വെറും ആറു സെക്കന്റ്‌!!സീരി എ ചരിത്രത്തിലെ വേഗതയേറിയ ഗോളുമായി എസി മിലാൻ താരം, മിലാൻ ഒന്നാം സ്ഥാനത്തു തുടരുന്നു

സീരി എ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ഗോളിനു സാക്ഷ്യം വഹിച്ചിരിക്കുകയാണ് സീരി എയിൽ ഒന്നാമതുള്ള എസി മിലാനും സസൂളോയുമായുള്ള മത്സരം. മിലാന്റെ പോർച്ചുഗീസ് താരമായ റാഫേൽ ലിയാവോയാണ് ഈ ചരിത്ര ഗോൾ കണ്ടെത്തിയിരിക്കുന്നത്. വെറും 6.2 സെക്കൻഡിലാണ് റാഫേൽ ലിയാവോക്ക് മിലാന്റെ ആദ്യ ഗോൾ കണ്ടെത്താനെടുത്ത സമയം.

മത്സരം തുടങ്ങുന്നതിനുള്ള റഫറിയുടെ വിസിൽ മുഴങ്ങിയതിനു ശേഷം മിലാൻ സൂപ്പർതാരം ചനനഗ്ലുവിന്റെ നേതൃത്വത്തിൽ മുന്നോട്ട് കുതിച്ച ആക്രമണത്തിൽ സസൂളോ പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി ചനനഗ്ലൂ തന്നെ നൽകിയ എണ്ണം പറഞ്ഞ ത്രൂ ബോൾ സ്വീകരിച്ച റാഫേൽ ലിയാവോയുടെ മുന്നേറ്റം സീരി എയിലെ തന്നെ ഏറ്റവും വേഗതയേറിയ ഗോളിൽ കലാശിക്കുകയായിരുന്നു.

ഇതോടെ പിയാകെൻസ സ്‌ട്രൈക്കറായിരുന്ന പാവോളോ പോഗി 2001ൽ ഫിയോരെന്റിനക്കെതിരെ 8.9 സെക്കന്റിനുള്ളിൽ നേടിയ ഗോളിന്റെ സീരി എ റെക്കോർഡാണ് മറികടന്നിരിക്കുന്നത്. ലിയാവോന്റെ ഗോളിനു ശേഷം അധികം വൈകാതെ തന്നെ പ്രത്യാക്രമണത്തിലൂടെ ചനനഗ്ലു വീണ്ടും ഗോൾ നേടിയെങ്കിലും ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. പിന്നീട് 26ആം മിനുട്ടിൽ സാലമെക്കേഴ്സിലൂടെ ലീഡയർത്തിയതോടെ മത്സരം മിലാന്റെ വരുതിയിലാവുകയായിരുന്നു. 89ആം മിനുട്ടിൽ ബെരാർദിയിലൂടെ സസൂളോ തിരിച്ചു വരവിനു ശ്രമിച്ചുവെങ്കിലും മിലാൻ പ്രതിരോധിക്കുകയായിരുന്നു..

ഒന്നിനെതിരെ രണ്ടു ഗോളുകളുടെ തകർപ്പൻ വിജയം സ്വന്തമാക്കിയ സ്‌റ്റെഫാനോ പയോളിയുടെ മിലാൻ സീരി എയിൽ ഒന്നാം സ്ഥാനത്തു തുടരുകയാണ്. 13 മത്സരങ്ങളിൽ നിന്നായി 31 പോയിന്റുകൾ എസി മിലാൻ നേടിയപ്പോൾ നഗരവൈരികളായ ഇന്റർ മിലാൻ 30 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 27 പോയിനന്റുമായി യുവന്റസ് മൂന്നാം സ്ഥാനത്തും 24 പോയിന്റുമായി റോമ നാലാം സ്ഥാനത്തും തുടരുകയാണ്.

You Might Also Like