മോഡ്രിച്ചിനെ നിലനിർത്തി റയൽ മാഡ്രിഡ്‌, റാമോസിനെ തഴയുമോ?

റയൽ മാഡ്രിഡിനു വേണ്ടി മികച്ച പ്രകടനം തുടരുന്ന ബാലൺ ഡിയോർ ജേതാവായ ലൂക്കാ മോഡ്രിച്ചിന്റെ സേവനം ഒരു വർഷത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ് റയൽ മാഡ്രിഡ്‌. റയൽ മാഡ്രിഡിന്റെ മധ്യനിരയിൽ മികച്ച പ്രകടനം നടത്തുന്ന മോഡ്രിച്ചിനെ നിലനിർത്താനുള്ള സിദാന്റെ ആവശ്യം പെരെസ് നടത്തിക്കൊടുക്കുകയായിരുന്നു. എന്നാൽ കരാർ തീരാനിരിക്കുന്ന ക്യാപ്റ്റൻ സെർജിയോ റാമോസിന്റെ കാര്യത്തിൽ ഇതുവരെയും ഒരു തീരുമാനത്തിലെത്തിയിട്ടില്ലെന്നതാണ് ആരാധകരെ കൂടുതൽ വാചാലരാക്കുന്നത്.

റയൽ മാഡ്രിഡിന്റെ പ്രതിരോധനിരയെ സന്തുലിതമാക്കി നിർത്തുന്നതിൽ ക്യാപ്റ്റൻ സെർജിയോ റാമോസിന്റെ പാടവം വളരെ മികച്ചതാണ്. എന്നാൽ 34കാരൻ റാമോസിന്റെ കരാർ പുതുക്കുന്നതിനെപ്പറ്റി ഫ്ലോരെന്റിനോ പെരെസുമായി ചർച്ചകൾ നടന്നിരുന്നുവെങ്കിലും ഒരു നീക്കുപോക്കുമുണ്ടാകാത്ത സാഹചര്യമാണുള്ളത്. പ്രായമായ താരങ്ങൾക്ക് ഒരു വർഷത്തേക്ക് മാത്രം കരാർ പുതുക്കുന്ന പോളിസിയാണ് റയൽ മാഡ്രിഡിന്റേത്.

എന്നാൽ നിലവിലെ ശമ്പളത്തിൽ മാറ്റമില്ലാതെ രണ്ടു വർഷത്തേക്ക് കരാർ പുതുക്കണമെന്നാണ് റാമോസിന്റെ ആവശ്യം. കോവിഡ് മൂലം ഈ വർഷത്തെ ബഡ്ജറ്റ് പ്രഖ്യാപിച്ച റയൽ മാഡ്രിഡിനു സ്റ്റേഡിയത്തിന്റെ നവീകരണവും വലിയ തലവേദന സൃഷ്ടിക്കുന്ന മറ്റൊരു സാഹചര്യമാണ്. ഒപ്പം പ്രധാന താരങ്ങളുടെ കരാർ പുതുക്കലും റയൽ മാഡ്രിഡിനു മുന്നിലെ വലിയ കടമ്പയായി തുടരുകയാണ്.

റാമോസിനൊപ്പം യുവതാരം ലൂക്കാസ് വാസ്കസിന്റെയും കരാർ ഈ സീസണവസാനം അവസാനിക്കാനിരിക്കുകയാണ്. റയൽ മാഡ്രിഡിനായി ഈ സീസണിൽ മികച്ച പ്രകടനം തുടരുന്ന താരത്തിനു എല്ലാ മത്സരങ്ങളിലും സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം ലഭിക്കുകയും ചെയ്തിട്ടുണ്ട്. 2019ൽ താരത്തിനു ഒരു ഓഫർ മുന്നോട്ടുവെച്ചിരുന്നുവെങ്കിലും മറ്റു കാരണങ്ങളാൽ മുടങ്ങിപ്പോവുകയായിരുന്നു. മോഡ്രിച്ചിന്റെ കാര്യത്തിൽ തീരുമാനമായെങ്കിലും പ്രധാനതാരങ്ങളായ റാമോസിന്റെയും വാസ്കസിന്റെയും കരാറുകളാണ് ഇനിയും തീരുമാനമാകാത്ത സാഹചര്യമുള്ളത്.

You Might Also Like