മിക്കു പുതിയ ക്ലബുമായി കരാര്‍ ഒപ്പിട്ടു, ബംഗളൂരുവിന്റെ സ്വപ്‌നം പൊലിഞ്ഞു
ബംഗളൂരു എഫ് സിയുടെ സൂപ്പര്‍ താരമായിരുന്ന മിക്കു (നിക്കോളാസ് ഫ്‌ളോറസ്) ഈ സീസണിലും ഇന്ത്യയിലേക്ക് വരില്ലെന്ന് ഉറപ്പായി. സ്പാനിഷ് ക്ലബ് ഡിപ്പോര്‍ട്ടീവോ ഡെ ലാ കൊറൂനയുമായാണ് മിക്കു പുതിയ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ മാര്‍ക്കസ് മെര്‍ഗുളാനോ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ മിക്കുവിനെ ഐഎസ്എല്ലിലേക്ക് എത്തിക്കാന്‍ ബംഗളൂരു എഫ്‌സിയും മുംബൈ സിറ്റി എഫ്‌സിയും ശ്രമിച്ചിരുന്നു. എന്നാല്‍ വലിയ തുകയാണ് ഇന്ത്യയിലേക്ക് തിരികെയെത്തുന്നതിന് മിക്കു ആവശ്യപ്പെടുന്നത്. ഇതാണ് ഐഎസ്എല്‍ ക്ലുബുകള്‍ താരത്തെ കൈയൊഴിയാന്‍ പ്രേരിപ്പിച്ചത്.
സൈപ്രസ് ക്ലബായ ഒമോനിയോ എഫ്‌സിയില്‍ നിന്നാണ് മിക്കു സ്പാനിഷ് സെക്കന്‍ഡ് ഡിവിഷന്‍ ക്ലബിലേക്ക് ചേക്കേറുന്നത്. സൈപ്രസ് ക്ലബുമായുളള മിക്കുവിന്റെ കരാര്‍ കഴിഞ്ഞ മാസം അവസാനിച്ചിരുന്നു.
ബംഗളൂരുവിന് വേണ്ടി രണ്ട് സീസണുകളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് മിക്കു. 32 മത്സരങ്ങള്‍ ബംഗളൂരുവിനായി കളിച്ച മിക്കു 20 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. സൈപ്രസ് ക്ലബിനായി എട്ട് മത്സരങ്ങളാണ് മിക്കു ജെഴ്‌സി അണിഞ്ഞത്. എന്നാല്‍ ഗോളൊന്നും നേടാന്‍ താരത്തിനായില്ല.