ആമിര്‍ അക്കാര്യം ഉറപ്പിച്ച് തന്നെ, നിര്‍ണ്ണായക നീക്കവുമായി പാക് സൂപ്പര്‍ താരം

Image 3
CricketTeam India

പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ഇനി ആമിറുണ്ടാകില്ലെന്ന് ഏറെ കുറെ ഉറപ്പായി. ഇംഗ്ലണ്ട് പൗരത്വത്തിനായി ആമിര്‍ അപേക്ഷ സമര്‍പ്പിച്ചതോടെയാണ് പാകിസ്ഥാന്‍ ജഴ്‌സിയിലുളള ആമിറിന്റെ അന്താരഷ്ട്ര ക്രിക്കറ്റ് കരിയര്‍ അവസാനിച്ചെന്ന് ഉറപ്പായത്. നിലവില്‍ കുടുംബത്തോടൊപ്പം ലണ്ടനിലാണ് ആമിര്‍ താമസിക്കുന്നത്.

അതെസമയം 29 വയസ്സ് മാത്രമുളള ആമിര്‍ ഏഴ് വര്‍ഷം കൂടി ക്രിക്കറ്റില്‍ തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഐപിഎല്ലിലടക്കം വിവിധ ഫ്രാഞ്ചസി ലീഗുകളില്‍ പന്ത് തട്ടാനാണ് ആമിര്‍ ലക്ഷ്യമിടുന്നത്.

ആമിറിന് യുകെ പൗരത്വം അനുവദിക്കുകയാണെങ്കില്‍ ഒരുപക്ഷെ ഏതാനും വര്‍ഷങ്ങള്‍ക്കിപ്പുറം ആമിര്‍ ഇംഗ്ലണ്ട് ടീമില്‍ കളിക്കുന്ന കാലവും വിദൂരമല്ല. ഇംഗ്ലീഷ് ടീമില്‍ നിരവധി രാജ്യങ്ങളില്‍ നിന്നുളള താരളള താരങ്ങള്‍ ഇതിനോടകം തന്നെ കളിക്കുന്നുണ്ട്. ആമിറിനെ പോലുളള താരവും ഈ വഴിക്ക് നീങ്ങിയാല്‍ അത് അത്യപൂര്‍വ്വ സംഭവമാകും.

‘ഞാന്‍ ക്രിക്കറ്റ് ആസ്വദിക്കുന്നുണ്ട്. ആറ് മുതല്‍ ഏഴ് വര്‍ഷം വരെ ഇനിയും ക്രിക്കറ്റ് കളിക്കാനാണ് ആലോചിക്കുന്നത്. എന്റെ മക്കള്‍ ഇംഗ്ലണ്ടിലാണ് വളരുന്നത്, അവരുടെ വിദ്യാഭ്യാസവും അവിടെതന്നെ. ഞാന്‍ ഇനിയും ഇവിടെ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോള്‍ മറ്റു സാദ്ധ്യതകളെ കുറിച്ചും അവസരങ്ങളെക്കുറിച്ചും ഞാന്‍ ചിന്തിച്ചിട്ടില്ല’ ആമിര്‍ പറഞ്ഞു.

2009ല്‍ 17-ാം വയസിലാണ് ആമിര്‍ പാക് ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇടയ്ക്ക് ഒത്തുകളി വിവാദത്തില്‍പ്പെട്ട് അഞ്ചു വര്‍ഷത്തോളം വിലക്ക് ലഭിക്കുകയും ചെയ്തു. പാകിസ്ഥാനായി 61 ഏകദിനങ്ങളില്‍നിന്ന് 81 വിക്കറ്റും 50 ടി20 മത്സരങ്ങളില്‍ നിന്ന് 59 വിക്കറ്റും 36 ടെസ്റ്റുകളില്‍ നിന്ന് 119 വിക്കറ്റുകളും ആമിര്‍ നേടിയിട്ടുണ്ട്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് 28ാം വയസില്‍ ആമിര്‍ കളി മതിയാക്കുകയായിരുന്നു.