാണ് ചോദ്യം അവസാനിപ്പിച്ചത്.

 

You Might Also Like