അത് ചെയ്യാൻ ഞങ്ങളല്ലാതെ മറ്റാര്? ഇന്ത്യക്ക് മാർഷിന്റെ വലിയ മുന്നറിയിപ്പ്

Image 3
CricketWorldcup

അഫ്ഗാനിസ്ഥാനോടേറ്റ തോൽവിക്ക് ശേഷം ടീം പുറത്താകൽ ഭീഷണി നേരിടുന്നതിനിടെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷ് ഇന്ത്യൻ ടീമിന് വലിയ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. 2021 ലെ ടി20 ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയക്ക് സെമിഫൈനലിലേക്ക് കടക്കണമെങ്കിൽ കിരീട സാധ്യതയുള്ള ഇന്ത്യക്കെതിരെ വിജയം അനിവാര്യമാണ്.

സൂപ്പർ എട്ട് മത്സരത്തിൽ റാഷിദ് ഖാനും സംഘവും ചേർന്ന് ഓസ്ട്രേലിയയെ ഞെട്ടിക്കുന്ന തോൽവിയിലേക്ക് തള്ളിയിട്ടതിനെ തുടർന്നാണ് ഓസീസിന്റെ സെമി സാധ്യതകൾക്ക് മങ്ങലേറ്റത്. 149 റൺസ് എന്ന താരതമ്യേന ചെറിയ വിജയ ലക്ഷ്യം കിംഗ്‌സ്റ്റണിലെ ബുദ്ധിമുട്ടുള്ള പ്രതലത്തിൽ പിന്തുടരുന്നതിൽ ഓസീസ് പരാജയപ്പെട്ടു. 2023ലെ ഏകദിന ലോകകപ്പിൽ ഓസ്‌ട്രേലിയയോട് നേരിട്ട തോൽവിക്ക് പ്രതികാരം ചെയ്യാനുറച്ച് അഫ്ഗാൻ താരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ഓസീസിന് മറുപടി ഉണ്ടായിരുന്നില്ല. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ അഫ്ഗാൻ താരങ്ങൾ മനോധൈര്യം കൈവിടാതെ, ഏകദിനത്തിലെ താരം ഗ്ലെൻ മാക്‌സ്‌വെല്ലിനെ 59 റൺസിന് പുറത്താക്കി, ഇത് മത്സരത്തിന്റെ ഗതി മാറ്റി.

അതേസമയം, തങ്ങളെ ആരും എഴുതിത്തള്ളേണ്ടെന്നും, എന്തു വില കൊടുത്തും ഇന്ത്യയെ തോൽപ്പിക്കുമെന്നും ഓസീസ് ക്യാപ്റ്റൻ മിച്ചൽ മാർഷ് മുന്നറിയിപ്പ് നൽകി.

“വിജയം മാത്രമേ ഞങ്ങൾക്കു പോംവഴിയുള്ളൂ.. ഇന്ത്യക്കെതിരെ കൂടിയാവുമ്പോൾ വലിയ കടമ്പയാണ്. ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കും. ഇത്തരമൊരു സാഹചര്യം മറികടക്കാൻ ഞങ്ങളെക്കാൾ മികവ് മറ്റാർക്കാനുള്ളത്,” മാർഷ് മത്സരശേഷം പറഞ്ഞു.
“അവർ 20 റൺസ് അധികം നേടി. സത്യം പറഞ്ഞാൽ, അവർ ശരിക്കും നല്ല ക്രിക്കറ്റ് കളിച്ചു. ഇന്ന് രാത്രി ഞങ്ങൾ പരാജയപ്പെട്ടു,” ഇതായിരുന്നു തോൽവിയെക്കുറിച്ച് മാർഷിൻറെ പ്രതികരണം.

കഴിഞ്ഞ മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്ക് അഫ്‌ഗാനിസ്ഥാനെ തോൽപ്പിച്ചു സെമിയിലെത്താൻ സുവർണാവസരമായിരുന്നു. എന്നാൽ അഫ്‌ഗാനിസ്ഥാന്റെ ചരിത്ര വിജയത്തോടെ ഗ്രൂപ്പ് 1 ൽ നിന്ന് ഒരു ടീമും ഔദ്യോഗികമായി സെമി ഫൈനലിലേക്ക് യോഗ്യത നേടിയിട്ടില്ല എന്ന അവസ്ഥയിൽ ഗ്രൂപ്പ് എത്തിനിൽക്കുന്നു. ഇന്ത്യക്ക് മാത്രമാണ് വ്യക്തമായ മുൻതൂക്കമെങ്കിലും അവകാശപ്പെടാനുള്ളത്. ലഭ്യമായ രണ്ടാമത്തെ സ്ഥാനത്തിനായി ഓസ്ട്രേലിയയും അഫ്ഗാനിസ്ഥാനും തമ്മിൽ ഇനി കടുത്ത മത്സരം തന്നെ നടക്കും. രണ്ട് മത്സരങ്ങളിലും തോറ്റ ബംഗ്ലാദേശ് ഏതായാലും ടൂർണമെന്റിൽ നിന്ന് പുറത്തായിക്കഴിഞ്ഞു.

ഗ്രൂപ്പിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ

ഇന്ത്യ vs ഓസ്‌ട്രേലിയ (8 pm IST, ജൂൺ 24),
അഫ്‌ഗാനിസ്ഥാൻ vs ബംഗ്ലാദേശ് (6 am IST, ജൂൺ 25)

ടൂർണമെന്റിന്റെ അവസാന നാലിലേക്ക് ഏതൊക്കെ ടീമുകൾ മുന്നേറുമെന്ന് ഈ മത്സരങ്ങൾ തീരുമാനിക്കും.

നിലവിലെ ഗ്രൂപ്പ് 1 സ്റ്റാൻഡിംഗ്സ്

ഇന്ത്യ: 2 മത്സരങ്ങൾ – 2 വിജയങ്ങൾ | 4 പോയിന്റ് | NRR +2.425
ഓസ്‌ട്രേലിയ: 2 മത്സരങ്ങൾ | 1 വിജയം | 1 തോൽവി | 2 പോയിന്റ് | NRR +0.223
അഫ്‌ഗാനിസ്ഥാൻ: 2 മത്സരങ്ങൾ | 1 വിജയം | 1 തോൽവി | 2 പോയിന്റ് | NRR -0.650
ബംഗ്ലാദേശ്: 2 മത്സരങ്ങൾ | 2 തോൽവികൾ | 0 പോയിന്റ് | NRR -2.489

സാധ്യമായ സാഹചര്യങ്ങൾ ഇതാ:

ഓസ്‌ട്രേലിയ ഇന്ത്യയെ തോൽപ്പിക്കുകയും അഫ്‌ഗാനിസ്ഥാൻ ബംഗ്ലാദേശിനെ തോൽപ്പിക്കുകയും ചെയ്താൽ ഓസ്ട്രേലിയ ഇന്ത്യക്കെതിരെ വിജയിക്കുകയും അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെ തോൽപ്പിക്കുകയും ചെയ്താൽ, രണ്ട് ടീമുകളും നാല് പോയിന്റിൽ എത്തും. ഇവിടെ നെറ്റ് റൺ റേറ്റ് (NRR) നിർണായകമാകും. അതത് മത്സരങ്ങളിൽ ഓസ്‌ട്രേലിയയും അഫ്‌ഗാനിസ്ഥാനും വിജയിക്കുന്നത് ഇന്ത്യയെയും നാല് പോയിന്റിൽ എത്തിക്കും. മികച്ച NRR ഉള്ള രണ്ട് ടീമുകൾ സെമിയിലേക്ക് മുന്നേറും. വലിയ മാർജിനിൽ ഇരുടീമുകൾക്കും വിജയിക്കാനായില്ലെങ്കിൽ ഇന്ത്യ പേടിക്കേണ്ടതില്ല.

ഇന്ത്യ ഓസ്‌ട്രേലിയയെ തോൽപ്പിക്കുകയും ബംഗ്ലാദേശ് അഫ്‌ഗാനിസ്ഥാനെ തോൽപ്പിക്കുകയും ചെയ്താൽ

അത്തരമൊരു സാഹചര്യത്തിൽ, ഇന്ത്യ ഗ്രൂപ്പ് ടോപ്പറായി മുന്നേറും, അതേസമയം ഓസ്‌ട്രേലിയ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവർ രണ്ട് പോയിന്റിൽ തുല്യരായിരിക്കും. മികച്ച NRR ഉള്ള ടീം ഇന്ത്യയ്‌ക്കൊപ്പം സെമിയിലേക്ക് മുന്നേറും.

ഓസ്‌ട്രേലിയ ഇന്ത്യയെ തോൽപ്പിക്കുകയും ബംഗ്ലാദേശ് അഫ്‌ഗാനിസ്ഥാനെ തോൽപ്പിക്കുകയും ചെയ്താൽ

ഈ രണ്ട് ഫലങ്ങളും അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയും ടൂർണമെന്റിൽ നിന്ന് പുറത്താക്കും, ഇന്ത്യയും ഓസ്‌ട്രേലിയയും സെമിയിലേക്ക് പ്രവേശിക്കുന്ന രണ്ട് ടീമുകളായി അവശേഷിക്കും. ഇന്ത്യയും ഓസ്‌ട്രേലിയയും നാല് വീതം പോയിന്റുമായി ഫിനിഷ് ചെയ്യുന്നതിനാൽ, ഈ സാഹചര്യത്തിൽ ഗ്രൂപ്പ് ടോപ്പറെ NRR തീരുമാനിക്കും.

ഇന്ത്യ ഓസ്‌ട്രേലിയയെ തോൽപ്പിക്കുകയും അഫ്‌ഗാനിസ്ഥാൻ ബംഗ്ലാദേശിനെ തോൽപ്പിക്കുകയും ചെയ്താൽ

ഈ സാഹചര്യത്തിൽ അഫ്ഗാനിസ്ഥാൻ നാല് പോയിന്റുമായി ഗ്രൂപ്പിലെ വ്യക്തമായ രണ്ടാം സ്ഥാനക്കാരായി ഗ്രൂപ്പ് ടോപ്പർ ഇന്ത്യയ്‌ക്കൊപ്പം സെമിയിലേക്ക് മുന്നേറും. ഓസ്‌ട്രേലിയ രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി ടൂർണമെന്റിൽ നിന്ന് പുറത്താകും.

ഇന്ത്യ vs ഓസ്‌ട്രേലിയ മത്സരം മഴ മൂലം ഉപേക്ഷിച്ചാൽ

ഈ സാഹചര്യത്തിൽ, ഓസ്‌ട്രേലിയയ്ക്ക് മൂന്ന് പോയിന്റ്. അഫ്ഗാനിസ്ഥാൻ vs ബംഗ്ലാദേശ് മത്സരം മഴ മൂലം ഉപേക്ഷിക്കുകയോ, അല്ലെങ്കിൽ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ തോൽപ്പിക്കുകയോ ചെയ്‌താൽ ഓസ്ട്രേലിയ മുന്നേറും. ഇന്ത്യ ഗ്രൂപ്പ് ടോപ്പറായി സെമിയിലെത്തും.

അഫ്‌ഗാനിസ്ഥാൻ vs ബംഗ്ലാദേശ് മത്സരം ഉപേക്ഷിച്ചാൽ

അത് അഫ്ഗാനിസ്ഥാനെ മൂന്ന് പോയിന്റിൽ നിർത്തും, അതായത് സെമി ഫൈനലിലേക്ക് മുന്നേറാൻ ഓസ്‌ട്രേലിയ ഇന്ത്യയെ ഏത് മാർജിനിലും തോൽപ്പിച്ചാലും മതിയാകും. ഓസ്‌ട്രേലിയ തോറ്റാൽ, അവർക്ക് രണ്ട് പോയിന്റ് മാത്രമേ ഉണ്ടാകൂ, അഫ്ഗാനിസ്ഥാൻ യോഗ്യത നേടും.

രണ്ട് മത്സരങ്ങളും ഉപേക്ഷിച്ചാൽ

അത് ഓസ്‌ട്രേലിയയെയും അഫ്‌ഗാനിസ്ഥാനെയും മൂന്ന് പോയിന്റിൽ ഒപ്പത്തിനൊപ്പം നിർത്തും. NRR അടിസ്ഥാനമാക്കി ഓസീസ് ഗ്രൂപ്പ് 1 ൽ രണ്ടാം സ്ഥാനക്കാരായി സെമിയിലേക്ക് മുന്നേറും.