അപ്രതീക്ഷിതം, മിലോസ് ഡ്രിഞ്ചിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് വിടാൻ സാധ്യത

Image 3
ISL

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോണ്ടിനെഗ്രോ പ്രതിരോധതാരമായ മീലൊസ് ഡ്രിഞ്ചിച്ച് അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ സീസണിന് മുന്നോടിയായി ടീമിലെത്തിയ ഇരുപത്തിയഞ്ചുകാരനായ താരം ടീമിന്റെ പ്രതിരോധത്തിലെ ഏറ്റവും പ്രധാനിയായിരുന്നു. താരം തുടരുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിതമായ റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം മീലൊസ് ടീം വിടാനുള്ള സാധ്യത വളരെ കൂടുതലാണ്. താരത്തിന്റെ സ്വന്തം തീരുമാനപ്രകാരമാണോ അതോ ക്ലബ് കരാർ പുതുക്കാൻ തയ്യാറല്ലെന്ന് അറിയിച്ചതാണോ ഇതിനു കാരണമെന്ന് വ്യക്തമല്ല. സീസൺ അവസാനിക്കുന്നതിനു മുൻപ് നൽകിയ അഭിമുഖത്തിൽ മിലോസ് പറഞ്ഞത് ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരാനാണ് തനിക്ക് താത്പര്യമെന്നാണ്.

ഈ ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായ മൈക്കൽ സ്റ്റാറെയും സ്പോർട്ടിങ് ഡയറക്റ്ററായ കരോലിസും നേരിട്ട് കൂടിക്കാഴ്‌ച നടത്തുന്നുണ്ട്. ടീമിലേക്ക് എത്തിക്കേണ്ട പുതിയ താരങ്ങളെ തീരുമാനിക്കാൻ കൂടി വേണ്ടിയാണ് ഇരുവരും കണ്ടുമുട്ടിയിട്ടുള്ളത്. അവരുടെ ചർച്ചകളുടെ ഭാഗമായി മീലൊസ് തുടരേണ്ടെന്നു തീരുമാനിച്ചതാകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.

കഴിഞ്ഞ സീസണിൽ ഭേദപ്പെട്ട പ്രകടനമാണ് മിലോസ് ടീമിനായി നടത്തിയത്. രണ്ടു ഗോളുകളും താരം സ്വന്തമാക്കി. എന്നാൽ കൗണ്ടർ അറ്റാക്കിങ്ങിനെ തടയുന്നതിലുള്ള താരത്തിന്റെ പോരായ്‌മ ഒരുപാട് വിമർശനങ്ങൾ ഉണ്ടാക്കിയിരുന്നു. പുതിയ പരിശീലകന്റെ പദ്ധതികൾക്ക് താരം അനുയോജ്യനല്ലെന്നത് കൊണ്ടായിരിക്കാം ഇത്തരമൊരു തീരുമാനം ക്ലബ് എടുക്കുന്നത്.