അവന് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ക്ക് മേല്‍ ഒരു മേധാവിത്വം ഉണ്ട്, ആ പന്തുകള്‍ ഇന്ത്യയ്ക്കാര്‍ക്ക് പേടിയാണ്

കെ നന്ദകുമാര്‍ പിള്ള

ഇംഗ്ലണ്ട് വളരെ കൃത്യമായ ആസൂത്രണം നടത്തിയാണ് ഇപ്രാവശ്യം ഇന്ത്യയില്‍ വന്നിരിക്കുന്നത് എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഈ ടെസ്റ്റില്‍ മൊയീന്‍ അലിയെ ടീമില്‍ എടുത്തത്. ആദ്യ ദിനം രാവിലെ ഇംഗ്ലണ്ട് ടീം അനൗണ്‍സ് ചെയ്തപ്പോള്‍ ഈ ഒരു പേരാണ് എന്നെ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തിയത്.

കാരണം ആ മനുഷ്യന് ഇന്ത്യന്‍ ടീമിനെതിരെ കളിക്കുമ്പോള്‍ ഒരു പ്രത്യേക ഊര്‍ജ്ജമാണ്. 2014 ല്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍, ഇംഗ്ലണ്ട് ടീമില്‍ കളിച്ചിട്ടുള്ള മിക്കവാറും ഏഷ്യന്‍ വംശജരെ പോലെ ( നാസര്‍ ഹുസൈന്‍, റാം പ്രകാശ് അങ്ങനെ ചുരുക്കം പേര്‍ ഒഴിച്ച്) കുറച്ചു നാള്‍ കഴിയുമ്പോള്‍ ടീമിന് പുറത്താകും എന്നാണ് ഞാന്‍ കരുതിയത്. പക്ഷെ മൊയീന്‍ അതുക്കും മേലെയാണ്.

ഇന്ന് കൊഹ്‌ലിയെയും രഹാനെയും പുറത്താക്കിയ പന്തുകള്‍ മതി മോയിന്റെ ക്ലാസ് അറിയാന്‍. ടിപ്പിക്കല്‍ ഓഫ് സ്പിന്നേഴ്‌സ് ഡെലിവറി. ഓഫ് സ്റ്റമ്പ് ലൈനില്‍ അല്ലെങ്കില്‍ അതിനു തൊട്ടു പുറത്തു കുത്തിയ പന്തിയ വില്ലു പോലെ വളഞ്ഞ് അകത്തേക്ക് കയറി സ്റ്റമ്പും കൊണ്ട് പോയി. കോഹ്ലിയുടെ സ്റ്റമ്പ് തെറിക്കുന്നത് അത്യധികം വേദനയോടെയാണ് കണ്ടിരുന്നത് എങ്കിലും മോയിന്‍ എന്ന കളിക്കാരനെ അംഗീകരിക്കാതിരിക്കാന്‍ മനസ് അനുവദിക്കുന്നില്ല.

തീര്‍ച്ചയായും മൊയീന്‍ അലിക്ക് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ മേല്‍ മാനസികമായ ഒരു മേധാവിത്തം ഉണ്ട്. മാത്രമല്ല ഇന്ത്യക്കാര്‍ അദ്ദേഹത്തിന്റെ പന്തുകള്‍ കളിക്കുന്നത് പേടിയോടു കൂടിയാണ് താനും.

ടെസ്റ്റില്‍ കൊഹ്ലിയെ നാലാം തവണയും രഹാനയെ ആറാം തവണയുമാണ് മോയിന്‍ പുറത്താക്കുന്നത്. ഇത് ഇന്ത്യക്കെതിരെ മോയിന്‍ കളിക്കുന്ന പതിമൂന്നാമത്തെ ടെസ്റ്റ് ആണ്. ഈ ടെസ്റ്റിലേത് അടക്കം ഇതുവരെയായി 33 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 2014 ല്‍ റോസ് ബൗളില്‍ നേടിയ 6 / 67 ആണ് മികച്ച പ്രകടനം. കൂടാതെ രണ്ടു സെഞ്ചുറികളും രണ്ടു അര്‍ദ്ധ സെഞ്ചുറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

അദ്ദേഹം ഇനിയും നല്ല നല്ല പ്രകടനങ്ങള്‍ നടത്തട്ടെ. വിക്കറ്റുകള്‍ വീഴ്ത്തട്ടെ, റണ്‍സുകള്‍ അടിച്ചു കൂട്ടട്ടെ. പക്ഷെ അത് ഇന്ത്യക്കെതിരെ ആവരുത് എന്നൊരു ആഗ്രഹം മാത്രമേയുള്ളു.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like