ഫൈനലില്‍ ഇന്ത്യയ്ക്ക് പിന്തുണ നല്‍കി, കിവീസിനോട് മാപ്പ് ചോദിച്ച് ഓസീസ് നായകന്‍
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡ് തോല്‍ക്കുമെന്ന് പ്രവചനം നടത്തിയതില്‍ ക്ഷമ ചോദിച്ച് ഓസീസ് ടെസ്റ്റ് ക്യാപ്റ്റന്‍ ടിം പെയ്ന്‍. ഇന്ത്യ അവരുടെ മികവിന്റെ ചെറിയൊരു അംശം കണ്ടെത്തിയാല്‍ പോലും ന്യൂസിലാന്‍ഡിനെ അനായാസം തോല്‍പ്പിക്കുമെന്നായിരുന്നു പെയ്‌നിന്റെ പ്രവചനം.
എല്ലാവര്‍ക്കും തെറ്റ് പറ്റും. കിവീസ് ആരാധകരില്‍ നിന്ന് എനിക്ക് കുറച്ചേറെ നേരിടേണ്ടി വന്നിരിക്കുന്നു. വിശിഷ്ടമായ കളിയാണ് ന്യൂസിലാന്‍ഡില്‍ നിന്ന് വന്നത്. അവര്‍ മുന്‍പോട്ട് പോകുന്ന വിധം സന്തോഷിപ്പിക്കുന്നതാണ്. ഒരു ചെറിയ രാജ്യമാണ് ന്യൂസിലാന്‍ഡ്. ഞാന്‍ താന്‍സാനിയയില്‍ നിന്നാണ് വരുന്നത്. ചെറിയ സംസ്ഥാനമാണ് അത്. അതിനാല്‍ തന്നെ രാജ്യാന്തര വേദിയില്‍ ന്യൂസിലാന്‍ഡ് കൈവരിക്കുന്ന നേട്ടങ്ങളെ ഞാന്‍ ഏറെ ബഹുമാനിക്കുന്നു, പെയ്ന്‍ പറഞ്ഞു.
എട്ട് വിക്കറ്റിനാണ് ഇന്ത്യയെ തോല്‍പ്പിച്ച് ന്യൂസിലാന്‍ഡ് കിരീടം നേടിയത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയെ 217 റണ്‍സിനും രണ്ടാമത്തേതില്‍ 170 റണ്‍സിനും ന്യൂസിലാന്‍ഡ് പുറത്താക്കി. തന്റെ എട്ടാമത്തെ ടെസ്റ്റ് മാത്രം കളിക്കുന്ന ജാമിസണ്‍ ആദ്യ ഇന്നിങ്‌സില്‍ 5 വിക്കറ്റ് നേട്ടം കൊയ്ത് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ വിറപ്പിച്ചു.
രണ്ടാം ഇന്നിങ്‌സില്‍ സൗത്തിയും ട്രെന്റ് ബോള്‍ട്ടും ചേര്‍ന്ന് ഏഴ് ഇന്ത്യന്‍ വിക്കറ്റുകളാണ് വീഴ്ത്തിയത്. 139 റണ്‍സ് വിജയ ലക്ഷ്യമായി മുന്‍പിലെത്തിയപ്പോള്‍ ടെയ്‌ലറിന്റേയും വില്യംസണിന്റേയും ബാറ്റിങ് ബലത്തില്‍ മറ്റ് അപകടങ്ങളിലേക്ക് വീഴാതെ ന്യൂസിലാന്‍ഡ് ജയിച്ചു കയറി.