റോണോ ഇല്ലെങ്കിലും കിരീടം നേടുമെന്ന് ബോധ്യമുണ്ടായിരുന്നു, തുറന്ന് പറഞ്ഞ് മോഡ്രിച്ച്

Image 3
FeaturedFootball

സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറിയത് വലിയ ആഘാതമായെങ്കിലും റയല്‍ മാന്‍ഡ്രിഡിന് എപ്പോഴും ജയിക്കണമെന്നുള്ള മനോഭാവം നഷ്ടപെടില്ലെന്നു തങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നെന്ന് മധ്യനിരതാരവും മുന്‍ ബാലണ്‍ഡിയോര്‍ ജേതാവുമായ ലുക്കാ മോഡ്രിച്. കൂടാതെ റയല്‍ മാഡ്രിലുണ്ടായിരുന്ന കാലമത്രയും റൊണാള്‍ഡോ ക്ലബിന്റെ ഏറ്റവും പ്രധാനപ്പെട്ട താരം തന്നെയായിരുന്നുവെന്നും മോഡ്രിച് അംഗീകരിക്കുന്നു.

റയല്‍ മാഡ്രിഡിന് റൊണാള്‍ഡോ എത്രത്തോളം പ്രധാനപ്പെട്ട താരമായിരുന്നുവെന്നു ചര്‍ച്ചയുടെ ആവശ്യമില്ലാതെ തന്നെ എല്ലാര്‍ക്കും അറിയുന്ന കാര്യമാണെന്നു മോഡ്രിച് പറയുന്നു. എന്നാല്‍ അദ്ദേഹമുള്ളപ്പോള്‍ നേടിയ വിജയങ്ങള്‍ പോയതിനു ശേഷം നേടാനാകില്ലെന്ന ചിന്ത ഞങ്ങളിലില്ലായിരുന്നുവെന്നും അദ്ദേഹമില്ലെങ്കിലും വിജയങ്ങള്‍ തുടരുമെന്നുള്ള പൂര്‍ണബോധ്യമുണ്ടായിരുന്നുവെന്നും മോഡ്രിച് കൂട്ടിചേര്‍ത്തു.

‘ഞങ്ങള്‍ കൊറോണ കാരണം വീട്ടിലിരുന്ന സമയത്തും നന്നായി ട്രെയിനിങ് ചെയ്തിരുന്നു. സഹതാരങ്ങളുമായി ബന്ധപ്പെട്ടപ്പോള്‍ അവരും കൂടുതല്‍ ആവേശത്തോടെ വിജയത്തിനു വേണ്ടി പരിശ്രമിക്കുകയാണെന്നു അറിയാന്‍ കഴിഞ്ഞു. ഈ മഹാവ്യാധി ഞങ്ങള്‍ക്ക് പുതിയ അനുഭവമായിരുന്നുവെങ്കിലും ഞങ്ങള്‍ക്ക് ഫുട്‌ബോളിലേക്ക് തന്നെ തിരിച്ചു വരാന്‍ ആഗ്രഹിച്ചിരുന്നു. തിരിച്ചുവന്നതോടെ സഹതാരങ്ങളുമായി മുമ്പത്തേതിനേക്കാള്‍ ഒത്തിണക്കം അനുഭവപ്പെട്ടു. വീണ്ടും ഒത്തുചേരാന്‍ കഴിഞ്ഞത് ഞങ്ങള്‍ ആസ്വദിക്കുകയായിരുന്നു.’ മോഡ്രിച് ക്രൊയേഷ്യന്‍ മാധ്യമത്തോട് പറഞ്ഞു.

വര്‍ഷം മുഴുവനും മികച്ച രീതിയില്‍ കളിക്കുന്നതിന് തങ്ങള്‍ക്ക് സാധിച്ചുവെന്നും പ്രത്യേകിച്ചും ലാലിഗ പുനരാരംഭിച്ചതിനുശേഷമുള്ള മത്സരങ്ങള്‍ റയല്‍ മാഡ്രിഡിന്റെ പോരാട്ടവീര്യത്തെ ഉയര്‍ത്തുന്നതായിരുന്നുവെന്നും മോഡ്രിച് കൂട്ടിചേര്‍ത്തു. പരിശീലിപ്പിക്കുന്നതിലും താരങ്ങളെ ഒത്തൊരുമിച്ചു കൊണ്ടുവന്നതിലുമുള്ള സിനദിന്‍ സിദാന്റെ പ്രഗല്‍ഭ്യത്തെ പുകഴ്ത്താനും മോഡ്രിച് മടി കാണിച്ചില്ല.